Deshabhimani

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം

ലേബർ കോഡിൽ കോർപറേറ്റ്‌ 
താൽപ്പര്യം: സിയാ ഉൾ ആലം

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ പതാക ഉയർത്തുന്നു
വെബ് ഡെസ്ക്

Published on Oct 25, 2026, 01:30 AM | 1 min read

പി ലാലാജിബാബു നഗർ (എസ് ആർ പാലസ്, തെന്മല) ​

ലേബർ കോഡ് തൊഴിലാളിദ്രോഹമാണ് ലക്ഷ്യമാക്കുന്നതെന്ന് ഓൾ ഇന്ത്യ പ്ലാന്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എഐപിഡബ്ലിയുഎഫ്) ജനറൽ സെക്രട്ടറി സിയാ ഉൽ ആലം പറഞ്ഞു. കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അവർ ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു. മിനിമം വേതനം, തൊഴിൽസുരക്ഷ, താമസം, ആരോഗ്യ പരിരക്ഷ, സാമൂഹിക സുരക്ഷ, യൂണിയൻ അവകാശങ്ങൾ എന്നിവ ലേബർ കോഡുകൾ ഉറപ്പാക്കുന്നില്ല. മോദി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടിയാണ്‌ ലേബർ കോഡ് നടപ്പാക്കിയത്‌. തൊഴിൽനിയമങ്ങൾ ലളിതമാകുമെന്നും തൊഴിലുടമകൾക്ക് നടപടിക്രമങ്ങൾ സുഗമമാകുമെന്നുമുള്ള വാദം അടിസ്ഥാനരഹിതമാണ്. കൂട്ടായ വിലപേശൽ ശേഷിയും തൊഴിൽ സുരക്ഷയും ദുർബലപ്പെടുത്തി കോർപറേറ്റുകൾക്ക് സുരക്ഷാകവചം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. തേയില, ഏലം, കാപ്പി, റബർ തോട്ടങ്ങളിൽ തൊഴിലാളികളുടെ ജീവിതം കൂലിയുമായി മാത്രം ബന്ധപ്പെട്ടതല്ല. താമസം, ചികിത്സ, മക്കളുടെ വിദ്യാഭ്യാസം, ഗതാഗതം, തൊഴിൽ സ്ഥിരത എന്നിവ നിർണായകമാണ്. ഇതൊന്നും സർക്കാർ പരിഗണിക്കുന്നില്ല. തോട്ടങ്ങളിലെ സാമ്പത്തിക പ്രതിസന്ധി ഉയർത്തിക്കാട്ടി സ്ഥിരം തൊഴിലാളികളടെ എണ്ണം കുറയ്‌ക്കുക, കരാർ തൊഴിൽ വർധിപ്പിക്കുക, ജോലിയുടെ സ്വഭാവം തന്നെ മാറ്റുക തുടങ്ങിയ പ്രവണതകൾ വളരുന്നു. ഇതിനും പരിഹാരമില്ല. തോട്ടം മേഖലയിൽ വലിയ വിഭാഗം തൊഴിലാളികൾ സ്ത്രീകളാണ്. തുല്യവേതനം, പ്രസവാനുകൂല്യങ്ങൾ, ശിശു പരിചരണം എന്നിവ സംരക്ഷിക്കപ്പെടുന്നില്ല. തോട്ടം ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനുള്ള നയരൂപീകരണത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ ലക്ഷ്യം കാണുംവരെ ഫെഡറേഷൻ ശക്തമായ പ്രക്ഷോഭം ഉയർത്തും. ആഭ്യന്തര ഉൽപ്പാദകരുടെ താൽപ്പര്യം സംരക്ഷിക്കുന്ന ഇറക്കുമതി നയവും വിലസ്ഥിരതയ്ക്കുള്ള നടപടികളും സർക്കാരിന് വരുംനാളുകളിൽ പരിഗണിക്കേണ്ടിവരും. തോട്ടങ്ങളുടെ ഭാവി സംബന്ധിച്ച നയതീരുമാനങ്ങളിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തണം– സിയാ ഉൾ ആലം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home