യുഡിഎഫിന് കൂട്ട് ബിജെപി
പൊതുശ്മശാനം പൂട്ടുന്നത് റിസോർട്ട് മാഫിയയെ സഹായിക്കാൻ

അഗളി
അട്ടപ്പാടി കൊട്ടമേട് പ്രവർത്തിക്കുന്ന അഗളി പഞ്ചായത്തിന്റെ വാതകശ്മശാനം പൂട്ടാൻ യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം റിസോർട്ട് മാഫിയയെ സഹായിക്കാനാണെന്ന് ആരോപണം. നിരവധി റിസോർട്ടുകൾ പ്രവർത്തിക്കുകയും ചിലത് നിർമാണം പുരോഗമിക്കുകയും ചെയ്യുന്ന പ്രദേശമാണ് നരസിമുക്ക്, കൊട്ടമേട് പ്രദേശങ്ങൾ. ഇവിടെ ശ്മശാനം പ്രവർത്തിക്കുന്നത് തടയാൻ മാഫിയകളുടെ ശ്രമം ഫലം കണ്ടെന്നാണ് ആരോപണം. ഭരണ കക്ഷിക്ക് കേവല ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയിൽ ബിജെപി പിന്തുണയോടെയാണ് ശ്മശാനം കൊണ്ടുവന്ന തീരുമാനം പാസായത്. കഴിഞ്ഞ മാസം ചേർന്ന ഭരണസമിതിയിൽ ശമ്പളവും കറന്റ് ബില്ലും കൊടുക്കുന്നതിനുള്ള വരുമാനം അവിടെനിന്നും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൂട്ടൽ ചർച്ചയ്‌ക്കെടുത്തത്. ഇക്കാരണങ്ങളാൽ പൊതുവാതകശ്മശാനം പൂട്ടണം എന്നായിരുന്നു പ്രസിഡന്റിന്റെ വാദം. എന്നാൽ 21 അംഗ ഭരണസമിതിയിൽ എൽഡിഎഫ് ഒന്പത്, യുഡിഎഫ് 10, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ശ്മശാനം പൂട്ടലിനെ എൽഡിഎഫ് എതിർത്തതോടെ ബിജെപി മൗനം പാലിച്ചു. ഇതോടെ അട്ടപ്പാടിയിലെ ഏക വാതക പൊതുശ്‌മശാനത്തിനാണ് താഴുവീഴുന്നത്. ഇനി അട്ടപ്പാടിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് ഐവർമഠം പോലുള്ളവയുടെ സഹായം തേടേണ്ടിവരും.








0 comments