Deshabhimani

print edition ട്രംപിനെ വിറപ്പിച്ച പെൺശബ്ദങ്ങൾ

Women’s Voices Shook Trump

നിത്യ രാമൻ, ആബിർ കവാസ്, ജിന ഹിനോജോസ, പെഗ്ഗി ഫ്ലാനഗൻ, കീഷ ലാൻസ് ബോട്ടംസ്

avatar
അഞ്ജലി ഗംഗ

Published on Nov 08, 2026, 01:00 AM | 3 min read

ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് സ്വയം അവകാശപ്പെടുമ്പോഴും, സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കണ്ട് വോട്ടവകാശം നിഷേധിച്ച ഇരുണ്ട ചരിത്രം അമേരിക്കയ്ക്കുണ്ട്. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്കും സഹനസമരങ്ങൾക്കും ഒടുവിലാണ് സ്ത്രീകൾ അമേരിക്കയിൽ ബാലറ്റ്‌ അവകാശം നേടിയെടുത്തത്. 1920ൽ. അതിനും 45 വർഷത്തിനുശേഷം 1965ൽ ആണ്‌ കറുത്തവംശത്തിലുള്ള സ്ത്രീകൾക്ക് സ്വതന്ത്ര വോട്ടവകാശം അനുവദിച്ചത്. സ്‌ത്രീകളെ വിലക്കിയ ഇ‍ൗ ചരിത്രം തിരുത്തിയാണ്‌ ഇത്തവണത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സ്‌ത്രീകളെ വോട്ടർമാർ തെരഞ്ഞെടുത്തത്‌. യുഎസ്‌ പ്രസിഡന്റ്‌ ട്രംപിന്റെ വംശീയ–ലിംഗ വിദ്വേഷനയങ്ങൾ ജനങ്ങൾ തള്ളി. ശതകോടീശ്വരൻമാർ തെരഞ്ഞെടുപ്പ്‌ കശാപ്പു ചെയ്യുന്നതിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി. ഇതിന്റെ ഫലമായി പ്രാദേശിക ഭരണകൂടങ്ങൾ മുതൽ സ്റ്റേറ്റ് ഗവർണർ പദവികളിലേക്കും യുഎസ് സെനറ്റിലേക്കും തദ്ദേശീയ വനിത മുതൽ വുമൺ ഓഫ്‌ കളറിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.


ലൊസ്‌ ആഞ്ചലസിൽ കേരളത്തിന്റെ വേരുകളും


അതിസമ്പന്നരും പാർപ്പിടമില്ലാത്തവരും ഒരുപോലെ പാർക്കുന്ന ലൊസ് ആഞ്ചലസ് മഹാനഗരത്തിന്റെ അമരത്തേക്ക് സാധാരണക്കാരുടെ പിന്തുണയോടെ വിജയിച്ചത് നിത്യ രാമൻ എന്ന നാൽപ്പത്തഞ്ചുകാരിയാണ്. യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ മേയർ പദവിയിലേക്ക് ആദ്യമായി ഒരു ഏഷ്യൻ–-അമേരിക്കൻ വനിത തെരഞ്ഞെടുക്കപ്പെടുമ്പോൾ, ആ ചരിത്രവിജയത്തിന്റെ വേരുകൾ കേരളത്തിന്റെ മണ്ണിലും വന്നുതൊടുന്നു. തിരുവനന്തപുരം കോട്ടയ്ക്കകത്തെ മുൻ പോസ്റ്റ്മാസ്റ്റർ കെ രാമയ്യരുടെ ചെറുമകളും വെങ്കിട്ടരാമൻ–സുധ ദമ്പതികളുടെ മകളുമായ നിത്യ, ആറാം വയസ്സിലാണ് തൃശൂരിൽനിന്ന് കുടുംബത്തോടൊപ്പം യുഎസിലേക്ക് ചേക്കേറുന്നത്. ഹാർവാർഡിൽനിന്ന് സോഷ്യോളജി ബിരുദവും എംഐടിയിൽനിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും നേടിയ അവർ, ചെന്നൈ കലാക്ഷേത്രയിലെ ഭരതനാട്യ പഠനത്തിനൊപ്പം ‘ട്രാൻസ്പെരന്റ് ചെന്നൈ' കൂട്ടായ്മയിലൂടെ ചേരികളിലിറങ്ങി പ്രവർത്തിച്ചു. ആ അനുഭവങ്ങളാണ് അവരിൽ ഇടതുപക്ഷ രാഷ്ട്രീയബോധം രൂപപ്പെടുത്തിയത്. ആറു വർഷമായി ലൊസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗമായ നിത്യ, മേയർ തെരഞ്ഞെടുപ്പിൽ 4,05,193 വോട്ട്‌ (51.1 ശതമാനം) നേടി. ഡെമോക്രാറ്റിക് പാർടിയുടെ പ്രതിനിധിയായ നിത്യ കോർപറേറ്റ് താൽപ്പര്യങ്ങളെ തറപറ്റിച്ചാണ് ഉജ്വല വിജയം സ്വന്തമാക്കിയത്.


ട്രംപ്‌ ഭയക്കുന്ന ഹിജാബി


​പലസ്‌തീൻ കുഞ്ഞുങ്ങൾക്കു നേരെ ബോംബുകൾ വർഷിച്ചപ്പോൾ ട്രംപ് കരുതിയിരുന്നില്ല, അടുത്ത തെരഞ്ഞെടുപ്പിന് യുദ്ധത്തിന്റെ നീതികേടുകൾ ചോദ്യം ചെയ്യാൻ ഹിജാബിധാരിയായ ഒരു പലസ്‌തീൻ വനിത വിജയിക്കുമെന്ന്. അമേരിക്കയിലെ അധികാര സിരാകേന്ദ്രത്തിൽനിന്നുതന്നെ സാമ്രാജ്യത്വത്തിനെതിരെ മുപ്പത്തിനാലുകാരിയായ ആബിർ കവാസിന്റെ വിജയം അത്തരത്തിലൊന്നാണ്. ബ്രൂക്ലിനിൽ പലസ്തീൻ മാതാപിതാക്കളുടെ മകളായി ജനിച്ച ആബിറിന്റെ സ്കൂൾ പഠനകാലത്ത്, പിതാവിനെ ഇമിഗ്രേഷൻ വിഭാഗം അന്യായമായി തടവിലാക്കുകയും നാടുകടത്തുകയും ചെയ്തതോടെയാണ് അവർ അതിജീവന, അവകാശ പോരാട്ടത്തിലേക്ക് എത്തിയത്‌.


​ന്യൂയോർക്ക് സ്റ്റേറ്റ് നിയമസഭയിലെത്തുന്ന ആദ്യ പലസ്തീൻ വനിതയായി മാറി ആബിർ. വിദേശയുദ്ധങ്ങൾക്ക് നൽകുന്ന കോടിക്കണക്കിന് ഡോളറിന്റെ ധനസഹായം അടിയന്തരമായി നിർത്തലാക്കണമെന്നും ആ പണം സാധാരണക്കാരുടെ ഭവനപ്രതിസന്ധി പരിഹരിക്കാനും സാർവത്രിക ആരോഗ്യപരിരക്ഷയ്ക്കും പൊതുഗതാഗതത്തിനും ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അവർ പ്രചാരണത്തിന് ഇറങ്ങിയത്. ആകെ പോൾ ചെയ്ത വോട്ടിന്റെ മുക്കാൽ ഭാഗത്തോളം നേടിയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പ്രതിനിധിയായി ആബിർ കവാസ് വിജയിച്ചത്.


റിപ്പബ്ലിക്കൻ കോട്ട തകർത്ത ജിന


​മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന റിപ്പബ്ലിക്കൻ മേൽക്കോയ്മയെയും രാഷ്ട്രീയ സമവാക്യങ്ങളെയും അട്ടിമറിച്ച്, ടെക്സസിന്റെ ചരിത്രത്തിലെ ആദ്യ ലാറ്റിന/മെക്‌-സിക്കൻ- ഗവർണറായി ഡെമോക്രാറ്റിക് പ്രതിനിധി ജിന ഹിനോജോസ വിജയിച്ചു. പതിറ്റാണ്ടുകളായി അമേരിക്കയിൽ വിവേചനവും അവഗണനയും നേരിട്ട ലാറ്റിനമേരിക്കൻ ജനതയുടെ തലമുറകൾ നീണ്ട അവകാശപ്പോരാട്ടങ്ങൾക്കും ലഭിച്ച ആവേശോജ്വല അംഗീകാരമാണിത്.


​​ചരിത്രംകുറിച്ച്‌ കീഷ


​ജോർജിയ ഗവർണർ പദവിയിലേക്ക് ചരിത്രവിജയം നേടി മുന്നേറിയത് ഡെമോക്രാറ്റിക് പാർടിയുടെ കീഷ ലാൻസ് ബോട്ടംസാണ്. യുഎസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ -അമേരിക്കൻ വനിത ഒരു സംസ്ഥാന ഗവർണർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുൻ ട്രംപിന്റെ പിന്തുണയോടെ മത്സരരംഗത്തിറങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി റിക്ക് ജാക്‌സണെ തറപറ്റിച്ചാണ് കീഷ മിന്നും വിജയം സ്വന്തമാക്കിയത്. 1998-ന് ശേഷം ആദ്യമായാണ് ജോർജിയയിൽ ഒരു ഡെമോക്രാറ്റ് ഗവർണർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 55.4 ശതമാനം വോട്ടുകൾ സ്വന്തമാക്കിയാണ് കീഷ ജോർജിയയുടെ ചരിത്രത്തിലെ ആദ്യ വനിത ഗവർണറും ആദ്യ ആഫ്രിക്കൻ -അമേരിക്കൻ ഗവർണറുമായത്.

​​സെനറ്റിൽ ആദ്യ തദ്ദേശീയ വനിത


​യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ തദ്ദേശീയ വനിത (നേറ്റീവ് വുമൺ) എന്ന ചരിത്രനേട്ടം കുറിച്ച് മിനസോട്ടയിലെ ഡെമോക്രാറ്റിക്- ഫാർമർ- ലേബർ പാർടി നേതാവ് പെഗ്ഗി ഫ്ലാനഗൻ. വൈറ്റ് എർത്ത് നേഷൻ ഒജിബ്വെ വിഭാഗത്തിൽനിന്നുള്ള പെഗ്ഗി നിലവിൽ മിനസോട്ടയിലെ ലെഫ്റ്റനന്റ് ഗവർണറാണ്. റിപ്പബ്ലിക്കൻ എതിരാളിയായ മുൻ സ്പോർട്സ് ബ്രോഡ്കാസ്റ്റർ മിഷേൽ തഫോയയെ 43ന്‌ എതിരെ 54 ശതമാനം വോട്ടുകൾ നേടിയാണ് പരാജയപ്പെടുത്തിയത്. വിരമിക്കുന്ന ഡെമോക്രാറ്റിക് സെനറ്റർ ടിന സ്മിത്തിന് പകരക്കാരിയായി ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പെഗ്ഗിയുടെ വിജയം, യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 51 സീറ്റുകളുടെ ഭൂരിപക്ഷം ഉറപ്പിക്കുന്നതിലും നിർണായകമായി. 250 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ജനതയുടെ പോരാട്ടവീര്യത്തിന്റെയും ഇച്ഛാശക്തിയുടെയും വിജയമായാണ് തദ്ദേശീയ ജനത ഈ തെരഞ്ഞെടുപ്പ് മുന്നേറ്റത്തെ വിശേഷിപ്പിച്ചത്. ഇതുകൂടാതെ അമേരിക്കയിൽ അങ്ങോളമിങ്ങോളം വിവേചനത്തിന്റെ മതിലുകൾ തകർത്തെറിഞ്ഞ മുന്നേറ്റങ്ങളാണ് ഉണ്ടായത്.


​യുഎസ് സെനറ്റിൽ ഇല്ലിനോയിയിൽനിന്നുള്ള ജൂലിയാന സ്ട്രാറ്റൻ വിജയിച്ചതോടെ, ലിസ ബ്ലണ്ട് റോച്ചസ്റ്റർ, ഏഞ്ചല ആൽസോബ്രൂക്സ് എന്നിവർക്കൊപ്പം ചരിത്രത്തിലാദ്യമായി മൂന്ന് കറുത്തവംശക്കാരായ സ്‌ത്രീകൾ ഒരേസമയം സെനറ്റിലെത്തി. ഒഹായോയിൽ റിപ്പബ്ലിക്കൻ പാർടിയുടെ വിവേക് രാമസ്വാമിയെ തോൽപ്പിച്ച് ഡോ. ആമി ആക്‌-ടൺ ആദ്യ വനിതാ ഗവർണറായി. ന്യൂയോർക്കിലെ ആദ്യ കറുത്തവംശക്കാരിയായ ലഫ്റ്റനന്റ് ഗവർണറായി അഡ്രിയാൻ ആഡംസും സയൻസ് -ടെക്നോളജി മേഖലയിൽ പിഎച്ച്ഡിയുള്ള ആദ്യ കറുത്തവംശക്കാരിയായ കോൺഗ്രസ് അംഗമായി ഡോ. ജാസ്‌മിൻ ക്ലാർക്കും തെരഞ്ഞെടുക്കപ്പെട്ടു.


കൊളറാഡോയിൽനിന്ന് പരിസ്ഥിതി-, മനുഷ്യാവകാശ പ്രവർത്തകയായ 29 വയസ്സുള്ള മെലാറ്റ് കിറോസ് യുഎസ് കോൺഗ്രസിലെത്തുന്ന ആദ്യ ജെൻ സീ വനിതയായി. സൗത്ത് കരോലിനയിലെ 30 വർഷത്തെ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ശിശുരോഗ വിദഗ്ധയായ ഡോ. ആനി ആൻഡ്രൂസ് ആദ്യ വനിതാ സെനറ്ററായി. ഒപ്പം, കടുത്ത വ്യക്തിഹത്യകളെ അതിജീവിച്ച് റിപ്പബ്ലിക്കൻ സീറ്റ് പിടിച്ചെടുത്ത് അലബാമ നിയമസഭയിലെത്തുന്ന ആദ്യ ട്രാൻസ്‌ജെൻഡർ പ്രതിനിധിയായി സോഫ്റ്റ്‌വെയർ എൻജിനിയറായ ആലിസൺ മോണ്ട്ഗോമറിയും ചരിത്രമെഴുതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home