print edition അദൃശ്യമായ അധ്വാനവും ദൃശ്യമാകുന്ന അവകാശങ്ങളും

ഡോ. കീർത്തി പ്രഭ
Published on Jan 11, 2026, 12:01 AM | 3 min read
ഒരു വീടിന്റെ ജനലുകൾ തുറക്കുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ നിശ്ശബ്ദമായി തുടരുന്ന ഒന്നാണ് വീട്ടമ്മമാരുടെ അധ്വാനം. പാചകം, ശുചീകരണം, കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണം എന്നിങ്ങനെ നീളുന്ന ഈ പട്ടികയെ സാമ്പത്തികശാസ്ത്രം ‘കെയർ ഇക്കോണമി' എന്ന് വിളിക്കുന്നു. എന്നാൽ, വിപണിയിൽ വിൽക്കപ്പെടാത്തതുകൊണ്ടുമാത്രം ഈ വിയർപ്പിന് പലപ്പോഴും നമ്മുടെ ജിഡിപി കണക്കുകളിൽ സ്ഥാനമില്ലാതെ പോകുന്നു. ഒരു സമൂഹത്തിന്റെ നിലനിൽപ്പിനാധാരമായ ഈ "അദൃശ്യമായ’ അടിത്തറയെ പുനർചിന്ത ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സുപ്രീംകോടതി ഇടപെടൽ വീട്ടമ്മമാരുടെ അധ്വാനത്തിന്
സാമ്പത്തികമൂല്യമുണ്ടെന്ന് സുപ്രീംകോടതി അടുത്തിടെ അടിവരയിട്ടു. 2021-ലെ ‘കീർത്തി വേഴ്സസ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി' എന്ന കേസ് ഇതിൽ സുപ്രധാനമാണ്. കൃത്യമായ ശമ്പളം ഇല്ലാത്തതിനാൽ അപകടമരണങ്ങൾ സംഭവിക്കുമ്പോൾ വീട്ടമ്മമാരുടെ നഷ്ടപരിഹാരം കണക്കാക്കാൻ പ്രയാസമായിരുന്നു. അവർക്ക് ഒരു ‘സാങ്കൽപ്പിക വരുമാനം' നിശ്ചയിക്കണമെന്നും ശമ്പളമുള്ള ഉദ്യോഗസ്ഥരെപ്പോലെതന്നെ അവരുടെ ‘ഭാവിസാധ്യതകൾ'കൂടി പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു തൊഴിലാളിയുടെ അധ്വാനത്തേക്കാൾ ഒട്ടും താഴെയല്ല വീടിനുള്ളിലെ സേവനമെന്നും റോഡപകടങ്ങളിൽ മരിക്കുന്ന വീട്ടമ്മമാരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നുമുള്ള ഈ വിധി നീതിന്യായചരിത്രത്തിലെ വലിയൊരു ചുവടുവയ്‌പാണ്.
ജിഡിപിയും അധ്വാനവും
നിലവിൽ ഇന്ത്യയുടെ ജിഡിപി കണക്കാക്കുമ്പോൾ വീട്ടമ്മമാരുടെ ശമ്പളമില്ലാത്ത ജോലികൾ അതിൽ ഉൾപ്പെടുന്നില്ല. അന്താരാഷ്ട്രപഠനങ്ങൾ സൂചിപ്പിക്കുന്നത്, സ്ത്രീകൾ ചെയ്യുന്ന ഇത്തരം ജോലികൾ ജിഡിപിയിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യയുടെ ജിഡിപി ഏകദേശം 10 മുതൽ 15 ശതമാനംവരെ വർധിക്കുമെന്നാണ്. പുരുഷന്മാരേക്കാൾ ശരാശരി അഞ്ചുമുതൽ 10 മടങ്ങുവരെ സമയം സ്ത്രീകൾ ഇത്തരം പ്രതിഫലമില്ലാത്ത ജോലികൾക്കായി ചെലവഴിക്കുന്നുണ്ടെന്ന് ‘ടൈം യൂസ് സർവേ'കൾ വ്യക്തമാക്കുന്നു. ഒരു പുരുഷൻ പുറത്ത് ജോലി ചെയ്ത് സമ്പാദിക്കുമ്പോൾ, അയാൾക്ക് ആ ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നത് വീട്ടിലെ കാര്യങ്ങൾ മറ്റൊരാൾ ഉത്തരവാദിത്വത്തോടെ നോക്കിനടത്തുന്നതുകൊണ്ടാണ്. ഈ ‘സപ്പോർട്ട് സിസ്റ്റം' ജിഡിപിയിൽ വിലയിരുത്തപ്പെടുന്നില്ല.
ജോലിയും റോളും
ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിയെ ‘ജോലി' എന്നും ‘റോൾ' എന്നും രണ്ടായി കാണാമെന്ന നിരീക്ഷണം ഇവിടെ പ്രസക്തമാണ്. നിശ്ചിത സമയവും ശമ്പളവുമുള്ള പ്രവൃത്തിയെ ജോലി എന്ന് വിളിക്കുമ്പോൾ, പാരന്റിങ് അല്ലെങ്കിൽ പങ്കാളി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഒരു ‘റോൾ' ആയിട്ടാണ് പൊതുവെ കണക്കാക്കുന്നത്. ഒരു ഡോക്ടറോ അധ്യാപകനോ അവരുടെ സേവനത്തിന് അപ്പോൾത്തന്നെ പ്രതിഫലം കൈപ്പറ്റുന്നുണ്ടെങ്കിലും ആ സേവനത്തിലൂടെ മറ്റൊരാൾ ഭാവിയിൽ നേടുന്ന വലിയ വിജയങ്ങളിൽ അവർക്ക് സാമ്പത്തികവിഹിതം ലഭിക്കുന്നില്ല. എന്നാൽ, കുടുംബം എന്ന വ്യവസ്ഥിതിയിൽ ഇത് വ്യത്യസ്തമാണ്. വീടിനുള്ളിലെ പാരന്റിങ്, അല്ലെങ്കിൽ ഒരു ഭാര്യ/ഭർത്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ‘റോൾ' ആയാണ് പൊതുവെ കാണുന്നത്.
വീട്ടമ്മമാരുടെ അധ്വാനത്തിന് മാസാമാസം ശമ്പളം ലഭിക്കുന്നില്ലെങ്കിലും, ഒരു ‘റോൾ' എന്ന നിലയിൽ അവർ കുടുംബത്തിന്റെ ആസ്തിയിൽ തുല്യപങ്കാളികളാണെന്ന ഒരു നിരീക്ഷണംകൂടി നിലവിലുണ്ട്. വിവാഹമോചന വേളയിൽ കോടതികൾ അനുവദിക്കുന്ന അലിമണി ഇത്തരത്തിൽ ഒരു വ്യക്തി കുടുംബത്തിനായി നൽകിയ സേവനത്തിനുള്ള സാമ്പത്തികമായ അംഗീകാരംകൂടിയാണ്.
സത്യത്തിൽ ഈ അവകാശങ്ങൾ സ്ത്രീകൾക്കുമാത്രമുള്ളതല്ല. വീട്ടിലെ കാര്യങ്ങൾ നോക്കിനടത്തുന്ന പുരുഷനാണെങ്കിലും സമാനമായ അവകാശങ്ങൾക്ക് അർഹതയുണ്ട്. ഒരാൾ വീട്ടുജോലികൾക്കായി സമയം മാറ്റിവയ്‌ക്കുന്നതുവഴി സ്വന്തം കരിയർ ഉപേക്ഷിക്കേണ്ടി വരുന്നുണ്ടെങ്കിൽ, അത് പങ്കാളിയുടെ കരിയർവളർച്ചയെ സഹായിക്കുന്നു. അതിനാൽ ആ വളർച്ചയുടെ വിഹിതം പങ്കാളിക്കും ലഭിക്കണം. പുറമെ കാണുന്ന സാമ്പത്തികവളർച്ചയുടെ യഥാർഥ ഇന്ധനം വീടിനുള്ളിലെ ഈ ശമ്പളമില്ലാത്ത അധ്വാനമാണ്. അത് അംഗീകരിക്കപ്പെടുമ്പോൾമാത്രമേ ഒരു രാജ്യം സാമ്പത്തികമായും സാമൂഹികമായും പൂർണമായ അർഥത്തിൽ വികസിതമാകുകയുള്ളൂ. വീട്ടമ്മയുടെ അധ്വാനത്തിന് സാമ്പത്തികമൂല്യം നൽകുന്നതുവഴി സ്ത്രീകളുടെ സാമൂഹികപദവി ഉയരുകയും അവർക്കായി കൂടുതൽ മികച്ച ആരോഗ്യ-ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാരിന് സാധിക്കുകയും ചെയ്യും. '
കേരളം ഉത്തമ മാതൃക
കെയർ ഇക്കോണമിയെയും വീട്ടമ്മമാരുടെ അധ്വാനത്തെയും അർഹമായ മൂല്യത്തോടെ കാണുന്ന കാര്യത്തിൽ കേരള സർക്കാർ രാജ്യത്തിന് തന്നെ വലിയൊരു മാതൃകയാണ്. ഇന്ത്യയിൽ ആദ്യമായി ലിംഗാധിഷ്ഠിത ബജറ്റിംഗ് നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്നായ കേരളം, വീടിനുള്ളിലെ സ്ത്രീകളുടെ അധ്വാനം സാമ്പത്തികമായ ഒരു സേവനമാണെന്ന് മുൻപേ തിരിച്ചറിഞ്ഞിരുന്നു.
കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വവും സുരക്ഷയും ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ മറ്റ് ക്ഷേമ പെൻഷനുകൾ ഒന്നുമില്ലാത്ത 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നുണ്ട്. തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ശരണ്യ പദ്ധതി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ വഴി നിരവധി സാമ്പത്തിക പദ്ധതികൾ നടക്കുന്നുണ്ട്.
സ്‌ത്രീകൾക്ക് ചെറുകിട ബിസിനസ്സുകൾ തുടങ്ങാൻ ലോണുകളും സബ്‌സിഡികളും കൂടാതെ പ്രവാസി മലയാളികളുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക പദ്ധതിയുമുണ്ട്. ബിസിനസ്സ് രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ 15 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ സോഫ്റ്റ് ലോൺ നൽകുന്നുണ്ട്. സർക്കാർ പദ്ധതികളുടെ ഓർഡറുകൾ ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇത് മുൻഗണന നൽകുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കെയർ ഇക്കോണമിയെ എങ്ങനെ നയരൂപീകരണത്തിന്റെ ഭാഗമാക്കാം എന്ന് കേരളം ഇന്ത്യയ്ക്ക് കാട്ടിക്കൊടുക്കുന്നു.










0 comments