തമ്പാനൂർ ഹോട്ടലിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വീരണകാവ് സ്വദേശിയായ ഗായത്രിയെ (25) കൊല്ലം സ്വദേശി പ്രവീണിനാണ് കൊലപ്പെടുത്തിയത്.
2022 മാർച്ച് 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം പ്രതിയുടെ ഭാര്യ അറിഞ്ഞതോടെ ഗായത്രിയെ കൊല്ലാൻ പ്രവീൺ തീരുമാനിച്ചത്. നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ചശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് തയ്യാറായിരുന്നില്ല. എന്നാൽ ഗായത്രിയുടെ നിർബന്ധപ്രകാരം പ്രവീൺ നഗരത്തിലെ പള്ളിയിൽ വച്ച് താലിചാർത്തിയിരുന്നു. താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഗായത്രി സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടതാണ് പ്രവീണിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നത്. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പ്രവീൺ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കഴുത്തിൽ കുരുക്കിട്ടശേഷം മുറുക്കി കൊലപ്പെടുത്തിയിട്ട് പ്രവീൺ രക്ഷപ്പെടുകയായിരുന്നു.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങൾ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു.









0 comments