പന്നിക്കെണി മരണം: അനന്തുവിന്റെ കുടുംബത്തിന് 5 ലക്ഷം നൽകും

എടക്കര: പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വഴിക്കടവ് സ്വദേശിയായ അനന്തു മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ചുലക്ഷം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തുക വിതരണം ചെയ്യാൻ കലക്ടറെ ചുമതലപ്പെടുത്തി. ഷോക്കേറ്റ് മരണം പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് പണം അനുവദിച്ചത്. ചികിത്സയിൽ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കും.
ജൂൺ എട്ടിന് രാത്രിയാണ് പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് അനന്തു മരിച്ചത്. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അനന്തുവിനും മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കും ഷോക്കേറ്റത്. സംഭവത്തിൽ മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകനായ വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്നികളെ പിടികൂടി ഇറച്ചിയാക്കാനാണ് ഇയാൾ കെണിവച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുണ്ടായ അനന്തുവിന്റെ മരണത്തിൽ നിലമ്പൂരിൽ യുഡിഎഫ് വലിയ രാഷ്ട്രീയകോലാഹലം ഉണ്ടാക്കിയിരുന്നു.









0 comments