കഥകളികേന്ദ്രത്തിന്റെ വാർഷികാഘോഷങ്ങൾ തുടങ്ങി

തൃപ്പൂണിത്തുറ കഥകളികേന്ദ്രം വാർഷിക ആഘോഷത്തിൽ അവതരിപ്പിച്ച കഥകളി നളചരിതം രണ്ടാംദിവസം
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 54–-ാമത് വാർഷികാഘോഷങ്ങൾ തുടങ്ങി. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ പി എൽ ബാബു ഉദ്ഘാടനം ചെയ്തു. മോഹൻബാബു അധ്യക്ഷനായി.
വൈസ് ചെയർപേഴ്‌സൺ രാധിക വർമ്മ, കെ നാരായണൻ, സുനോജ് പുലൂർ എന്നിവർ സംസാരിച്ചു. കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നളചരിതം രണ്ടാം ദിവസത്തെ ആട്ടക്കഥയെ ആസ്പദമാക്കി ആസ്വാദനക്ലാസ് സംഘടിപ്പിച്ചു. തുടർന്ന് നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി.
നളനായി പീശപ്പിള്ളി രാജീവും ദമയന്തിയായി ഡോ. ഹരിപ്രിയ നമ്പൂതിരിയും ഇന്ദ്രനായി നിഖിലയും കലിയായി ശിബി ചക്രവർത്തിയും പുഷ്കരനായി കലാമണ്ഡലം വിപിൻ ശങ്കറും കാട്ടാളനായി കലാമണ്ഡലം രാധാകൃഷ്ണനും രംഗത്തെത്തി. രാംമോഹൻ നെടുമ്പുള്ളി, കലാമണ്ഡലം യശ്വന്ത്, സാരംഗ് പുലൂർ, ഹരിശങ്കർ കണ്ണമംഗലം എന്നിവർ സംഗീതം ഒരുക്കി ചെണ്ടയിൽ കലാമണ്ഡലം വേണുമോഹൻ, കലാമണ്ഡലം നിതിൻ കൃഷ്ണ, കലാമണ്ഡലം ആദിത്യൻ, മദ്ദളത്തിൽ കലാനിലയം മനോജ്, ആർഎൽവി ജിതിൻ, കലാമണ്ഡലം ആകാശ് മേളത്തിൽ അകമ്പടിയായി.
ഞായർ പകൽ 2.30ന് പുറപ്പാടിന് ശേഷം സീതാസ്വയംവരം കഥകളി അരങ്ങേറും. ദീപക് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കഥകളി കേന്ദ്രം പുരസ്കാരങ്ങൾ വേദിയിൽ സമ്മാനിക്കും.









0 comments