നിലപാട് വിശദീകരിക്കാനാണ് പോയതെന്ന് കുഫോസ് വിസി
ആർഎസ്‌എസ് സെമിനാറിൽ 4 വൈസ് ചാൻസലർമാർ

കൊച്ചി: വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം ലക്ഷ്യമിട്ട് ആർഎസ്‌എസ് കൊച്ചിയിൽ സംഘടിപ്പിച്ച ജ്ഞാനസഭയിൽ സംസ്ഥാനത്തെ നാല് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തു. കേരള, ആരോഗ്യ സർവകലാശാലകളുടെ വിസി ഡോ. മോഹനൻ കുന്നുമ്മൽ, കണ്ണൂർ സർവകലാശാല വിസി പ്രൊഫ. കെ കെ സാജു, കുഫോസ് വിസി ഡോ. എ ബിജുകുമാർ, കലിക്കറ്റ് സർവകലാശാല വിസി പ്രൊഫ. പി രവീന്ദ്രൻ എന്നിവരാണ് ആദ്യവസാനം പങ്കെടുത്തത്. മറ്റുള്ളവർ വിട്ടുനിന്നു. കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ച് പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എൻഇപി) ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പോളിസി ഡയലോഗ് ആൻഡ് ലീഡർഷിപ് കോൺക്ലേവിലാണ് വിസിമാർ പങ്കെടുത്തത്.
ഒരുകൂട്ടം വിദ്യാർഥികൾ, മറ്റു ചിലരുടെ പ്രേരണയിൽ രാഷ്ട്രീയസ്ഥാനങ്ങൾക്കുവേണ്ടി സർവകലാശാലകളിൽ തുടരുകയാണെന്ന് കോൺക്ലേവിൽ ആമുഖപ്രഭാഷണം നടത്തിയ മോഹനൻ കുന്നുമ്മൽ ആരോപിച്ചു. ഒരു കോഴ്‌സിലെയും പഠനം പൂർത്തിയാക്കാതെ വിവിധ ഡിഗ്രി കോഴ്സുകളിൽ മാറിമാറി ചേരുകയാണവരെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. തുടർന്ന് ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത് മുഖ്യ പ്രഭാഷകനായ പൊതുസഭയിലും വിസിമാർ കേൾവിക്കാരായി. എന്നാൽ, ആർഎസ്‌എസ് മേധാവി പങ്കെടുത്ത പരിപാടിയിൽ താൻ പങ്കെടുത്തില്ലെന്ന് കുഫോസ് വിസി ഡോ. എ ബിജുകുമാർ പിന്നീട് പ്രസ്‌താവനയിൽ അറിയിച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുത്ത് നിലപാട് വിശദീകരിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. പൊതുസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറായിരുന്നു അധ്യക്ഷൻ.









0 comments