ad
Deshabhimani

തോറ്റ ചരിത്രമെഴുതിയവർ ഇനി ചരിത്രം തിരുത്താൻ; വീഴ്ചകളിൽ നിന്ന് പാഠം പഠിച്ച് അവരെത്തുന്നു,വനിതാ ലോകകപ്പിൽ ഇന്ന് അയർലൻഡിനെതിരെ സ്കോട്ലൻഡ്

scotland womens cricket team

Photo Credit:Cricket Scotland

വെബ് ഡെസ്ക്

Published on Jun 13, 2026, 01:17 PM | 2 min read

ലണ്ടൻ: വീഴ്ചകളിൽനിന്ന് പാഠമുൾകൊണ്ടാണ് സ്കോട്ട്‌ലൻഡ് വനിതാ ക്രിക്കറ്റ് ടീം ഇത്തവണ ലോകകപ്പ് വേദികളിലേക്ക് എത്തുന്നത്. രണ്ട് വർഷം മുമ്പ് തങ്ങളുടെ കന്നി ലോകകപ്പ് കളിക്കാനിറങ്ങി, പങ്കെടുത്ത നാല് മത്സരങ്ങളിലും ദയനീയമായി തോറ്റ്, കണ്ണീരോടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ടി വന്ന ഒരു ഭൂതകാലം അവർക്കുണ്ടായിരുന്നു.


എന്നാൽ ആ വീഴ്ചകളിൽ തളരാതെ, കഠിനാധ്വാനത്തിന്റെ പുതിയ ചരിത്രമെഴുതിയാണ് കാതറിൻ ബ്രൈസും സംഘവും വീണ്ടും ലോകകപ്പിന്റെ വൻവേദിയിലേക്ക് യോഗ്യത നേടി തിരിച്ചെത്തിയിരിക്കുന്നത്.


വലിയൊരു തിരിച്ചുവരവിനായി ഗ്ലോബൽ ക്വാളിഫയറിലെ 7 മത്സരങ്ങളിൽ 5 എണ്ണത്തിലും എതിരാളികളെ തരിപ്പണമാക്കിയാണ് അവർ ഇത്തവണ ടൂർണമെന്റിലേക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ വർഷത്തെ ക്വാഡ്രാംഗുലർ പരമ്പരയും അടുത്തിടെ നെതർലൻഡ്‌സ്, ബംഗ്ലാദേശ് എന്നിവർക്കെതിരായ ത്രിരാഷ്ട്ര പരമ്പരയും സ്വന്തമാക്കി കിരീടങ്ങളുടെ തിളക്കവുമായാണ് ഈ സ്കോട്ടിഷ് പടയുടെ വരവ്. ആദ്യ വാം-അപ്പ് മത്സരത്തിൽ നെതർലൻഡ്‌സിനെ തകർത്തുവിട്ടുകൊണ്ട് തങ്ങൾ ഇത്തവണ വെറും കാഴ്ചക്കാരാകാൻ വന്നവരല്ലെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.


യുകെയിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. എന്നാൽ ഐസിസിയുടെ അസോസിയേറ്റ് രാജ്യം മാത്രമായതിനാൽ ഒരു മത്സരത്തിന് പോലും സ്വന്തം മണ്ണിൽ ആതിഥേയത്വം വഹിക്കാൻ സ്കോട്ട്‌ലൻഡിന് അനുമതിയില്ല.


എങ്കിലും ഈ പ്രതിസന്ധിയെ വൈകാരികമായി നേരിടാനാണ് ടീമിന്റെ തീരുമാനം. "ഹോം ഗ്രൗണ്ടിൽ ഒരു ലോകകപ്പ് കളിക്കുന്നതിന് ഏറ്റവും അടുത്തുള്ള അന്തരീക്ഷമാണ് ഇത്. പ്രിയപ്പെട്ട ആരാധകർ ഗാലറിയിൽ ഞങ്ങൾക്ക് പിന്നിൽ അണിനിരക്കണം," ടീമിന്റെ വിശ്വസ്ത ലെഗ് സ്പിന്നർ അബ്തഹ മഖ്സൂദ് ആരാധകരോട് ആഹ്വാനം ചെയ്തു.


ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3:00 മണിക്ക് മാഞ്ചസ്റ്ററിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് ട്രാഫോർഡിൽ സ്കോട്ട്‌ലൻഡ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. പരമ്പരാഗത ചിരവൈരികളായ അയർലൻഡാണ് മുന്നിലുള്ള ആദ്യ വെല്ലുവിളി.


ചരിത്രത്തിൽ അയർലൻഡിനാണ് മേൽക്കൈയെങ്കിലും കഴിഞ്ഞ 5 വർഷത്തെ നേർക്കുനേർ പോരാട്ടങ്ങളിൽ ഇരുടീമുകളും 4-4 എന്ന നിലയിൽ തുല്യത പാലിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ഇരുടീമുകൾക്കും ജീവന്മരണ പോരാട്ടമാകും.


ബാറ്റിങ്ങിൽ ഫോമിലേക്ക് തിരിച്ചെത്തിയ 21-കാരി ഡാർസി കാർട്ടറും, ഓൾറൗണ്ട് മികവോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന നായിക കാതറിൻ ബ്രൈസും, മധ്യ ഓവറുകളിൽ മാന്ത്രിക സ്പിന്നുമായി റൺവേട്ടയ്ക്ക് തടയിടുന്ന അബ്തഹ മഖ്സൂദും ചേരുമ്പോൾ സ്കോട്ട്‌ലൻഡ് ക്യാമ്പ് വലിയ പ്രതീക്ഷയിലാണ്.


ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ് തുടങ്ങിയ വമ്പന്മാർ കാത്തിരിക്കുന്ന 'ഗ്രൂപ്പ് ഓഫ് ഡെത്തിൽ' നിന്ന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സ്കോട്ട്‌ലൻഡിന് ഇന്ന് അയർലൻഡിനെതിരെ ഒരു വമ്പൻ വിജയം അനിവാര്യമാണ്. പരാജയങ്ങളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുവന്ന സ്കോട്ടിഷ് വനിതകൾ ഇന്ന് പുതിയൊരു ചരിത്രമെഴുതുമോ എന്ന് കാത്തിരുന്ന് കാണാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home