Deshabhimani

Trendz

വെള്ളം കുടിയും സ്‌റ്റൈലായി

t1
avatar
സ്വാതി സുജാത

Published on Nov 08, 2026, 01:09 AM | 1 min read

പാലക്കാട്‌

പ്ലാസ്റ്റിക് കുപ്പിയോ സ്റ്റീൽ ബോട്ടിലോ ബാഗിന്റെ വശങ്ങളിൽ ഒതുക്കിവച്ച്‌ ഓഫീസിലേക്കോ കോളേജിലേക്കോ പോകുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് കൈയിലൊരു ട്രെൻഡിങ്‌ "ടംബ്ലർ' ഇല്ലെങ്കിൽ ലൈഫ്‌സ്റ്റൈൽ അപൂർണമാണെന്നാണ് സൈബർ ലോകവും യുവതലമുറയും പറയുന്നത്. ക്യാമ്പസുകളിലും ഐടി ഓഫീസുകളിലും ഫിറ്റ്‌നസ് സെന്ററുകളിലുമൊക്കെയായി ഇപ്പോഴത്തെ താരം കൈകളിൽ തിളങ്ങുന്ന ഈ ഇൻസുലേറ്റഡ് ടംബ്ലറുകളാണ്. പേസ്റ്റലിലും മറ്റു ആകർഷക നിറങ്ങളിലും ലഭ്യമാണ്. പിടിക്കാൻ സൗകര്യമുള്ള വലിയ ഹാൻഡിൽ, സ്ട്രോ എന്നിവയാണ് ടംബ്ലറുകളെ കാഴ്ചയിൽതന്നെ വ്യത്യസ്തമാക്കുന്നത്. അവശ്യവസ്തു എന്നതിലുപരി ഒരു പേഴ്‌സണൽ ലൈഫ്‌സ്റ്റൈൽ ആക്‌സസറിയായാണ് പുതിയ തലമുറ ഇതിനെ കാണുന്നത്. ലുക്ക് മാത്രമല്ല, ഗുണങ്ങളും ഏറെയാണ്‌. 900 മില്ലി മുതൽ 1.2 ലിറ്റർവരെ ശേഷിയുണ്ട്‌. മണിക്കൂറുകളോളം തണുപ്പും ചൂടും ഒരേപോലെ നിലനിർത്താനുമാകും. അടിഭാഗം വീതി കുറഞ്ഞ് നിർമിച്ചിരിക്കുന്നതിനാൽ കാറുകളിലെ കപ്പ് ഹോൾഡറുകളിൽവരെ ഇവ വയ്‌ക്കാം. സ്വന്തം വ്യക്തിത്വത്തിന് അനുസരിച്ച് അലങ്കരിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്‌. ക്യൂട്ട് സ്റ്റിക്കറുകൾ, ചാംസുകൾ, ഹാൻഡിൽ കവറുകൾ എന്നിവ ചേർത്ത് ഡ്രസ്സിനോ ബാഗിനോ അനുയോജ്യമായ രീതിയിൽ ഇവ മാറ്റിയെടുക്കാം. ഒരു തവണ മാത്രം ഉപയോഗിച്ച് തള്ളുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾക്കുപകരം ദീർഘകാലം ഉപയോഗിക്കാവുന്ന സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും ഗുണകരമാണ്. സ്റ്റാൻലി, ഒവാല, അക്വാഫ്ലാസ്‌ക് തുടങ്ങിയ പ്രീമിയം ബ്രാൻഡുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ തരംഗത്തിന് തുടക്കമിട്ടത്. 200 രൂപ മുതൽ 1500 രൂപ വരെയുള്ള ടംബ്ലറുകൾ വിപണിയിൽ ലഭ്യമാണ്. ​ആരോഗ്യപരമായ ഒരു ശീലത്തെ ആധുനിക ഫാഷന്റെ ഭാഗമാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഈ ടംബ്ലർ വിപ്ലവത്തിന്റെ വിജയം. വിപണിയിലും ഓൺലൈൻ ഷോപ്പിങ്‌ പ്ലാറ്റ്‌ഫോമുകളിലും ഇപ്പോൾ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നു കൂടിയാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home