ബില്ലുകളില്‍ അടയിരിപ്പ്: ഗവര്‍ണര്‍ക്ക് എതിരായ ഹര്‍ജി 
പുതിയ ബെഞ്ചിലേക്ക്‌

supreme court
avatar
സ്വന്തം ലേഖകൻ

Published on Mar 26, 2025, 01:00 AM | 1 min read

ന്യൂഡൽഹി : നിയമസഭ പാസാക്കുന്ന ബില്ലുകൾ അകാരണമായി ഗവർണർ പിടിച്ചുവെയ്‌ക്കുന്നതിനെതിരെ കേരള സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി മറ്റൊരു ബെഞ്ചിലേയ്‌ക്ക്‌ മാറ്റുന്നു. ഗുരുതര വിഷയമാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്നയുടെ നിർദേശം. 
 തമിഴ്‌നാട്‌ ഗവർണർ 12 ബില്ലുകൾ പിടിച്ചുവെച്ചതിനെതിരെയുള്ള ഹർജിയിൽ വിധി പറയാനിരിക്കുന്ന ജസ്‌റ്റിസ്‌ പർദ്ദിവാലയുടെ ബെഞ്ചിലേയ്‌ക്ക്‌ കേരളത്തിന്റെ ഹർജി മാറ്റണമെന്ന്‌ വേണുഗോപാൽ അഭ്യർഥിച്ചു.


ഇത്‌ പരിഗണിക്കാമെന്നായിരുന്നു ചീഫ്‌ ജസ്‌റ്റിസിന്റെ മറുപടി. ബെഞ്ച്‌ മാറ്റാനുള്ള അപേക്ഷ ബുധനാഴ്‌ച സംസ്ഥാന സർക്കാർ നൽകും. അന്നുതന്നെ ചീഫ്‌ ജസ്‌റ്റിസ്‌ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. നിയമസഭ പാസാക്കിയ ബില്ലുകളിൽ അടയിരുന്ന അന്നത്തെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ അതിനുശേഷം രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌വിട്ടത്‌ വലിയ വിവാദമായിരുന്നു.


ഗവർണറുടെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഗവർണർ ബില്ലുകൾ രാഷ്‌ട്രപതിക്ക്‌ അയക്കുകയാണെന്നും എന്നാൽ ഒരു വർഷവും മൂന്നുമാസവും പിന്നിട്ടിട്ടും തീരുമാനമെടുത്തില്ലെന്നും  വേണുഗോപൽ ചൂണ്ടിക്കാട്ടി. തിങ്കൾ രാത്രി രണ്ടുബില്ലുകൾ രാഷ്‌ട്രപതി തിരിച്ചയച്ചുവെന്ന്‌ വിവരം ലഭിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു. 2021ലെ സർവകലാശാല ഭേഭഗതി ബിൽ 2 ( യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ടുള്ളത്), 2022 ലെ സർവകലാശാല നിയമഭേദഗതി ബിൽ (ചാൻസലർ നിയമനം) എന്നിവയാണ്‌ തിരിച്ചയച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home