ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിഥി അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിഥി അധ്യാപകരുടെ വേതനം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ അതിഥി അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവർക്ക് പ്രതിദിനം 2,200 രൂപ നിരക്കിൽ മാസം പരമാവധി 50,000 രൂപയാക്കി. യുജിസി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കിൽ മാസം പരമാവധി 45,000 രൂപയുമാണ്.
നേരത്തെ യുജിസി യോഗ്യതയുളളവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1,750 രൂപയാണ് ലഭിച്ചിരുന്നത് പ്രതിമാസം പരമാവധി 43,750 രൂപയാണ് ലഭിച്ചിരുന്നത്. അതേപ്പോലെ യുജിസി യോഗ്യത ഇല്ലാത്തവർക്ക് 1,600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40,000 രൂപയുമായിരുന്നു. 2018ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് അതിഥി അധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാരിലേക്ക് ലഭിച്ചിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കൂടാതെ നവ കേരള സദസിലും അതിഥി അധ്യാപകർ അപേക്ഷകൾ സമർപ്പിച്ചിരുന്നു.
വേതനം പരിഷ്കരിക്കരണ വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും ശുപാർശ നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അതിഥി അധ്യാപകരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.









0 comments