103കാരൻ ഡിജിറ്റലായി; സ്‌മാർട്ടാക്കിയത് 73കാരൻ മകൻ

ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Sep 25, 2025, 07:15 AM | 1 min read
വെഞ്ഞാറമൂട്: നൂറ്റിമൂന്ന് വയസ്സായ കരുണാകര പണിക്കർ ഇപ്പോൾ ‘ഡിജിറ്റലാ’ണ്. പെൻഷൻ വന്നോയെന്നറിയാനും പ്രിയപ്പെട്ടവരെ വീഡിയോകോൾ ചെയ്യാനും ഇഷ്ടമുള്ള പാട്ടുകൾ ഫോണിൽ കേൾക്കാനുമെല്ലാം അറിയുന്ന ‘സ്മാർട്ട്' സിറ്റിസൺ. അദ്ദേഹത്തിന് ഡിജിറ്റൽ പാഠങ്ങളുടെ ആദ്യക്ഷരങ്ങൾ പകർന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഡിജിറ്റൽ സാധ്യതകൾ അറിഞ്ഞും പഠിച്ചും ജീവിതം കൂടുതൽ സ്‌മാർട്ടാക്കിയ അനുഭവസാക്ഷ്യം പങ്കുവയ്‌ക്കുകയാണ് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായ പുല്ലമ്പാറയിലെ വയ്യക്കാവ് സ്വദേശികളായ ഈ അച്ഛനും മകനും.
വിളികൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. കർഷകനായ അദ്ദേഹത്തിന് ഇതിന് വഴിതുറന്നതാകട്ടെ പഞ്ചായത്തിന്റെ ഡിജി പുല്ലമ്പാറ പദ്ധതിയും. ദിവസങ്ങൾക്കകംതന്നെ ഗൂഗിൾപേയും യുപിഐ ഇടപാടുകളും അദ്ദേഹം നിത്യജീവിതത്തിന്റെ ഭാഗമാക്കി. ഫെയ്‌സ്ബുക്കും വാട്സാപ്പുമെല്ലാം ഉപയോഗിച്ചു തുടങ്ങി.
എന്നാൽ ഏറ്റവും സന്തോഷം നൽകിയ കാര്യം ഫോൺ ഉപയോഗത്തെക്കുറിച്ച് അറിയാൻ അച്ഛൻ പ്രകടിപ്പിച്ച താൽപ്പര്യമാണെന്ന് രാജൻ പറയുന്നു. ‘ഇതിൽ എങ്ങനെയാണ് പൈസ പോകുന്നത്? പഴയ പാട്ടുകൾ കേൾക്കാൻ കഴിയുമോ?'– കരുണാകര പണിക്കരുടെ സംശയങ്ങൾ അനവധിയായിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരമേകി മകൻ അധ്യാപകനായി. പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ പുതിയ കാര്യങ്ങൾ 103കാരൻ അതിവേഗം പഠിച്ചെടുത്തു.
‘എന്റെ അച്ഛൻ ഇന്നും പഠിക്കുന്നു. ഞാനാണ് അദ്ദേഹത്തെ പഠിപ്പിക്കുന്നത്.'– രാജന്റെ വാക്കുകളിൽ അഭിമാനം. വളത്തിന്റെ ഉപയോഗവും പുതിയ കൃഷി രീതികളും കാലാവസ്ഥാ മാറ്റങ്ങളും തുടങ്ങി കൃഷിസംബന്ധമായ കാര്യങ്ങളറിയാനും ഇപ്പോൾ രാജൻ ആശ്രയിക്കുന്നത് സ്മാർട്ട് ഫോണിനെയാണ്. കൃഷിയിലെ പല പരീക്ഷണങ്ങൾക്കും ഇത് മുതൽക്കൂട്ടായി.
രാജ്യത്തെ ആദ്യ ഡിജിറ്റൽ ഗ്രാമം
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രാമം എന്ന നിലയിൽ ശ്രദ്ധേയമായ പുല്ലമ്പാറയിലെ ഡിജിറ്റൽ പരിഷ്‌കരണ പദ്ധതിയാണ് ഡിജി പുല്ലമ്പാറ. 3300 പേർക്കാണ് പരിശീലനം ലഭിച്ചത്. സ്മാർട്ട് ഫോൺ ഉപയോഗം, വാട്‌സാപ് കോൾ, ഫോട്ടോയും വീഡിയോയും ഡൗൺലോഡ് ചെയ്യൽ, സമൂഹ മാധ്യമങ്ങൾ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കൽ തുടങ്ങിയവയായിരുന്നു പാഠ്യവിഷയം. 2022 സെപ്തംബർ 21നാണ് ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപനം.









0 comments