9,364 പേർകൂടി തൊഴിൽ സജ്ജരാകുന്നു; സമഗ്ര ശിക്ഷ കേരള എസ്‌ഡിസികളിൽ ജെൻ–സി തിരക്ക്


ഫെബിൻ ജോഷി
Published on Sep 25, 2025, 10:59 AM | 2 min read
ആലപ്പുഴ: ആധുനിക കൃഷി മുതൽ ക്ലൗണ്ട് കംപ്യൂട്ടിങിൽ വരെ സൗജ്യമായി പ്രായോഗിക പഠനം സാധ്യമാക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ (എസ്‌ഡിസി) തൊഴിൽ സജ്ജരാക്കുന്നത് 9,364 പേർ. ‘വിജ്ഞാന സമൂഹത്തിലൂടെ വിജ്ഞാന സമ്പദ് വ്യവസ്ഥ’ എന്ന ലക്ഷ്യത്തിനായി സാമ്പത്തിക വളർച്ചയ്‌ക്കും സാമൂഹിക വികസനത്തിനും വൈദഗ്‌ധ്യവും ഉൽപ്പാദനക്ഷമതയുമുള്ള തൊഴിൽശക്തിയെ വാർത്തെടുക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയിലാണ് കേരളത്തിന്റെ ഭാവി തൊഴിൽശക്തിയെ രൂപപ്പെടുത്തുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്‌റ്റാർസ് പദ്ധതിയിൽ 210 നൈപുണി വികസന കേന്ദ്രങ്ങളിൽ 420 ബാച്ചുകളിലായാണ് പരിശീലനം.15നും 23നും ഇടയിൽ പ്രായമുള്ളവർക്ക് കൃഷി, ടെലികോം, ഇലക്‌ട്രോണിക്‌സ്, ഓട്ടോമോട്ടീവ് ബാങ്കിങ്, ലോജിസ്‌റ്റിക്‌സ്, ആരോഗ്യം, ക്ലൗണ്ട് കംപ്യൂട്ടിങ് തുടങ്ങി 15 വ്യത്യസ്‌ത മേഖലകളിലെ 29 കോഴ്‌സുകളിലാണ് സൗജന്യപഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കുന്നത്. സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അവധി ദിവസങ്ങളിലാണ് ക്ലാസ്. ഒരു വർഷം ദൈർഘ്യം.
പുതിയ കാലത്തിന്റെ മാനവിക വിഭവശേഷി ആവശ്യങ്ങളെ പരിഗണിച്ച് നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയ്‌മിന് (എൻഎസ്‌ക്യുഎഫ്) അനുസൃതമായാണ് പാഠ്യപദ്ധതി. ദേശീയ യോഗ്യതാ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ കോഴ്സുകളിൽ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ പരിശീലന ശേഷം ലഭ്യമാക്കും. ഓരോ ബാച്ചിലും 25 പഠിതാക്കൾ വീതം 10,500 സീറ്റാണുള്ളത്. അപേക്ഷകളിൽ അക്കാദമിക് സ്കോറും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുള്ള സ്കോറും പരിഗണിച്ച് സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് പഠിതാക്കളെ തെരഞ്ഞെടുക്കുക.

ആദ്യബാച്ചിൽ 654 പേർ
2024–ൽ ആരംഭിച്ച മാതൃകാ പദ്ധതിയിൽ 14 എസ്‌ഡിസികളിലെ 28 ബാച്ചുകളിലായി 654 പഠിതാക്കൾ കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടി. ഇതിൽ 263 പേർ അതത് തൊഴിൽ മേഖലകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ്‌ഡിസികളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്. സ്റ്റാർസ് പദ്ധതിയിൽ ഓരോ കേന്ദ്രവും ഒരുക്കുന്നതിന് 21.5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഓരോ ജോബ്‌റോളിനും ലബോറട്ടറികളും വർക്ക്ഷോപ്പുകളും ഉൾപ്പെടെയുള്ള 11.5 ലക്ഷം രൂപ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനാണ്. കേന്ദ്ര–സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവരുമായി സഹകരിച്ച് പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യവസായ പരിശീലനം, ഓൺ ദ ജോബ് പരിശീലനം, എക്സ്‌പെർട്ട് ക്ലാസ്, ഇന്റേൺഷിപ്പ്, ഫീൽഡ് വിസിറ്റ് എന്നിവയും നൽകുന്നു.
ജില്ല | ബാച്ചുകൾ | പഠിതാക്കൾ |
തിരുവനന്തപുരം | 24 | 1124 |
കൊല്ലം | 13 | 614 |
പത്തനംതിട്ട | 13 | 580 |
ആലപ്പുഴ | 11 | 498 |
കോട്ടയം | 15 | 629 |
ഇടുക്കി | 12 | 551 |
എറണാകുളം | 15 | 650 |
തൃശ്ശൂർ | 19 | 882 |
പാലക്കാട് | 14 | 656 |
മലപ്പുറം | 17 | 776 |
കോഴിക്കോട് | 23 | 1113 |
വയനാട് | 7 | 312 |
കണ്ണൂർ | 13 | 388 |
കാസർകോട് | 14 | 591 |
ആകെ | 210 | 9364 |








0 comments