'എന്റെ മോന്റെ കൂടെ ജീവിച്ച് കൊതി തീര്‍ന്നില്ല'; റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്‌

reemas baby
വെബ് ഡെസ്ക്

Published on Jul 24, 2025, 02:09 PM | 2 min read

പഴയങ്ങാടി: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടി ജീവനൊടുക്കിയ റീമ ഭര്‍തൃവീട്ടില്‍ അനുഭവിച്ചത് കൊടിയ മാനസിക പീഡനം. ഭര്‍തൃമാതാവിന്‍റെയും ഭര്‍ത്താവിന്റെയും മാനസിക പീഡനം താങ്ങാന്‍ കഴിയുന്നില്ലെന്നും പിഞ്ചുമകന്റെ കൂടെ ജീവിച്ച് കൊതി തീര്‍ന്നില്ലെന്നും റീമ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മൂന്നുവയസുകാരന്‍ മകന്‍ ഋഷിബ് രാജുമായാണ് റീമ ഞായറാഴ്ച പുലർച്ചെ ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഇതേ തുടർന്ന്‌ ഗാർഹിക പീഡന നിയമപ്രകാരം പൊലീസ്‌ കേസെടുത്തു.


സംഭവത്തിന് രണ്ട് ദിവസം മുന്‍പ് റീമയെ ഭര്‍ത്താവ് കമല്‍രാജ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകനെ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു.അമ്മയുടെ വാക്കുകേട്ട് ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടുവെന്നും പോയി ചാകൂവെന്ന് പറഞ്ഞുവെന്നും റീമ കുറിക്കുന്നു. എപ്പോഴും ഭര്‍തൃമാതാവ് തന്നെ വഴക്കുപറയുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഭര്‍ത്താവുമായി തമ്മില്‍തല്ലിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.


റീമയുടെ കുറിപ്പിലേക്ക്


എന്‍റെയും മോന്‍റെയും മരണത്തിന് ഉത്തരവാദി എന്‍റെ ഭര്‍ത്താവ് കമല്‍രാജ് ടിയും അയാളുടെ അമ്മ പ്രേമയും ആണ്. എന്നും അമ്മയുടെ വാക്കുകേട്ട് എന്നെ കുറ്റപ്പെടുത്തിയും കുട്ടിയെയും എന്നെയും അവിടെ നിന്ന് ഇറക്കി വിട്ടു. ഇപ്പോള്‍ വന്നിട്ട് വീണ്ടും കുട്ടിക്ക് വേണ്ടിയും ഞങ്ങളെ ജീവിക്കാന്‍ വിടില്ലെന്ന വാശിയില്‍ ആണ്. കുട്ടിയെയും എന്നെയും തിരിഞ്ഞ് നോക്കാത്ത ഭര്‍ത്താവ് ഇപ്പോള്‍ അമ്മയുടെ വാക്കുകേട്ട് കുട്ടിക്ക് വേണ്ടി പ്രശ്നം ഉണ്ടാക്കുകയാണ്. എന്നോട് പോയി ചാകാന്‍ പറഞ്ഞു.


സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണം എന്ന വാശിമാത്രമാണ് അയാള്‍ക്ക്. സ്വന്തം ഭാര്യയെയും കുട്ടിയെയും അമ്മയുടെ വാക്കുകേട്ട് ഇറക്കി വിട്ടിട്ട് ആ കുഞ്ഞിനെ അന്വേഷിക്കാത്ത മനുഷ്യന്‍ ഇപ്പോള്‍ കുട്ടിയെ ആവശ്യപ്പെടേണ്ട കാര്യം ഇല്ല. അയാളുടെ അമ്മ, കെട്ടിപ്പോയ അന്നുതൊട്ട് എനിക്കൊരു സമാധാനവും തന്നില്ല. എപ്പോഴും വഴക്ക്പറഞ്ഞും എന്നെയും ഹസ്ബെന്‍ഡിനെയും തമ്മില്‍ തല്ലിച്ചും എപ്പോഴും ഞങ്ങളുടെ ജീവിതം ഈ അവസ്ഥയില്‍ ആക്കി. എല്ലാവരോടും നല്ലത് പറഞ്ഞ്, ‍ഞങ്ങളെ തമ്മില്‍ തല്ലിക്കുന്ന അമ്മായി അമ്മയും ഭര്‍ത്താവും ആണ് ഞങ്ങളുടെ മരണത്തിന് ഉത്തരവാദി. എല്ലാ നിയമവും ഇപ്പോള്‍ ഇവര്‍ക്ക് സപ്പോര്‍ട്ടാണ്. അതുകൊണ്ടാണല്ലോ എന്നെ പോലെയുള്ള പെണ്‍കുട്ടികളുടെ അവസ്ഥ ഇങ്ങനെയാകുന്നത്.


കൊന്നാലും ചത്താലും കുറ്റം ചുമത്തിയവരൊക്കെ പുറത്ത് സുഖജീവിതം. കുറ്റബോധം പോലുമില്ല. നിയമങ്ങള്‍ അവര്‍ക്ക് സപ്പോര്‍ട്ട്. അയാള്‍ക്ക് അമ്മയാണ് എല്ലാമെങ്കില്‍ എന്തിന് ഞങ്ങളുടെ ജീവിതം ഇല്ലാതെയാക്കുന്നു? ഞങ്ങളെ എവിടെയെങ്കിലും ജീവിക്കാന്‍ അനുവദിച്ചുകൂടേ? എനിക്ക് മോന്‍റെ കൂടെ ജീവിച്ച് മതിയായില്ല. നിങ്ങള്‍ ഞങ്ങളെ എന്തിന് ഈ അവസ്ഥയില്‍ ആക്കിയത്? നിങ്ങളെ വിശ്വസിച്ച് ജീവിച്ച എന്‍റെ ജീവിതവും മോനെയും എല്ലാം പുല്ലുവില. ഇനി ഒന്നിനുമില്ല. ഇവിടുത്തെ നിയമങ്ങള്‍ മാറാതെ ഒരു പെണ്ണിനും നീതി കിട്ടില്ല. എല്ലാവരെയും സംരക്ഷിച്ച്, ഞങ്ങളെ പോലെയുള്ളവരെ കൊലയ്ക്ക് കൊടുക്കുന്ന നിയമം.' ഇങ്ങനെയായാണ് കുറിപ്പ് അവസാനിക്കുന്നത്.


2015ലാണ് കമല്‍രാജിനെ റീമ വിവാഹം കഴിച്ചത്. ഉപദ്രവം കലശലായതോടെ മാസങ്ങൾക്ക് മുൻപ് കണ്ണപുരം പൊലീസില്‍ റീമ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജീവനക്കാരിയായ റീമ ഞായറാഴ്ചയാണ് മകനുമായി ജീവനൊടുക്കിയത്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല

മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056)



deshabhimani section

Related News

View More
0 comments
Sort by

Home