Deshabhimani

print edition കൊളോണിയൽ മലബാറിലെ സ്ത്രീവിദ്യാഭ്യാസം​

Madhavi

മാധവിയുടെ സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോ

avatar
ഡോ. വസിഷ്ഠ് എം സി

Published on Oct 25, 2026, 01:00 AM | 3 min read

മലബാറിലെ കൊളോണിയൽ കാലഘട്ടം ഭരണരംഗത്തും വിദ്യാഭ്യാസരംഗത്തും പുതിയ രീതികൾക്ക് സാക്ഷ്യംവഹിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ ഒരു ഭൂപ്രദേശമായിരുന്നു മലബാർ. 1792 മുതൽ 1947 വരെ മലബാർ അഥവാ വടക്കൻ കേരളത്തിന്റെ ഭൂപ്രദേശങ്ങൾ ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്നു. ബ്രിട്ടീഷ് രാജിന്റെ കാലത്ത് അഥവാ കൊളോണിയൽ ഭരണകാലത്ത് ഈ ഭാഗം മദ്രാസ് പ്രസിഡൻസിയിലെ പ്രവിശ്യകളിലൊന്നായിരുന്നു. ഇന്നത്തെ കണ്ണൂർ, വയനാട്, കാസർകോട്‌, കോഴിക്കോട് എന്നീ ജില്ലകളും മലപ്പുറം, പാലക്കാട് ജില്ലകളുടെ ചില ഭാഗങ്ങളും മലബാറിൽ ഉൾപ്പെട്ടിരുന്നു.


​ബ്രിട്ടീഷ് നയങ്ങൾ പരോക്ഷമായി സാമൂഹിക പരിഷ്‌കരണപ്രസ്ഥാനങ്ങൾക്ക് വഴിയൊരുക്കി. ഈ മുന്നേറ്റങ്ങളിൽ മലബാറിലെ തീണ്ടൽ ജാതികളായി മുദ്രകുത്തപ്പെട്ട ജനസമൂഹങ്ങൾക്ക് ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ സാമൂഹികപദവിയും സാമ്പത്തികമുന്നേറ്റവും ഉണ്ടായി. ബ്രിട്ടീഷ് ഭരണത്തിനുകീഴിലും ജാതിവ്യവസ്ഥ അതേപോലെ തുടർന്നുവെങ്കിലും ബ്രിട്ടീഷ് നയങ്ങൾ ജാതിവ്യവസ്ഥയുടെ കാർക്കശ്യം കുറയ്ക്കുന്നതിലേക്ക് നയിച്ചു. കൊളോണിയൽ ഭരണവും ആ കാലത്ത് ഉയർന്നുവന്ന നവോത്ഥാനപ്രസ്ഥാനങ്ങളും ഭ്രാന്താലയമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കി മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചു.


ബ്രിട്ടീഷുകാരുടെയും ബ്രിട്ടീഷുകാരിലൂടെ മലബാറിലെത്തിയ മിഷണറിമാരുടെയും പ്രവർത്തനഫലമായി കീഴാളരായി മുദ്രകുത്തപ്പെട്ടിരുന്നവർക്ക് വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടായി. അവരുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പദവികളിൽ വലിയ മാറ്റങ്ങളുണ്ടായി.


മലബാറിലെ ചില തിയ്യ കുടുംബങ്ങൾ ജാതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മറികടന്ന് തങ്ങളുടെ പെൺമക്കളെ സ്‌കൂളിലേക്ക് അയക്കാൻ തുടങ്ങി. മലബാർ പ്രവിശ്യയിലെ ഒരു ഭൂപ്രദേശമായിരുന്ന കടത്തനാട് അഥവാ വടകരയുടെ വിദ്യാഭ്യാസപ്പെരുമയിലേക്ക് വെളിച്ചംവീശുന്ന ചില രേഖകൾ ഏറെ കൗതുകമുണർത്തുന്നു. ഒരു കാലഘട്ടത്തിൽ ഒരു ഭൂപ്രദേശത്തെ സ്ത്രീകളുടെ മുന്നേറ്റത്തിന് സ്‌കൂളുകൾ വഹിച്ച പങ്കിന് വ്യക്തമായ നേർചിത്രമാണ് ഈ രേഖകൾ.


വടകരയിലെ ആദ്യകാല ഇംഗ്ലീഷ് മരുന്നുഷോപ്പായ ടൗൺ മെഡിക്കൽസിന്റെ സ്ഥാപകൻ ചിരുകണ്ടൻ കമ്പൗണ്ടറുടെ മക്കളായ മാധവി, ലക്ഷ്മി എന്നിവരുടെ വിദ്യാഭ്യാസരേഖകളിലാണ് കടത്തനാടിലെ ആധുനികവിദ്യാഭ്യാസത്തിനും സ്ത്രീമുന്നേറ്റത്തിനും നാന്ദികുറിച്ച ഒരു കാലത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. മാധവി ബിഇഎം സ്‌കൂളിലും ലക്ഷ്മി സെന്റ് ആന്റണീസിലുമാണ് പഠിച്ചിരുന്നത്.


വടകരയിൽ വിദ്യാസമ്പന്നരായ ഒരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കുന്നതിൽ ഈ രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾ വഹിച്ച പങ്കിനുള്ള തെളിവുകൾകൂടിയാണ് ഈ വിദ്യാഭ്യാസരേഖകൾ. 1938ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മാധവിയാണ് കടത്തനാടൻ താലൂക്കിലെ ആദ്യത്തെ വനിതാ ബിരുദധാരിയും.


പ്രശസ്ത സാഹിത്യകാരൻ സഞ്ജയന്റെ ശിഷ്യയായിരുന്ന മാധവി, സ്‌കൂൾ പഠനത്തിനുശേഷം മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു പഠിച്ചത്. മാധവിയുടെ സഹോദരി ലക്ഷ്മി സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന്‌ ബിരുദമെടുത്തു. മാധവിയുടെയും ലക്ഷ്മിയുടെയും സ്‌കൂൾ ബുക്കുകൾ ഒരു കാലഘട്ടത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കായികവിദ്യാഭ്യാസത്തിനുണ്ടായ പ്രാധാന്യവും വ്യക്തമായി അടയാളപ്പെടുത്തുന്നു.


മാധവിയുടെ സ്‌കൂൾ സർട്ടിഫിക്കറ്റിൽ ബിഎം സ്‌കൂൾ പ്രിൻസിപ്പലിന്റെ സീലുണ്ട്. എന്നാൽ, പേര് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, 1945 ആകുമ്പേഴേക്കും ലക്ഷ്മിയുടെ സർട്ടിഫിക്കറ്റിൽ പ്രിൻസിപ്പലിന്റെ പേരും ഒപ്പുമുണ്ട്. എസ്എസ്എൽസിക്ക് ഇംഗ്ലീഷിനുപുറമെ ഉപഭാഷയായി മലയാളം, ഹിന്ദി പഠിക്കാനുണ്ട്. ഗണിതത്തിനും സയൻസിനും എലിമെന്ററി ഗണിതമെന്നും എലിമെന്ററി സയൻസ് എന്നുമാണ് പറഞ്ഞിരുന്നത്. ചരിത്രം എന്നത് ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും ചരിത്രമാണ്. ഭൂമിശാസ്ത്രവും ചരിത്രത്തിന്റെ ഒപ്പം പഠിക്കണം. ആൾജിബ്രയും ജ്യോമട്രിയും മറ്റൊരു വിഷയമാണ്. പുറമെ ഗ്രാഫ്റ്റും കൈയെഴുത്തും പരിഗണിക്കും. കേവലം വിദ്യാഭ്യാസംമാത്രമല്ല കൈത്തൊഴിലുകളും പഠിപ്പിക്കുന്ന രീതി കൊളോണിയൽ കാലഘട്ടത്തിൽത്തന്നെ വ്യാപകമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ പിന്തുടർന്നിരുന്നുവെന്നതിന് തെളിവാണിത്.


1884ലാണ് ബാസൽ മിഷൻ സ്‌കൂൾ വടകരയിൽ സ്ഥാപിക്കുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ഈ വിദ്യാഭ്യാസത്തിന്റെ വാതിൽ തുറന്നുവിടുന്നു. എണ്ണത്തിൽ കുറവായെങ്കിലും ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും വിദ്യ അഭ്യസിക്കാൻ വന്നു. വിദ്യാഭ്യാസരംഗത്തെ രണ്ടു പ്രധാനമായ മാറ്റങ്ങളാണ് മിഷണറിമാർ ഉണ്ടാക്കിയത്. ഒന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകി, രണ്ട് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുണ്ടായിരുന്ന ജാതിവ്യവസ്ഥയിൽ പിന്തള്ളപ്പെട്ടുപോയ തീയർക്കും പറയർക്കും പുലയർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നൽകി.


മലബാറിൽ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങൾ ഏറെ സ്വാധീനിച്ചത് തീയ്യ സമുദായത്തെയായിരുന്നു. ആധുനിക വിദ്യാഭ്യാസം നേടുന്നതിൽ അവർ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. ഇതിന് ഉത്തമോദാഹരണമായിരുന്നു വടകരയിലെ തിയ്യ സമൂഹം. ശ്രീനാരായണഗുരുവിന്റെ സ്വാധീനം ഇക്കാര്യത്തിൽ വളരെ പ്രകടമായിരുന്നു.


ബിഇഎമ്മിനെപ്പോലെതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്‌തുത്യർഹമായ സംഭാവനകൾ നൽകിയ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ആന്റണീസ് സ്‌കൂൾ. മിഷണറിമാർവഴി എത്തിച്ചേർന്ന ആംഗലേയ ലിബറൽ പാശ്ചാത്യവിദ്യാഭ്യാസം നേടുന്നതിനും വിദ്യാഭ്യാസം ജോലി ലഭിക്കാനും സാമൂഹിക അംഗീകാരം നേടാനുമുള്ള വഴിയായി അവശസമുദായമെന്ന് മുദ്രകുത്തപ്പെട്ട സമുദായത്തിലെ ആളുകൾ കണ്ടു. കടത്തനാട്ടിലെ നിരവധി തീയ്യ കുടുംബങ്ങൾ തങ്ങളുടെ കുട്ടികൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാൻ താൽപ്പര്യം കാണിച്ചു. അവർ വിദ്യ അഭ്യസിക്കാൻ ജാതിവ്യവസ്ഥയുടെ കാർക്കശ്യത്തെ മറികടന്നുകൊണ്ട് മുന്നോട്ടുവന്നതിന്റെ ഉദാഹരണമാണ് മാധവിയും ലക്ഷ്മിയും ഉൾപ്പെടുന്ന പെൺകുട്ടികളുടെ നിര.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home