അമ്മയിൽ പോരാട്ടം കനക്കും; ആരോപണ വിധേയർ മത്സരിക്കുന്നതിൽ ഭിന്നത

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. 125 പേരാണ് ജനറൽ ബോഡി തെരഞ്ഞെടുപ്പിനായി പത്രിക സമർപ്പിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 93 പേരുടെ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു. ഔദ്യോഗികമായ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായിട്ടില്ല. ഉടൻ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.
ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയത്. ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ജോയിന്റ് സെക്രട്ടറിയായിരുന്നു. ജോയി മാത്യു പത്രിക നൽകിയിരുന്നെങ്കിലും പേരിലുണ്ടായ പ്രശ്നത്തിൽ പത്രിക തള്ളി.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ മത്സരിക്കുന്നുണ്ട്. നടൻ ജയൻ ചേർത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നതായാണ് വിവരം. നവ്യാ നായരും തെരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ ആസ്ഥാനമായ കൊച്ചി ഓഫീസിലെത്തിയാണ് അഭിനേതാക്കൾ പത്രിക സമർപ്പിച്ചത്.
തിരഞ്ഞെടുപ്പിൽ ആരോപണ വിധേയർ മത്സരിക്കുന്നതിൽ സംഘടനിയിൽ ഭിന്നാഭിപ്രായം. ആരോപണ വിധേയർ മത്സരിക്കുന്നതിൽ തെറ്റില്ലെന്ന് നടിമാരായ അൻസിബയും, സരയുവും അഭിപ്രായപ്പെട്ടപ്പോൾ അത്തരം ആളുകൾ മാറി നിൽക്കുന്നതാണ് മര്യാദയെന്ന് നടന്മാരായ ആസിഫ് അലിയും അനൂപ് ചന്ദ്രനും പറഞ്ഞു.









0 comments