പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരത്ത്
തെരുവുനായ വന്ധ്യംകരണം: പോർട്ടബിൾ എബിസി സെന്ററുകൾ വരുന്നു


റഷീദ് ആനപ്പുറം
Published on May 14, 2025, 02:42 PM | 2 min read
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അഴിച്ച് കൊണ്ട്‌പോയി ഫിറ്റ് ചെയ്യാവുന്ന പോർട്ടബിൾ എബിസി സെന്ററുകളാണ് തെരുവ് നായ വന്ധ്യംകരണത്തിനായി ആരംഭിക്കുന്നത്.
തിരുവനന്തപുരം: തെരുവുനായ വന്ധ്യംകരണം ശക്തിപ്പെടുത്താൻ മൃഗസംരക്ഷണ വകുപ്പ് പോർട്ടബിൾ എബിസി സെന്ററുകൾ ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ സെന്റർ. നിലവിൽ 15 സ്ഥിരം എബിസി സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിനുള്ളത്. കണിച്ചുകുളങ്ങര, വർക്കല ചെമ്മരുതി എന്നിവിടങ്ങളിൽ പുതിയ എബിസി സെന്റർ നിർമാണത്തിലാണ്. അഞ്ച് പുതിയ സെന്ററുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. എന്നാൽ തെരുവ് നായ വന്ധ്യംകരണത്തിന് സ്ഥിരം എബിസി സെന്ററുകൾ മതിയാവില്ലെന്നതിനാലാണ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അഴിച്ച് കൊണ്ട്‌പോയി ഫിറ്റ് ചെയ്യാവുന്ന പോർട്ടബിൾ എബിസി സെന്റർ ആരംഭിക്കുന്നത്. വന്ധ്യംകരണത്തിന്റെ സാധ്യത എല്ലായിടങ്ങളിലും പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
പോർട്ടബിൾ എബിസി സെന്റർ
നാഷണൽ ഡയറി ബോർഡിന്റെ 25 ലക്ഷംരൂപ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ചാണ് പൈലറ്റ് പ്രൊജക്ടായി തിരുവനന്തപുരത്ത് പോർട്ടബിൾ എബിസി സെന്റർ ആരംഭിക്കുന്നത്. മറ്റ് ജില്ലകളിൽ ഇവ ആരംഭിക്കാൻ 20 കോടിരൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിന് പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീയും എബിസി സെന്ററുകൾ ആരംഭിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇതിൽനിന്ന് കുടുംബശ്രീക്ക് പിന്മാറേണ്ടി വന്നു. 2018ൽ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഡോഗ് ബ്രീഡിംഗ് റൂൾ പുതുക്കിയതും കുടുംബശ്രീക്ക് തിരിച്ചടിയായി. അതോടെ എബിസി മൃഗസംരക്ഷണ വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി. എന്നാൽ എബിസി സെന്ററുകളുടെ കുറവ് കാരണം 2022-23 സാമ്പത്തിക വർഷം 19260 നായ്‌ക്കളെയും 2023-24ൽ 20745 നായ്‌ക്കളെയുമാണ് വന്ധ്യംകരിച്ചത്. 2024 –25ൽ ലഭ്യമായ കണക്ക് പ്രകാരം( 2024 ജൂൺ) 8654 നായ്‌ക്കളെ വന്ധ്യംകരിച്ചു. ഇത്രയും നായ്ക്കൾക്ക് വാക്‌സിനേഷനും നൽകിയിട്ടുണ്ട്.
ഒരു സെന്ററിൽ ദിവസം ശരാശരി എട്ട് മുതൽ പത്ത്‌വരെ നായ്‌ക്കളെയാണ് വന്ധ്യംകരിക്കുക. സെന്റർ ജില്ലയിൽ ഒരിടത്ത് മാത്രമായതിനാൽ പിടികൂടുന്ന തെരുവ് നായ്‌ക്കളെ എബിസി സെന്ററുകളിൽ എത്തിക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്യണം. വന്ധ്യംകരണത്തിന് ശേഷം ഒരാഴ്‌ചയെങ്കിലും അവിടെ ഷെൽട്ടറിൽ പാർപ്പിക്കണം. അതിനാൽ ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും എബിസി സെന്റർ വേണം എന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ആനിമൽ വെൽഫെയർ ബോർഡിന്റെ മാനദണ്ഡ പ്രകാരം ഒരു എബിസി സെന്റർ ആരംഭിക്കാൻ രണ്ട് കോടിരൂപയെങ്കിലും വേണം. എന്നാൽ പോർട്ടബിൾ സെന്ററുകൾക്ക് 25 ലക്ഷംരൂപയേ ചെലവ് വരു. സ്ഥിരം സെന്ററിനെതിരെ പരിസരവാസികളിൽനിന്ന് എതിർപ്പും ഉയരാറുണ്ട്. ഇതോടെയാണ് പോർട്ടബിൾ എബിസി സെന്റർ ആരംഭിക്കാനുള്ള തീരുമാനം.
പോർട്ടബിൾ എബിസി സെന്ററിന്റെ രൂപരേഖ
എല്ലാ അത്യാധുനിക സംവിധാനവും ഡോക്ടർമാരും നഴ്‌സുമാരും അറ്റൻഡർമാരും ഉൾപ്പെടുന്നതാണ് പോർട്ടബിൽ എബിസി സെന്റർ. മൂന്ന് ടേബിൾ സജ്ജമാക്കിയ പോർട്ടബിൾ ഓപ്പറേഷൻ തിയറ്റർ, ശീതീകരണ സൗകര്യം, ജനറേറ്റർ, റഫ്രിജറേറ്റർ, മൂന്ന് നായ്‌ക്കളെ പാർപ്പിക്കാവുന്ന കെന്നലും മേൽക്കൂരയും, ഫ്രഷ് വാട്ടർ ടാങ്ക് തുടങ്ങിയവ ഉൾപ്പെടുന്നവയാണ് സെന്റർ. ഒരു ദിവസം ഇവിടെ 25 എബിസി സർജറിവരെ നടത്താനാകും. അഞ്ച് ദിവസത്തെ പോസ്‌റ്റ് ഓപ്പറേററീവ് കെയർ നൽകിയാകും നായ്‌ക്കളെ തുറന്ന് വിടുക. 15 ദിവസം ഒരു സ്ഥലത്ത് ഈ സെന്റർ പ്രവർത്തിക്കും. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റും. അതിനാൽ അതാതിടത്തെ തെരുവ് നായ്‌ക്കളെ ദൂരേക്ക് കൊണ്ടുപോയി വന്ധ്യംകരിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും.
പൈലറ്റ് പദ്ധതി വിജയകരമായാൽ മറ്റ് ജില്ലകളിൽ അതിവേഗം പോർട്ടബിൾ എബിസി സെന്ററുകൾ ആരംഭിക്കുമെന്ന് നോഡൽ ഓഫീസർ കൂടിയായ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗിരിധർ പറഞ്ഞു.









0 comments