കാണാം ഗോത്ര വിസ്‌മയം; ‘ഗദ്ദിക’യ്ക്ക് തുടക്കം

വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം നിർവഹിക്കുന്നു
കൊച്ചി: തദ്ദേശീയ ജനവിഭാഗങ്ങളുടെ തനതുകലകളും പരമ്പരാഗത ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന ‘ഗദ്ദിക 2025’ന് തുടക്കം. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ വ്യവസായമന്ത്രി പി രാജീവ് പ്രദർശനം ഉദ്‌ഘാടനം ചെയ്തു. പട്ടികജാതി–വർഗ ക്ഷേമമന്ത്രി ഒ ആർ കേളു അധ്യക്ഷനായി.
ഗോത്ര, പിന്നാക്കവിഭാഗങ്ങളുടെ പൈതൃകമായ അറിവുകളും അനുഭവങ്ങളും കലകളും അറിയാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഗദ്ദിക. പരമ്പരാഗത ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനും കഴിയും. ഗോത്ര രുചിവൈവിധ്യങ്ങളും പരമ്പരാഗത ചികിത്സാരീതികളും അടുത്തറിയാം. സെമിനാറുകളും പരമ്പരാഗത കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
വെള്ളി വൈകിട്ട് 6.30ന് ജാസി ഗിഫ്‌റ്റിന്റെ സംഗീതവിരുന്നും രാത്രി എട്ടുമുതൽ പാരമ്പര്യ കലാരൂപങ്ങളായ മുളംചെണ്ട, എരുത്കളി, മംഗലംകളി, ഘണ്‌ഠാകർണൻ തെയ്യം എന്നിവയുമുണ്ടാകും. സെപ്‌തംബർ നാലിന് സമാപിക്കും. പകൽ 11ന് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും. പട്ടികജാതി–വർഗ പിന്നാക്കക്ഷേമ വകുപ്പുകളും കിർത്താഡ്‌സും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. മേളയിൽ പ്രവേശനം സൗജന്യമാണ്.








0 comments