ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി; താക്കോല്‍ദാനം ഇന്ന്

മാരായമുട്ടം ചുള്ളിയൂരില്‍ നിര്‍മിച്ചുനല്‍കിയ വീട്ടില്‍ ജോയിയുടെ അമ്മ മെല്‍ഗിക്കൊപ്പം മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി. ചുള്ളിയൂര്‍കോണത്തുവിളാകത്താണ് ജോയിയുടെ അമ്മയ്ക്കായി കോര്‍പറേഷനും ജില്ലാ പഞ്ചായത്തും വീടൊരുക്കിയത്. റോഡിനോട് ചേര്‍ന്ന സ്ഥലത്ത് നിര്‍മിച്ച വീട്ടില്‍ രണ്ട് മുറിയും അടുക്കളയും ഹാളുമുണ്ട്. വീടിനോട് ചേര്‍ന്ന് കിണറും നിര്‍മിച്ചു. വെള്ളിയാഴ്ച ജോയിയുടെ അമ്മ മെല്‍ഗി പുതിയ വീട്ടില്‍ താമസം ആരംഭിക്കും. മന്ത്രി എം ബി രാജേഷും മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാറും ചടങ്ങിന്റെ ഭാഗമാകും.
2024 ജൂലൈ 13നാണ് മാരായമുട്ടം സ്വദേശി ജോയി ആമയിഴഞ്ചാന്‍ തോട്ടില്‍ റെയില്‍വേ ടണലിന്റെ ഭാഗം വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ചത്. റെയില്‍വേ കരാര്‍ നൽകിയ വ്യക്തിയുടെ ജീവനക്കാരനായിരുന്നു ജോയി. ജോയി തങ്ങളുടെ ജോലിക്കാരന്‍ അല്ലെന്നായിരുന്നു റെയില്‍വേ വാദം. തുടർന്ന് സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും ജില്ലാ പഞ്ചായത്തും ആ കുടുംബത്തെ ചേർത്തുപിടിച്ചു. സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായവും നൽകി. ജോയിയും അമ്മയും താമസിച്ചിരുന്ന പഴകിയ വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ ജില്ലാ പഞ്ചായത്ത് അഞ്ച് സെന്റ് അഞ്ചുലക്ഷത്തിന് വാങ്ങി നൽകി. പ്രത്യേക അനുമതി വാങ്ങി കോര്‍പറേഷന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 26ന് മന്ത്രി എം ബി രാജേഷും മെല്‍ഗിയും ചേര്‍ന്നാണ് വീടിന് കല്ലിട്ടത്.








0 comments