സർക്കാർ ആശുപത്രികളെ ഇപ്പോഴെങ്ങനെ വിശ്വസിക്കും; ആശുപത്രിയിൽനിന്ന് ലഭിച്ച ഗുളികയിൽ ലോഹക്കഷ്ണം

ഒറ്റപ്പാലം
"സർക്കാർ നൽകുന്ന മരുന്ന് എങ്ങനെ വിശ്വസിച്ച് കഴിക്കും. ആ ഗുളിക കഴിച്ചിരുന്നെങ്കിൽ എന്റെ മകളുടെ ജീവൻ അപകടത്തിലായേനേ'. വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഭിച്ച ഗുളികയിൽ ലോഹ ക്കഷ്ണങ്ങൾ കണ്ടെത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് വാണിയംകുളം കൂനത്തറ ഐശ്വര്യയിൽ കെ സുഭാഷ്. മകൾ ഇഷിക ( 9)യെ ചുമയെ തുടർന്ന് വെള്ളി പകൽ 11നാണ് വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിച്ചത്. ഫാർമസിയിൽനിന്ന് രണ്ടുതരം ഗുളികയും ഒരു സിറപ്പും നൽകി. വീട്ടിൽ എത്തി ഉച്ചയോടെ കിട്ടിയ മരുന്നുകൾ പരിശോധിച്ചപ്പോൾ ലഭിച്ച ഒരു പാക്കറ്റിലെ ഗുളികയിൽ ലോഹമെന്ന് തോന്നിക്കുന്ന മൂന്ന് ചെറുകഷ്ണങ്ങൾ കാണപ്പെട്ടു. ഈ ഗുളിക വാണിയംകുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിയിലുള്ള ജീവനക്കാരനെ കാണിച്ചു. ജീവനക്കാരൻ ലോഹം കണ്ട ഗുളിക വാങ്ങിവച്ച് പകരം മരുന്നുനൽകി മടക്കി അയക്കുകയായിരുന്നു. മെറ്റൽ കഷ്‌ണങ്ങൾ കണ്ട ഗുളിക തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാൻ പറ്റില്ലെന്നായിരുന്നു മറുപടി. ശ്രദ്ധിക്കാതെ ഗുളിക കഴിച്ചിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ പോലും അപകടത്തിലാകുമായിരുന്നു. സാധാരണക്കാരുടെ അത്താണിയായ സർക്കാർ ആശുപത്രികളെ ഇപ്പോൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് സുഭാഷ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതിനൽകി.








0 comments