കളം വാഴാൻ സ്വിറ്റ്സർലൻഡ്; വിജയത്തിന്റെ സ്വാദറിയാൻ ഖത്തർ

സാൻ ഫ്രാൻസിസ്കോ: യുറോപ്പിന്റെ പ്രതിരോധക്കരുത്തായ സ്വിറ്റ്സർലൻഡുമായാണ് മത്സരമെങ്കിലും ലോകകപ്പിൽ, ആദ്യവിജയത്തിന്റെ മധുരമറിയാനാണ് ഖത്തർ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ ആതിഥേയരെന്ന ആനുകൂല്യത്തിൽ കളത്തിലെത്തിയെങ്കിലും മൂന്ന് കളിയിലും തോറ്റ് പുറത്തായി. യോഗ്യതാമത്സരങ്ങൾ കളിച്ചാണ് ഇക്കുറി വരവ്.
ഹസൻ അൽ ഹൈദോസ് നയിക്കുന്ന ടീമിൽ അൽമോസ് അലിയും അക്രം അഫിഫുമാണ് കുന്തമുനകൾ. കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ് കളിക്കുമോയെന്നാണ് കേരളം കാത്തിരിക്കുന്നത്. പകരക്കാരനായെങ്കിലും പരിശീലകൻ ലൊപെടെഗുയ് പത്തൊമ്പതുകാരനെ കളത്തിലിറക്കുമോയെന്നാണ് ആകാംക്ഷ. കലിക്കറ്റ് സർവകലാശാല മുൻ താരമായ ജംഷിദിന്റെയും ഷൈമയുടെയും മകനായ തഹ്‌സിൻ ജനിച്ചതും വളർന്നതും ഖത്തറിലാണ്.
പ്രതിരോധ ഫുട്‌ബോളിന്റെ ആശാന്മാമാരായ സ്വിറ്റ്‌സർലൻഡിന് 13–ാം ലോകകപ്പാണ്. തുടർച്ചയായ ആറാം ലോകകപ്പ്. മൂന്ന് വട്ടം ക്വാർട്ടറിലെത്തി. യോഗ്യതാ റൗണ്ടിൽ തോൽവി അറിയാതെയാണ് മുന്നേറിയത്. നാല് ജയവും രണ്ട് സമനിലയും നേടി. മധ്യനിര താരം ഗ്രാനിത് ഷാകയാണ് പ്രമുഖൻ. ഇന്റർമിലാന് കളിക്കുന്ന പ്രതിരോധക്കാരൻ മാനുവൽ അകാഞ്ഞിയുടെ അനുഭവസമ്പത്ത് നിർണായകമാകും. ഗോൾകീപ്പർ ഗ്രെഗർ കോബലാണ് മറ്റൊരു പ്രമുഖൻ. മുറ്റാറ്റ് യാകിൻ ആണ് പരിശീലകൻ.









0 comments