നല്ലത് കണ്ടാൽ പറയും: നിലപാടിൽ 
ഉറച്ച് തരൂർ

sasi tharoor
avatar
സ്വന്തം ലേഖകൻ

Published on Feb 16, 2025, 12:08 AM | 2 min read

തിരുവനന്തപുരം : കേരളത്തിലെ വ്യവസായ രംഗത്ത്‌ അതിശയിപ്പിക്കുന്ന മാറ്റമുണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്നും സംരംഭം തുടങ്ങാൻ വളരെപെട്ടെന്ന്‌ കഴിയുന്ന സ്ഥിതിയുണ്ടെന്നത്‌ നേരിട്ട്‌ അന്വേഷിച്ച്‌ മനസ്സിലാക്കിയതാണെന്നും ശശി തരൂർ. വിമർശിക്കാൻ ആർക്കും അവകാശമുണ്ട്‌, ലേഖനം പൂർണമായും വായിച്ചാൽ സംശയങ്ങൾ മാറിക്കിട്ടും. സർക്കാർ നല്ലകാര്യങ്ങൾ ചെയ്‌താൽ പിന്തുണയ്‌ക്കും. അത്തരം കാര്യങ്ങൾ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണം. രാഷ്‌ട്രീയത്തിന്‌ അതീതമായി കേരളത്തിനായി ചിന്തിക്കണം. വർഷങ്ങളായി താൻ പറയുന്ന കാര്യമാണിത്.


വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനമെഴുതിയത്. സ്റ്റാർട്ടപ്‌ സംബന്ധിച്ച ആഗോള റിപ്പോർട്ടാണ്‌ അടിസ്ഥാനം. കണക്ക്‌ ഏതെന്നറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ 28–-ാം സ്ഥാനത്തുനിന്ന്‌ കേരളം ഒന്നാമതെത്തി എന്നത്‌ ഇവിടത്തെ റിപ്പോർട്ടല്ല. ദേശീയതലത്തിലുള്ളതാണ്‌. സിപിഐ എം നൽകിയ റാങ്കിങ്‌ അല്ല. ഇവയെല്ലാം ആർക്കും ഗൂഗിളിൽ ലഭ്യമാണ്‌. നിക്ഷേപം ആകർഷിക്കാനുള്ള സംസ്ഥാന സർക്കാർ നടപടികളെയും തരൂർ അഭിനന്ദിച്ചു. എതിർപ്പ്‌ മാത്രമല്ല, തന്നെ അനുകൂലിച്ച കോൺഗ്രസ്‌ നേതാക്കളുമുണ്ട്‌. അവർ എന്നെ വിളിച്ചിരുന്നു. ഭരണപക്ഷം എന്ത് ചെയ്യുന്നതും തെറ്റാണെന്ന് കരുതരുത്. വിഷയാടിസ്ഥാനത്തിൽ കാണണം. വർഷങ്ങളായി കേരളത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. അതിൽ മാറ്റം വന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം യാഥാർഥ്യങ്ങളും പറയണം. വിദേശകാര്യങ്ങളിലും തന്റെ നിലപാട്‌ അതാണ്‌. രാജ്യതാൽപര്യം നോക്കണം.

കേരളത്തിനായി ഒന്നിക്കണം: മന്ത്രി പി രാജീവ്

തരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദങ്ങൾക്കുള്ള സന്ദർഭമാക്കരുതെന്ന് വ്യവസായമന്ത്രി പി രാജീവ്. അന്താരാഷ്ട്ര കമ്പനികളും ആഗോള പ്രശസ്‌തരായ സംരംഭകരും കേരളത്തിലെത്തുമ്പോൾ ഇവിടെ തർക്കങ്ങളാണെന്ന പ്രതീതി ഗുണകരമാവില്ല. കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനുമുന്നിലുണ്ട്. പൊതുതാൽപ്പര്യം സംരക്ഷിക്കാൻ ഒരുമിക്കണം. നിക്ഷേപകസംഗമത്തിനു മുന്നോടിയായി നടത്തിയ കോൺക്ലേവിൽ വിപ്രോയും ഭാരത് ബയോടെക്കുമാണ് കെ സ്വിഫ്റ്റ് വഴി അതിവേഗം അനുമതി ലഭിച്ച കാര്യം പങ്കുവച്ചത്. ശശി തരൂർ പ്രശംസിച്ചത് മുഖ്യമന്ത്രിയെയോ വ്യവസായവകുപ്പിനെയോ എൽഡിഎഫിനെയോ അല്ല, കേരളത്തെയാണ്‌. പ്രശംസ കേരളത്തിനാകെ അവകാശപ്പെട്ടതാണ്‌. അതിലൊരു ഭാ​ഗം പ്രതിപക്ഷത്തിനുകൂടി അവകാശപ്പെടാം. പ്രതിപക്ഷത്തുള്ളവരുടെ മണ്ഡലങ്ങളിലും ഇത്തരം വികസനങ്ങളുണ്ട്‌. അവരും മുൻകൈയെടുക്കുന്നുണ്ട്. വിഴിഞ്ഞം കോൺക്ലേവിൽ തരൂർ സജീവമായിരുന്നു. വിഴിഞ്ഞത്ത്‌ നിക്ഷേപം കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ അദ്ദേഹത്തിന്റെകൂടി പങ്കാളിത്തമുണ്ടായി. നാടിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വമാണ് തരൂർ പ്രകടിപ്പിച്ചത്–- മന്ത്രി പറഞ്ഞു.

പാർടി പരിശോധിക്കട്ടെ ‘‘- വി ഡി സതീശൻ


എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശശി തരൂർ ലേഖനം എഴുതിയതെന്ന് അറിയില്ല. തരൂർ അങ്ങനെ പറയാനുണ്ടായ സാഹചര്യം പാർടി പരിശോധിക്കട്ടെ. കേരളം വ്യവസായ സൗഹൃദമല്ല. മൂന്നര വർഷംകൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങളുണ്ടായെന്നാണ് വ്യവസായമന്ത്രി പറഞ്ഞത്. ഗൾഫിൽനിന്ന് തിരിച്ചുവരുന്നവർ തുടങ്ങിയ ബേക്കറിയും പെട്ടിക്കടകളുമൊക്കെ സംരംഭങ്ങളായി കൂട്ടരുത്.’’

കള്ളപ്രചാരണങ്ങൾക്ക്‌ 
കൃത്യമായ മറുപടി ‘‘ - എം വി ഗോവിന്ദൻ


കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷവാദം തള്ളി, നാടിന്റെ വളർച്ചയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതാണ്‌ ശശി തരൂർ എംപിയുടെ ലേഖനം. വസ്‌തുതകളവതരിപ്പിച്ച തരൂരിനെ അഭിനന്ദിക്കുന്നു. ബിസിനസ്‌ കാര്യങ്ങളിൽ ചെകുത്താന്റെ കളിസ്ഥലമാണ്‌ കേരളമെന്ന അഭിപ്രായം മാറിയതായും ഈ മേഖലയിലുണ്ടായ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണെന്നും തരൂർ പറഞ്ഞിട്ടുണ്ട്‌. സ്റ്റാർട്ടപ്പിലെ ആഗോളവളർച്ച 46 ശതമാനമാണെങ്കിൽ കേരളത്തിന്റേത്‌ 254 ശതമാനമാണെന്നതും ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്സിൽ 28–-ാം സ്ഥാനത്തുനിന്ന്‌ കേരളം ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌ അഭിമാനകരമാണെന്നും ലേഖനത്തിലുണ്ട്‌. യുഡിഎഫിന്റെ കള്ളപ്രചാരണങ്ങൾക്കുള്ള കൃത്യമായ മറുപടികൂടിയാണിത്‌’’



deshabhimani section

Related News

View More
0 comments
Sort by

Home