ജന്തർ മന്തർ സമരവേദി കാവ്യസാന്ദ്രം

"ജന്തർ മന്തർ" സമര വേദിയിലെ ശനിയാഴ്ചത്തെ സായാഹ്നം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
ജനാധിപത്യം കശാപ്പുചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് രാജ്യമാകെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാൻ പാലക്കാട് നടക്കുന്ന സമരം ഒമ്പതാം ദിനത്തിലേക്ക് കടന്നു. പിഎംജി സ്‌കൂളിനുസമീപം ആരംഭിച്ച "ജന്തർ മന്തർ" സമരവേദിയിൽ ശനിയാഴ്ചത്തെ സായാഹ്നം കാവ്യസാന്ദ്രമായി. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിയാളുകൾ പങ്കെടുത്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ ബിനുമോൾ അധ്യക്ഷയായി. പികെഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ഷക്കീന, എൻഎഫ്‌പിഇ സര്‍ക്കിൾ സെക്രട്ടറി പി ശിവദാസ്, ബിഎസ്‌എൻഎൽഇയു ജില്ലാ പ്രസിഡന്റ് കെ വി മധു, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, ജില്ലാ സെക്രട്ടറി വി വി അഭിഷേക് എന്നിവർ സംസാരിച്ചു. ബെഫി ജില്ലാ പ്രസിഡന്റ് എ രാമദാസ് സ്വാഗതവും എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി നന്ദിയും പറഞ്ഞു.








0 comments