കുളത്തിൽ കുളിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു

ബേഡകം: കുളിക്കാനെത്തിയ മെഡിക്കൽ ഷോപ്പ് ഉടമ കുളത്തിൽ മുങ്ങി മരിച്ചു. കാഞ്ഞിരത്തിങ്കാലിലെ മാതാ മെഡിക്കൽ ഷോപ്പ് ഉടമ പള്ളത്തിങ്കാൽ സ്വദേശി ജയിംസ് പാലക്കുടി (59) ആണ് ബേഡകം തോർക്കുളം പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചത്. ഞായർ വൈകിട്ട് 4.30 ഓടെ ഭാര്യക്കും മക്കൾക്കും സുഹൃത്തിനും ഒപ്പം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു.
കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിയ ജയിംസ് പൊങ്ങി വരാതായപ്പോൾ സംശയം തോന്നി കൂടെയുള്ളവർ പരതിയെങ്കിലും കണ്ടുകിട്ടാതെ വന്നപ്പോൾ പരിസരവാസികളെ അറിയിക്കുകയായിരുന്നു. മുങ്ങി കിടന്ന ജയിംസിനെ പരിസരവാസികളായ രണ്ട് യുവാക്കൾ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ജയിംസിന് നന്നായി നീന്താൻ അറിയാമെന്നും വെള്ളത്തിനടിയിൽ ശ്വാസതടസം നേരിട്ടതും തുടർന്ന് ഹൃദയാഘാതം ഉണ്ടായതും മരണ കാരണമാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.
ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പള്ളത്തിങ്കാലിലെ ജോസിന്റെയും പെണ്ണമ്മയുടെയും മകനാണ്. ഭാര്യ: ലിസി. മക്കൾ: ബ്രിഡ്ജറ്റ് മരിയ ജയിംസ്, ജോസഫ്, കുര്യാസ്. സഹോദരങ്ങൾ: ജാൻസി, മിൻസി, സിറിയക്ക്, ജോസി.









0 comments