കീച്ചേരിക്കടവ് പാലം നിർമാണം അവസാനഘട്ടത്തിൽ

സ്വന്തം ലേഖകൻ
മാന്നാർ
ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ ചെന്നിത്തല അച്ചൻകോവിൽ ആറിന് കുറുകെ നിർമിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ 80 ശതമാനത്തോളം പ്രവൃത്തികളും ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) അറിയിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണച്ചെലവ് 12.77 കോടി രൂപയാണ്. 130.10 മീറ്ററാണ് നീളം. ഇതിൽ 26 മീറ്റർ വീതം നീളമുള്ള മൂന്ന് സ്പാനുകളും 25.70 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളുമുണ്ട്. ഗതാഗതത്തിനായി 7.75 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഒരു വശത്തായി 1.40 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. സർവീസ് റോഡുകളും അനുബന്ധ റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമിക്കുന്നത്. നിലവിൽ പാലത്തിന്റെ ഇരു കരകളെയും ബന്ധിപ്പിക്കുനന സ്പാനുകളുടെ നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന പ്രവൃത്തികളും വേഗത്തിൽ പൂർത്തീകരിച്ച് കീച്ചേരിക്കടവ് പാലം എത്രയും പെട്ടെന്നുതന്നെ ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ അളവിൽ പരിഹാരമാകുമെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു.









0 comments