വിവാഹദിവസം ധരിച്ച സ്വർണത്തിന് രേഖകളില്ലാത്തത് നീതി നിഷേധിക്കാൻ കാരണമല്ല: ഹെെക്കോടതി

കൊച്ചി : വിവാഹ സമയത്ത് വധു ധരിക്കുന്ന സ്വർണാഭരണത്തിന് രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തത് നീതി നിഷേധത്തിന് കാരണമല്ലെന്ന് ഹൈക്കോടതി. വിവാഹ സമയത്ത് പെൺകുട്ടികൾക്ക് നൽകുന്ന സ്വർണാഭരണങ്ങൾ ഭർത്താവും ഭർത്ത്യവീട്ടുകാരും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി ശ്രീലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ചൂണ്ടികാട്ടി.
ഈ സ്വർണാഭരണങ്ങൾ തൻറേതാണെന്ന് ബോധ്യപ്പെടുത്താൻ സ്ത്രീക്ക് രസീതോ മറ്റെന്തെങ്കിലും രേഖയോ ലഭ്യമല്ലാത്തതിനാൽ സ്വന്തം സ്വർണാഭരണങ്ങൾ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകുന്നു. ഈ സത്യം തിരിച്ചറിയുന്ന സന്ദർഭത്തിൽ രേഖമൂലമുള്ള തെളിവുകളുടെ അഭാവത്തിലും നീതിനൽകുകയാണ് കോടതികൾ ചെയ്യേണ്ടതെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഭർത്താവുമായി ബന്ധം പിരിഞ്ഞതിനെ തുടർന്ന് വിവാഹ സമയത്ത് തനിക്കുണ്ടായിരുന്ന സ്വർണാഭരണങ്ങളും വീട്ടു സാധനങ്ങളും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജി എറണാകുളം കുടുംബ കോടതി തള്ളിയതിനെ തുടർന്നാണ് കേസ് ഹെെക്കോടതിയിൽ എത്തുന്നത്. കളമശേരി സ്വദേശിനി നൽകിയ അപ്പീലിൽ ഭർത്ത് വീട്ടുകാർ കെെക്കലാക്കിയ 59. 5 പവൻ സ്വർണമോ അതിന്റെ മാർക്കറ്റ് വിലയോ തിരിച്ചു നൽകാനും കോടതി ഉത്തരവായി. അതേസമയം വീട്ടുപകരണങ്ങളുടെ കാര്യത്തിൽ വ്യക്തതയില്ലെന്നും അത് തിരിച്ചു നൽകേണ്ടതില്ലെന്നും നിർദേശിച്ചു.
2010 സെപ്തംബറിൽ വിവാഹിതയായ ഹർജിക്കാരിക്ക് വിവാഹസമയത്ത് വീട്ടുകാരും ബന്ധുക്കളും ചേർന്ന് 71 പവൻ സ്വർണാഭരണങ്ങൾ നൽകിയെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ, ഈ ആഭരണങ്ങൾ ഗർഭിണിയായ സമയത്ത് യുവതി തിരികെ കൊണ്ടുപോയെന്ന ഭർത്താവിൻറെ വാദം ശരിവെച്ച് കുടുംബ കോടതി നീതി നിഷേധിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർ വിട്ടു തന്നിട്ടില്ലെന്ന് തെളിയിക്കാൻ ഹർജിക്കാരിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
സ്വർണം യുവതി കൊണ്ടുപോയി എന്ന ഭർത്താവിന്റെ വാദം വിശ്വസനീയവുമല്ലെന്നും യുവതിയുടെ പിതാവ് 59.1/2 പവൻ സ്വർണം നൽകിയതിന് ജ്വല്ലറിയുടെ രേഖകളുണ്ടെന്നും ഹെെക്കോടതി കണ്ടെത്തി. ഗാർഹിക പീഡനകേസുകളും സ്ത്രീധന പീഡന കേസുകൾ വരുമ്പോഴാണ് സ്വർണാഭരണങ്ങൾ തിരികെ തരുന്നില്ലെന്ന വിവരം സ്ത്രീകൾ പറയുകയെന്നും ഇത്തരം സാഹചര്യത്തിൽ ക്രിമിനൽ കേസിലെ പോലെ വ്യക്തമായ തെളിവുകൾ ആവശ്യപ്പെടാനാവില്ലെന്ന വസ്തുത ബന്ധപ്പെട്ട കോടതികൾ മനസിലാക്കണമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.









0 comments