അനധികൃത വിൽപ്പന: തിരുവനന്തപുരത്ത് 188 ഗ്യാസ് സിലിണ്ടർ പിടിച്ചെടുത്തു

തിരുവനന്തപുരം: പോത്തൻകോട്, പാവുക്കോണം, വാവറയമ്പലം, ബിഎസ്എൻഎൽ എക്സ്‌ചേഞ്ചിന് സമീപം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അനധികൃത വിൽപ്പന നടത്തിയ 188 ഗ്യാസ് സിലിണ്ടർ പിടിച്ചെടുത്തു. വിവിധ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടുഗ്യാസ് സിലിണ്ടറുകളാണ് ലൈസൻസ് ഇല്ലാതെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും സൂക്ഷിച്ചതായി കണ്ടെത്തിയത്. അനധികൃത വിൽപ്പനയുണ്ടെന്ന പരാതിയിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.
അനധികൃത റീഫില്ലിങ് സെന്ററുകൾ പ്രവർത്തിക്കുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സിലിണ്ടറുകൾ കലക്ടറുടെ അന്തിമ ഉത്തരവ് ലഭിക്കുന്നതുവരെ സൂക്ഷിക്കാൻ പോത്തൻകോട്ടുള്ള നിർമൽ ഗ്യാസ് ഏജൻസിയിൽ ഏൽപ്പിച്ചു. കർശന പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ബീന ഭദ്രൻ പറഞ്ഞു. ജയകുമാർ, വി ദിലീപ്, സജിത് കുമാർ, എംഎസ് രാജേഷ്, പ്രദീപ് കുമാർ, ആർ രാജീവ്, രജിത്, ജയകുമാർ, ജയകൃഷ്ണൻ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.









0 comments