print edition മുളയിൽ മുളയ്ക്കുന്ന സയൻസിടം

നിർമാണം പുരോഗമിക്കുന്ന തിരുവനന്തപുരത്തെ സയൻസ് സെന്റർ
"കോടി സൂര്യൻ ഉദിച്ചാലും
ഒഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിന്നു തൊഴുന്നു ഞാൻ...’
1916-ൽ സഹോദരൻ അയ്യപ്പൻ എഴുതിയ ‘സയൻസ് ദശക'ത്തിലെ വരികളാണിത്. സയൻസ് ആണ് ലോകത്തിന്റെ വെളിച്ചം എന്ന് മലയാളി ചിന്തിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്ന് ചുരുക്കം. എന്നാൽ, അന്ധവിശ്വാസങ്ങളും അശാസ്ത്രീയതകളും ഇന്നും പൂർണമായും അസ്തമിച്ചിട്ടില്ല. സയൻസിന്റെ വെളിച്ചം പരമാവധി പരത്തുക, അതുപയോഗിച്ച് കേരളീയ ജീവിതത്തെ കഴിയുന്നത്ര പുതുക്കിപ്പണിയുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള മുഖ്യപോംവഴി.
ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ഉയർന്നുവരുന്ന പുതിയ സയൻസ് സെന്റർ ശ്രദ്ധേയമാകുന്നത്. ആശയവ്യവഹാരങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ശാസ്ത്രത്തെ നിരാകരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത്, അതിനെ പ്രതിരോധിക്കാൻ ഒരിടം, -അതാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വഞ്ചിയൂരിൽ യാഥാർഥ്യമാക്കുന്നത്. ശാസ്ത്രത്തിനുവേണ്ടി ശബ്ദിക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ഒരുപോലെ ഒത്തുകൂടാനുമുള്ള ഒരിടമായാണ് ഈ സയൻസിടം വിഭാവനം ചെയ്തിരിക്കുന്നത്.
പൊതുയിടങ്ങൾ തിരിച്ചുപിടിക്കുമ്പോൾ
അധികം ദൂരെയല്ലാത്തൊരു കാലത്ത് നമ്മുടെ ഗ്രാമങ്ങളിൽ വായനശാലകളും ചായക്കടകളും പോലുള്ള പൊതുയിടങ്ങൾ വലിയ സാമൂഹ്യമുന്നേറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. കൂട്ടായ പത്രവായനയിലൂടെ ലോകവിവരങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്ന ആ ഇടങ്ങൾ നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എവിടെയോ നഷ്ടമായി. ആ നഷ്ടബോധത്തിന് പരിഹാരമാവുകയാണ് ഈ സയൻസ് സെന്റർ. ശാസ്ത്രവിനിമയത്തിൽ താൽപ്പര്യമുള്ള വിവിധ പ്രായക്കാർക്ക് ഒത്തുകൂടാനും ശാസ്ത്രവും അതിന്റെ സാമൂഹിക പ്രയോഗങ്ങളും ചർച്ച ചെയ്യാനുമുള്ള ഒരിടം.
കോൺക്രീറ്റ് കാടുകൾ അന്തരീക്ഷ താപനില വർധിപ്പിക്കുകയും വലിയ അളവിൽ കാർബൺ പുറന്തള്ളുകയും ചെയ്യുന്ന ഇക്കാലത്ത്, ലോകമെമ്പാടും പരിസ്ഥിതി സൗഹൃദപരമായ നിർമാണ രീതികളിലേക്ക് തിരിച്ചുവരുന്നുണ്ട്. നിർമാണ സാമഗ്രികൾക്ക് വലിയ വിലക്കയറ്റവും ക്ഷാമവും നേരിടുന്ന കാലത്ത്, കേരളത്തിൽ നിർലോപം ലഭിക്കുന്ന മുളയെയും മണ്ണിനെയുമാണ് ഇവിടെ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
കെട്ടിടത്തിന്റെ തറയ്ക്കും ചുവരുകൾക്കും ബലം നൽകുന്നത് മുളയാണ്; ബീമുകൾക്ക് മാത്രമാണ് സിമന്റ് കമ്പി ഉപയോഗിക്കുന്നത്. ഒപ്പം, പൊളിച്ചുനീക്കിയ പഴയ കെട്ടിടങ്ങളിൽനിന്നുള്ള പുനരുപയോഗ വസ്തുക്കളും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പരിഷത്ത് പ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള മൂന്ന് പഴയ വീടുകൾ പൂർണമായും ഇതിനായി പൊളിച്ചു നൽകി.
മുളയ്ക്കും മണ്ണിനും വേണ്ടത്ര ഉറപ്പുണ്ടാകുമോ?
മുളകൊണ്ട് വീടുകളുടെ റൂഫും നിലകളും ചുവരുകളും നിർമിക്കുമ്പോൾ സ്വാഭാവികമായി ഉയർന്നുവരുന്ന ചോദ്യമാണിത്. എന്നാൽ ഇത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് വിദഗ്ധർ പറയുന്നു. മുള അതുപോലെ നേരിട്ട് ഉപയോഗിക്കുകയല്ല ചെയ്യുന്നത്. നല്ല പാകമായ മുളകൾ ശാസ്ത്രീയമായി ട്രീറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. വിളപ്പിൽശാലയിലെ ലാറി ബേക്കർ കോസ്റ്റ്ഫോർഡ് സെന്ററിലാണ് സയൻസ് സെന്ററിലേക്കുള്ള മുളകൾ ഇപ്രകാരം ട്രീറ്റ് ചെയ്തത്. ട്രീറ്റ് ചെയ്ത മുളകൾ ആവശ്യാനുസരണം പൂർണമായോ ചീളുകളായോ മാറ്റി ഉപയോഗിക്കുമ്പോൾ അവ അനവധി വർഷങ്ങൾ ഈടുനിൽക്കുന്ന നിർമാണ വസ്തുവായി മാറുന്നു. മുളകൾക്കിടയിൽ നിറയ്ക്കുന്ന മണ്ണും കുമ്മായവും പ്രത്യേകമായി മിശ്രിതപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്, ഇത് കെട്ടിടത്തിന് മികച്ച ഉറപ്പ് നൽകുന്നു.
ഈ സെന്ററിന്റെ നിർമാണത്തിനായി റാന്നി വനമേഖലയിലെ നടുവത്ത് മൂഴിയിൽനിന്നാണ് 50 ടൺ മുള ശേഖരിച്ചത്. ആദിവാസി തൊഴിലാളികളെ നേരിട്ട് ഏർപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്. ഗ്രാമീണ തൊഴിലാളികളുടെ ഉപജീവനത്തിനും ഇത് സഹായകമാകുന്നു.
പ്രതീക്ഷയേകുന്ന ശാസ്ത്രത്തിന്റെ ഇടം
ചെലവ് പരമാവധി ചുരുക്കിയും പൊതുജനങ്ങളിൽനിന്ന് സാമ്പത്തിക സഹായവും പുനരുപയോഗ വിഭവങ്ങളും സ്വീകരിച്ചും കെട്ടിപ്പടുക്കുന്ന ഈ സയൻസ് സെന്റർ അത്തരത്തിൽ കേവലം ഒരു കെട്ടിടം എന്നതിനപ്പുറം വലിയൊരു ആശയത്തിന്റെ പ്രതീകമായിക്കൂടി മാറുന്നു.
ചോദ്യം ചെയ്യാനും അന്വേഷിക്കാനുമുള്ള ശാസ്ത്രീയ മനോഭാവമാണ് മനുഷ്യരാശിയുടെ നിലനിൽപ്പും പുരോഗതിയും നിർണയിക്കുന്നത്. അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും കൂരിരുട്ട് സമൂഹത്തെ വീണ്ടും പിന്നോട്ട് വലിക്കാൻ ശ്രമിക്കുമ്പോൾ, യുക്തിയുടെയും സയൻസിന്റെയും വെളിച്ചം പകരാനുള്ള ഇത്തരം ശ്രമങ്ങൾ നാടിന്റെ പ്രതീക്ഷയാണ്.








0 comments