യുഡിഎഫിന് അഹങ്കരിക്കാനെന്തുണ്ട്

nilambur polling
avatar
എ കെ ബാലൻ

Published on Jun 30, 2025, 12:10 AM | 3 min read

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്ന വിധിയല്ല. നിലമ്പൂരിന്റെ ചരിത്രമറിയുന്നവരാരും അങ്ങനെ വിശ്വസിക്കില്ല. കഴിഞ്ഞ 50 വർഷത്തിനിടയിൽ പൊതുതെരഞ്ഞെടുപ്പുകളിലും ഇടക്കാല തെരഞ്ഞെടുപ്പുകളിലും മിക്ക ജില്ലകളിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. 1980ലെ നിലമ്പൂർ ഇടക്കാല തെരഞ്ഞെടുപ്പ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ മുഹമ്മദും എതിർസ്ഥാനാർഥി യുഡിഎഫിലെ കോൺഗ്രസ് ഐ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും ആയിരുന്നു. ആര്യാടൻ മുഹമ്മദ് ആന്റണി കോൺഗ്രസിന്റെ നേതാവ് എന്ന നിലയിൽ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്നു. നിയമസഭാംഗമായ സി ഹരിദാസിനെ രാജിവയ്‌പ്പിച്ചാണ് ആര്യാടൻ മത്സരിച്ചത്. പ്രചാരണത്തിന്റെ പ്രധാന മേൽനോട്ടം എം വി രാഘവനും പി വി കുഞ്ഞിക്കണ്ണനുമായിരുന്നു.

"കുഞ്ഞാലി ഘാതകൻ’ എന്ന നിലയിൽ ആര്യാടനെതിരായി പൊതുവികാരം ആളിക്കത്തിയ ഘട്ടം. കുഞ്ഞാലിയുടെ ഭാര്യാസഹോദരൻ കെ ടി മുഹമ്മദിന് (പ്രസിദ്ധ നാടകകൃത്ത്) സ്ഥാനാർഥിത്വത്തിൽ ശക്തമായ അമർഷം ഉണ്ടായിരുന്നു. ഇത് കുഞ്ഞാലിയുടെ ഭാര്യയെയും സ്വാഭാവികമായി സ്വാധീനിച്ചു. സജീവമായി രംഗത്തുള്ള പല സഖാക്കളും അമർഷം രേഖപ്പെടുത്തി. ചിലർ പിന്മാറി. ഈ ഘട്ടത്തിലാണ് എം വി രാഘവനും പി വി കുഞ്ഞിക്കണ്ണനും രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ വീട് സന്ദർശിച്ച് അവരെ ആശ്വസിപ്പിക്കാനും പാർടി തീരുമാനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും എത്തുന്നത്. കെ ടി മുഹമ്മദ് സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സഹോദരിയെ ആശ്വസിപ്പിച്ചു. വോട്ടെടുപ്പ് ദിവസം അവർ രാവിലെ വോട്ട് ചെയ്തു. പിണങ്ങിനിന്ന മറ്റു സഖാക്കളും അതേപാത സ്വീകരിച്ചു. ഒരു ദിവസം ഞാൻ കെ ടി മുഹമ്മദിനെ കണ്ടു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, "പൊതുപ്രവർത്തനത്തിൽ കുഞ്ഞാലിയുടെ സ്പീഡ് ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഏറ്റെടുത്ത ചുമതല നിർവഹിക്കുന്നതിന് മറ്റാരെയും കാത്തുനിന്നില്ല’. "രക്തസാക്ഷി കുഞ്ഞാലിയുടെ ഘാതകന് വോട്ടുചെയ്യേണ്ട ഗതികേട് സിപിഐ എമ്മുകാർ ക്ഷണിച്ചുവരുത്തി’ എന്ന പ്രചാരണം എതിരാളികൾ നടത്തി. ആര്യാടൻ മുഹമ്മദ് തോൽക്കുമെന്ന പ്രതീതി മാറ്റിയെടുക്കാൻ പാർടി നേതൃത്വം അസാമാന്യ ഇടപെടൽ നടത്തി. ആര്യാടൻ ജയിച്ചു. നായനാർ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായി. പിന്നീട് കൂറുമാറി ഇന്ദിരാ കോൺഗ്രസിലേക്കു തന്നെ ആന്റണിയോടൊപ്പം തിരിച്ചുപോയി. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയുടെ മറ്റൊരു അനുഭവം. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് ഇപ്പോൾ ജയിച്ചത്. എന്നാൽ, ആര്യാടൻ മുഹമ്മദിന് ഇടതുപക്ഷം അംഗീകരിക്കുന്ന ഒരു ഗുണമുണ്ടായിരുന്നു. മുസ്ലിംലീഗിനോടും മത തീവ്രവാദ സംഘടനകളോടും അദ്ദേഹം സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ഇതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗുകാർ പട്ടിയുടെ ശരീരവും ആര്യാടന്റെ തലയുമുള്ള പോസ്റ്റർ മലപ്പുറത്തും കേരളത്തിൽ പൊതുവേയും പ്രദർശിപ്പിച്ചത്. അവർ ആര്യാടന്റെ കോലം കത്തിച്ചു.

അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തീരുമാനിച്ച ഘട്ടത്തിൽ ആര്യാടന്റെ പരാമർശം ഇതായിരുന്നു,"ഖദറിട്ട അവസാനത്തെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി’. ‘പാണക്കാട് തങ്ങന്മാർ ആധ്യാത്മിക രംഗം കൈകാര്യം ചെയ്താൽ മതി. രാഷ്ട്രീയത്തിൽ ഇറങ്ങി കോൺഗ്രസിനെ വിമർശിച്ചാൽ രാഷ്ട്രീയ നേതാവിനെ വിമർശിക്കുന്ന പോലെതന്നെ വിമർശിക്കും. തങ്ങന്മാർ വിമർശത്തിന് അതീതരല്ല’ ആര്യാടന്റെ ഈ പരാമർശം ലീഗുകാരെ പ്രകോപിതരാക്കി. ഏതാണ്ട് ഇതേ ശൈലി തന്നെയാണ് ഷൗക്കത്തും സ്വീകരിച്ചത്. അങ്ങനെയുള്ള ഒരാളുടെ പുത്രനാണ് ഇപ്പോൾ ജമാ അത്തെയുടെ സഹായത്തോടെ നിയമസഭയിൽ എത്തുന്നത്. ജമാഅത്തെ ഇസ്ലാമി ആർഎസ്എസിനെ പോലെ തന്നെ ഒരു മതരാഷ്ട്ര പ്രസ്ഥാനമാണ്. ഇന്ത്യൻ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വാസമില്ല എന്ന് അതിന്റെ നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ജമാ അത്തെയുടെ മുഖം മാറിയെന്ന് പ്രതിപക്ഷ നേതാവ് സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയത്. വടകര ലോക്‌സഭാ മണ്ഡലത്തിൽ ജമാ അത്തെ നടത്തിയ പ്രവർത്തനം എങ്ങനെയാണ് ഒരു വിഭാഗത്തെ വർഗീയചേരിയിലേക്ക് എത്തിച്ചത് എന്ന് കേരളം കണ്ടതാണ്. അതിന്റെ പുതിയ പതിപ്പായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പും ഇപ്പോൾ ആര്യാടൻ ഷൗക്കത്തിനെ നിയമസഭയിലേക്ക് എത്തിച്ചതും. ഈ വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല മിസ്റ്റർ ആര്യാടൻ ഷൗക്കത്ത്. മതരാഷ്ട്രവാദവും മതനിരപേക്ഷതയും തമ്മിലുള്ള മത്സരത്തിൽ നിരപരാധികളായ കുറച്ചു വോട്ടർമാരെ കുറച്ചുകാലം പറ്റിക്കാൻ കഴിയും. എപ്പോഴും കഴിയില്ല. നിലമ്പൂരിൽ മുമ്പ് പി വി അൻവർ ജയിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. കോൺഗ്രസിൽനിന്നും വന്ന വ്യക്തി എന്ന നിലയിൽ കുറച്ച് വോട്ടർമാരെ കോൺഗ്രസിൽനിന്നും സ്വാധീനിക്കാൻ കഴിഞ്ഞു. അങ്ങനെ 2016 ൽ വിജയിച്ചു. തുടർന്ന് പിണറായി ഗവൺമെന്റിന്റെ ഭരണനേട്ടത്തിന്റെ തണലിൽ, പ്രത്യേകിച്ച് വികസനപ്രവർത്തനത്തിൽ കോടിക്കണക്കിന് രൂപ മണ്ഡലത്തിൽ ചെലവഴിച്ചു. സ്വാഭാവികമായും ഇതിന്റെ നേട്ടം ഒരു ജനപ്രതിനിധിക്ക് ലഭിക്കും. അങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം അണിചേർന്ന് ഒരു വിഭാഗം വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞത്. ഒരർഥത്തിൽ ഭരണനേട്ടത്തിന്റെ ഒരുഭാഗം അൻവറിന് കിട്ടി. നിലമ്പൂരിന്റെ മറ്റൊരു അനുഭവം സൂചിപ്പിക്കുകയാണ്.

സഖാവ് കുഞ്ഞാലി രക്തസാക്ഷിയായി 1970 ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സി പി അബൂബക്കർ ആയിരുന്നു. ബ്രണ്ണൻകോളേജിൽ നിന്നും എം എ പാസായി കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ്‌ ആയിരിക്കുമ്പോഴാണ് സി പി അബൂബക്കർ സ്ഥാനാർഥിയാകുന്നത്. കോൺഗ്രസിന്റെ എം പി ഗംഗാധരൻ ആയിരുന്നു എതിർസ്ഥാനാർഥി. ഇപ്പോൾ സ്വരാജിനെ സ്വീകരിച്ചതുപോലെതന്നെ മണ്ഡലത്തിലെ ജനത അന്ന് സി പിയെ സ്വീകരിച്ചു. എന്നിട്ടും തോറ്റു. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കു നിയന്ത്രിക്കുന്നതിൽ ചിലപ്പോൾ നിർണായക ഘടകമാകുന്നത് നല്ല മനസ്സിന്റെ ഉടമകൾ ആകണമെന്നില്ല. എം സ്വരാജിന്റെ പരാജയത്തെ ഈ ഗണത്തിൽ പെടുത്തിയാൽ മതി. പക്ഷേ ഉയർത്തെഴുന്നേൽക്കും. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്തതിന് യൂദാസിന് കിട്ടിയ പ്രതിഫലംകൊണ്ടാണ് അക്കൽദാമ എന്ന ഭൂമി യൂദാസ് വാങ്ങിയത്. ആ ഭൂമി പിന്നീട് അറിയപ്പെട്ടത് പാപത്തിന്റെ ഭൂമിയെന്നാണ്. അവിടെ വിരിഞ്ഞ പൂക്കൾക്ക് സുഗന്ധമല്ല, ദുർഗന്ധം ആയിരുന്നു. ആ പാപഭൂമിയിൽ തലതല്ലിയാണ് യൂദാസ് മരിച്ചത്. കുറ്റബോധം കൊണ്ടുണ്ടായ യൂദാസിന്റെ അനുഭവം അൻവർ ഓർമപ്പെടുത്തുന്നു. എന്തായാലും തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുന്നു. അത് മാന്യമായ രാഷ്ട്രീയ ബോധത്തിന്റെ ഭാഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home