ഇ- കൊമേഴ്സ് സെയിൽസ് ഫെസ്റ്റിവലിന്റെ പേരിൽ വ്യാജൻ; ജാഗ്രത വേണമെന്ന് പൊലീസ്

cyber crime
തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഇ- കൊമേഴ്സ് വെബ്സൈറ്റുകളുടെ സെയിൽസ് ഫെസ്റ്റിവല്ലിന്റെ പേരിൽ ഓൺലൈൻ ഷോപ്പിങ് തട്ടിപ്പിന് സാധ്യതയുണ്ടെന്ന് പൊലീസ്. ഇ- കൊമേഴ്സ് വെബ്സൈറ്റുകളുടെ അതേ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്നതാണ് രീതി. ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇത്തരം തട്ടിപ്പ് സംഘങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു.
ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ വിൽപന നടത്തുന്നതായി തട്ടിപ്പുകാർ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രമുഖ സൈറ്റുകളുടെ പേരിൽ വ്യാജ പരസ്യങ്ങൾ നൽകും. യഥാർത്ഥ വെബ്സൈറ്റിനെപ്പോലെ തോന്നിക്കുന്ന ഈ വ്യാജ വെബ്സൈറ്റുകൾ സന്ദർശിച്ച് ഓർഡർ ചെയ്താൽ ഉൽപന്നങ്ങൾ നൽകാതയോ ഗുണമേന്മ ഇല്ലാത്ത സാധനങ്ങൾ നൽകിയോ കബളിപ്പിക്കും. വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിനായി വെബ്സൈറ്റ് വിലാസം പ്രത്യേകം ശ്രദ്ധിക്കണം.
വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ച് മാത്രം ഓർഡർ ചെയ്യുക. വാട്സ് ആപ്പ്, എസ്എംഎസ്, സമൂഹമാധ്യമങ്ങൾ എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിലേക്ക് പ്രവേശിക്കരുത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ എഥ്രയും വേഗം 1930 എന്ന നമ്പരിലൂടെ പൊലീസിനെ അറിയിക്കണം.









0 comments