അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നില്ല; ആശങ്കയിൽ കർഷകർ

ചുള്ളിയാർ അണക്കെട്ട്

സ്വന്തം ലേഖകൻ
Published on Nov 08, 2026, 01:00 AM | 1 min read
കൊല്ലങ്കോട്
മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നില്ല. ചുള്ളിയാർ അണക്കെട്ടിനെ ആശ്രയിച്ച് 6250 ഏക്കറും മീങ്കര അണക്കെട്ടിനെ ആശ്രയിച്ച് 9250 ഏക്കർ നെൽക്കൃഷിയുമാണുള്ളത്. ആയക്കെട്ട് പ്രദേശത്തെ 15,500 ഏക്കർ വയലുകളിൽ രണ്ടാംവിള നെൽക്കൃഷി അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്കയിലാണ് കർഷകർ. പരമാവധി 39 അടി സംഭരണശേഷിയുള്ള മീങ്കരയിൽ 29.7 അടി വെള്ളം മാത്രമാണ് നിലവിലുള്ളത്. ഇത് ആയക്കെട്ട് പ്രദേശത്തെ നെൽക്കൃഷിക്ക് 13 ദിവസത്തെ ജലസേചനത്തിനുമാത്രമേ തുറന്നുവിടാൻ കഴിയൂ. മീങ്കര അണക്കെട്ടിലെ ജലത്തെ ആശ്രയിച്ച് ശുദ്ധജലവിതരണ പദ്ധതികളുമുണ്ട്. പരമാവധി 57.5 അടി സംഭരണശേഷിയുള്ള ചുള്ളിയാർ അണക്കെട്ടിൽ 20.30 അടി വെള്ളം മാത്രമാണുള്ളത്. മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം, കൊടുവായൂർ, പെരുവെമ്പ്, പല്ലശന പഞ്ചായത്തുകളിൽ രണ്ടാംവിള ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. അണക്കെട്ടുകളിലെ വൃഷ്ടി പ്രദേശത്ത് ഇടവപ്പാതി മഴയും തുലാവർഷവും ദുർബലമായിരുന്നു.
മീങ്കര അണക്കെട്ട് നവീകരിക്കും
മീങ്കര അണക്കെട്ട് നവീകരിക്കാനും സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്താനും 11. 60 കോടി രൂപയുടെ പദ്ധതികൾക്ക് ലോക ബാങ്ക് അനുമതി നൽകി. ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് രണ്ടാംഘട്ടത്തിലാണ് നവീകരണം ഉൾപ്പെടുത്തിയത്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പദ്ധതി തയ്യാറാക്കിയത്. അണക്കെട്ടിന്റെ അടിഭാഗത്തെ വെള്ളം ഒഴുക്കിക്കളയുന്ന കനാലുകൾ, വെള്ളം പുറത്തേക്ക് ഒഴുകുന്ന കനാലുകൾ, സംരക്ഷണഭിത്തി, വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറയ്ക്കാനുള്ള സംവിധാനം, അണക്കെട്ടിലെ വെള്ളം നിയന്ത്രിക്കാനുള്ള യന്ത്രസംവിധാനം എന്നിവ നവീകരിക്കും. മിന്നലിൽനിന്നും സംരക്ഷണം ലഭിക്കുന്ന ഉപകരണങ്ങളും അടിയന്തര മുന്നറിയിപ്പ് നൽകുന്ന രണ്ട് സൈറനും സ്ഥാപിക്കും. അണക്കെട്ടിനോട് ചേർന്നുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താനും ആവശ്യമായ സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യാനുമായി ടോമോഗ്രാഫിക്, ജിയോഫിസിക്കൽ തുടങ്ങിയ പഠനങ്ങൾ നടത്തും. ഇൻസ്പെക്ഷൻ ബംഗ്ലാവ്, ജനറേറ്റർ മുറി, ശുചിമുറി, സുരക്ഷാ ക്യാബിൻ എന്നിവ നിർമിക്കും. വൈദ്യുതീകരണവും ഇതിന്റെ ഭാഗമായി നടത്തും.








0 comments