ad
Deshabhimani

ബലാത്സംഗക്കേസ് വില്ലനായി; ഘാന താരം തോമസ് പാർട്ടിക്ക് കാനഡ വിസ നിഷേധിച്ചു, ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

thomas partey

Photo Credit:Ghana Football Association

വെബ് ഡെസ്ക്

Published on Jun 13, 2026, 12:31 PM | 1 min read

ടൊറന്റോ: യുകെയിൽ ഒന്നിലധികം ബലാത്സംഗക്കേസുകളിൽ വിചാരണ നേരിടുന്ന ഘാനയുടെ പ്രമുഖ മിഡ്ഫീൽഡർ തോമസ് പാർട്ടിക്ക് ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം നഷ്ടമാകും.


കാനഡ വിസ നിഷേധിച്ചതിനെത്തുടർന്ന് ബുധനാഴ്ച ടൊറന്റോയിൽ പനാമയ്‌ക്കെതിരെ നടക്കുന്ന ഘാനയുടെ ഉദ്ഘാടന മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയില്ലെന്ന് വെള്ളിയാഴ്ച ഫിഫ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.


ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ ഇമിഗ്രേഷൻ നടപടികളിലോ വിസ അനുവദിക്കുന്നതിലോ ഫിഫ ഇടപെടാറില്ലെന്നും, പ്രവേശനം അനുവദിക്കുന്നത് പൂർണ്ണമായും ആതിഥേയ സർക്കാരാണെന്നും കൺട്രോളിങ് ബോഡി വ്യക്തമാക്കിയിട്ടുണ്ട്.


ലഭ്യമായ വസ്തുതകളും രാജ്യത്തെ നിയമങ്ങളും അടിസ്ഥാനമാക്കിയാണ് വിസ അപേക്ഷകൾ വിലയിരുത്തുന്നതെന്നും, ലോകകപ്പ് പോലുള്ള വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നു എന്നതുകൊണ്ട് കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ വ്യക്തമാക്കി.


വിസ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് താരം യുഎസിലെ റോഡ് ഐലൻഡിലുള്ള ഘാനയുടെ ക്യാമ്പിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. കാനഡയിൽ കളിക്കാൻ കഴിയില്ലെങ്കിലും യുഎസിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ പാർട്ടിക്ക് കളിക്കാനാകും.


ജൂൺ 23-ന് മസാച്യുസെറ്റ്സിൽ ഇംഗ്ലണ്ടിനെതിരെയും ജൂൺ 27-ന് ഫിലാഡൽഫിയയിൽ ക്രോയേഷ്യക്കെതിരെയുമാണ് ഘാനയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങൾ.


2020-25 കാലഘട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനായി കളിക്കുന്നതിനിടയിൽ ഉയർന്നുവന്ന പരാതികളിലാണ് ഈ വർഷം നവംബറിലോ അതിനുശേഷമോ താരം വിചാരണ നേരിടാൻ ഇരിക്കുന്നത്.


നിലവിൽ സ്പെയിനിലെ വിയ്യാറയൽ ക്ലബ്ബിന് വേണ്ടി കളിക്കുന്ന 32-കാരനായ താരം തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ലോകകപ്പിൽ കളിക്കുന്ന മറ്റൊരു പ്രമുഖ താരമായ മൊറോക്കോയുടെ അഷ്റഫ് ഹക്കീമിയും സമാനമായ കേസിൽ പാരീസിൽ വിചാരണ നേരിടുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home