കനിവ് ജില്ലാ വാർഷിക സമ്മേളനം ഇന്ന്

കൊച്ചി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ വാർഷിക സമ്മേളനം ഞായറാഴ്‌ച ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ ചേരും. രാവിലെ 9.30ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യും. കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനാകും.
സംവിധായകൻ ആഷിഖ് അബു മുഖ്യാതിഥിയാകും. കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ റിപ്പോർട്ട് അവതരിപ്പിക്കും. അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും.
2015ൽ പ്രവർത്തനമാരംഭിച്ച് 2017ൽ രജിസ്റ്റേർഡ് സംഘടനയായി മാറിയ കനിവിന് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ശാഖകളും ആയിരത്തിലേറെ പരിശീലനം ലഭിച്ച വളന്റിയർമാരുമുണ്ട്. ജില്ലയിൽ ഏഴായിരത്തോളം കിടപ്പുരോഗികളെ പരിചരിക്കുന്നതോടൊപ്പം 23 ഫിസിയോ തെറാപ്പി സെന്ററുകളിലൂടെ പ്രതിദിനം അറുന്നൂറോളംപേർക്ക് സൗജന്യ ഫിസിയോ തെറാപ്പി സേവനവും നൽകി വരുന്നു. സൗജന്യ ഫിസിയോതെറാപ്പി സേവനം നൽകുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യസേവന ശൃംഖലക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം 2024ൽ കനിവിന് ലഭിച്ചു.








0 comments