ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

കൊച്ചി
ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115–-204 മില്ലി മീറ്റർവരെ മഴ ലഭിക്കുന്ന അതിശക്തമായ മഴയായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
ജനങ്ങൾ പരമാവധി വീടിനുള്ളിൽത്തന്നെ കഴിയണം. പ്രളയമേഖലയിലും മണ്ണിടിച്ചിൽ മേഖലയിലുമുള്ള ജനങ്ങൾ അധികാരികളുടെ നിർദേശപ്രകാരം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴുമുതൽ പുലർച്ചെ ഏഴുവരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളിലും കടലിലും ഇറങ്ങരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. മലയോരമേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലയിലെ ജനങ്ങൾ ജാഗരൂകരാകണം. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ജലനിരപ്പ് ഉയരുമെന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.








0 comments