വിരിഞ്ഞു സ്‌നേഹപ്പൂക്കൾ; കാതോലിക്കാ ബാവായ്‌ക്ക് ഹൃദയംതൊട്ട് വരവേൽപ്പ്

പുത്തൻകുരിശ്ശിൽ നവാഭിഷിക്തനായ ശ്രേഷ്ഠ കതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവക്ക് നൽകിയ അനുമോദന ചടങ്ങിൽ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ,മന്ത്രി പി രാജീവ് , കേന്ദ്ര മന്ത്രി ജോർജ് കുര്യൻ , മാത്യൂസ് മാർ ഇവാനിയോസ് ,പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മാർ ഡാനിയൽ ക്ലീമീസ് എന്നിവർ

ജെയ്സൻ ഫ്രാൻസിസ്
Published on Mar 31, 2025, 02:17 AM | 1 min read
പുത്തൻകുരിശ് : യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ കാതോലിക്കയായി വാഴിക്കപ്പെട്ടശേഷം മടങ്ങിയെത്തിയ ജോസഫ് പ്രഥമൻ ബാവായ്‌ക്ക് സ്‌നേഹാദരവുകളോടെ വരവേൽപ്പ്. വിശ്വാസികൾ നൽകിയത് ആവേശോജ്വല സ്വീകരണത്തെയും ആശംസകളെയും ബാവാ ഹൃദയത്തോട് ചേർത്തു.
സ്ഥാനാരോഹണശുശ്രൂഷയിലും അനുമോദനസമ്മേളനത്തിലും പങ്കെടുക്കാൻ വിശ്വാസികൾ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് ഒഴുകിയെത്തി. വൈകിട്ട് അഞ്ചോടെ ബാവാ എത്തുമ്പോൾ പാത്രിയർക്കാ സെന്ററും പരിസരവും വിശ്വാസികളുടെ സാഗരമായി.
മെത്രാപോലീത്തമാരുടെ അകമ്പടിയോടെ വേദിയിലേക്ക് ബാവാ നടന്നടുത്തപ്പോൾ വിശ്വാസികൾ ജോസഫ് പ്രഥമൻ കാതോലിക്കാ ബാവാ നീണാൾ വാഴട്ടെ, മലങ്കര-അന്ത്യോഖ്യ ബന്ധം നീണാൾ വാഴട്ടെ എന്ന് ഉറക്കെവിളിച്ചു. ബാവാ അംശവടി ഉയർത്തി അവരെ സ്‌നേഹാഭിവാദ്യം ചെയ്‌തു. തുടർന്ന് സ്ഥാനാരോഹണശുശ്രൂഷ.
അനുമോദനസമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. നന്മയുടെ സന്ദേശമാണ് ക്രിസ്‌തു നൽകിയതെന്നും ഏതു മതക്കാരനായാലും മനുഷ്യസ്‌നേഹിയാകണമെന്നും മന്ത്രി പറഞ്ഞു. മാത്യൂസ് മാർ ഇവാനിയോസ് മെത്രാപോലീത്ത അധ്യക്ഷനായി. മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമിസ് മെത്രാപോലീത്ത മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സന്ദേശം വായിച്ചു.
ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്ത അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ് മാർ ബൗട്രോസ് അൽകിസിസ്, കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, മാർ റാഫേൽ തട്ടിൽ, തോമസ് മാർ തീമോത്തിയോസ് മെത്രാപോലീത്ത, ബിഷപ് സെൽവിസ്‌റ്റർ പൊന്നുമുത്തൻ, സിറിൽ മാർ ബസേലിയോസ് മെത്രാപോലീത്ത, മാർ ഔഗേൻ കുര്യാക്കോസ് മെത്രാപോലീത്ത, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഐസക് മാർ ഒസ്‌താത്തിയോസ് മെത്രാപോലീത്ത, മാത്യൂസ് ജോർജ് ചുനക്കര, കെ വി തോമസ്, എംപിമാരായ ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ പി വി ശ്രീനിജിൻ, ആന്റണി ജോൺ, അനൂപ് ജേക്കബ്, റോജി എം ജോൺ, മാത്യു കുഴൽനാടൻ എന്നിവർ സംസാരിച്ചു. അൽമായ ട്രസ്‌റ്റി തമ്പു ജോർജ് തുകലൻ നന്ദി പറഞ്ഞു. ഉച്ചയ്‌ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ബാവായ്‌ക്ക് അവിടെയും വൻ സ്വീകരണം നൽകിയിരുന്നു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പാത്രിയർക്കാ സെന്ററിലേക്ക് ആനയിച്ചത്.









0 comments