"സമൃദ്ധി'യുടെ 5 വർഷം
മേന്മ ചോരാതെ നഗരത്തിന്റെ രുചിയിടം

കൊച്ചി
കൊച്ചി നഗരത്തിലെ "സമൃദ്ധി’ക്കാലത്തിന് അഞ്ചുവയസ്സ് പൂർത്തിയാകുന്നു. കോർപറേഷനിലെ മുന്‍ എൽഡിഎഫ് കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളം നോർത്ത് പരമാര റോഡിൽ ആരംഭിച്ച സമൃദ്ധി@കൊച്ചി ഹോട്ടൽ കുറഞ്ഞ കാലത്തിനിടെ കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച അഞ്ചുവർഷങ്ങളാണ് പൂർത്തിയാക്കുന്നത്. പുതിയ കൗൺസിൽ അധികാരത്തിലെത്തിയശേഷം കൈക്കൊണ്ട നടപടികളിലെ ആശങ്കയും പേറിയാണ്
ആറാം വർഷത്തിലേക്കുള്ള സമൃദ്ധിയുടെ യാത്ര.
തുഛമായ വിലയ്‌ക്ക് ഗുണമേന്മയുള്ള സ്വാദേറിയ ഭക്ഷണം നഗരത്തിലെ മറ്റേതൊരു ഹോട്ടലുകളോടും കിടപിടിക്കുന്ന സൗകര്യങ്ങളോടെ ലഭ്യമാക്കിയതാണ് സമൃദ്ധിയെ ജനപ്രിയമാക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭത്തിലൂടെ 20 രൂപ മാത്രമുള്ള ഉൗണ് ഇതുവരെ 38 ലക്ഷം നൽകിക്കഴിഞ്ഞു. 14 പേരുമായി ആരംഭിച്ച സംരംഭത്തിൽ ഇന്ന് മുന്നൂറിലേറെ ജീവനക്കാരുണ്ട്. ഫോർട്ട്‌കൊച്ചി, കോർപറേഷൻ ആസ്ഥാന മന്ദിരം, ജിസിഡിഎ എന്നിവിടങ്ങളിലും സമൃദ്ധിയുടെ ഭോജനശാലകൾ പ്രവർത്തിക്കുന്നു.
യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയശേഷം രാഷ്‌ട്രീയ നേട്ടം ലക്ഷ്യമിട്ട് ഇടപ്പള്ളിയിൽ ഇന്ദിര കാന്റീൻ തുറന്നത് സമൃദ്ധിക്ക് വിനയായി. അവിടേക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയതുവഴി സമൃദ്ധിക്ക് 25 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ടായി. ഇതിനിടെ കൊച്ചി കപ്പൽശാലയിലെ സമൃദ്ധിയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. മുൻ കൗൺസിൽ നൽകിയതുപോലെ പിന്തുണയും സഹായവും യുഡിഎഫ് കൗൺസിലിൽ നിന്ന് ലഭിക്കാത്തതിനാൽ സമൃദ്ധിക്ക് ഇന്നത്തേതുപോലെ തുടരാനാകുമോയെന്ന ആശങ്കയും ഉയരുന്നു. അഞ്ചാം വാര്‍ഷികാഘോഷം നോർത്ത് പരമാര റോഡിലെ സമൃദ്ധിയില്‍ ഞായര്‍ വൈകിട്ട് അഞ്ചിന് ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും.








0 comments