ad
Deshabhimani

അഫ്ഗാൻ വനിതാ അഭയാർത്ഥി ടീമിന്റെ ഭാവി മാറ്റാൻ ഐസിസി; വാർഷിക കോൺഫറൻസിൽ നിർണ്ണായക ചർച്ച

afgan refugi womens team

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 13, 2026, 11:43 AM | 1 min read

ലണ്ടൻ: താലിബാൻ ഭരണകൂടത്തിന്റെ കടുത്ത വിലക്കുകളെ തുടർന്ന് സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെട്ട അഫ്ഗാനിസ്ഥാൻ വനിതാ അഭയാർത്ഥി ക്രിക്കറ്റ് ടീമിന്റെ ഭാവി ഫണ്ടിങ് സംബന്ധിച്ച കാര്യങ്ങൾ അടുത്ത മാസം നടക്കുന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക കോൺഫറൻസിൽ പ്രധാന ചർച്ചാവിഷയമാകും.


ജൂലൈ 8 മുതൽ എഡിൻബർഗിൽ ആരംഭിക്കുന്ന നാല് ദിവസത്തെ ഐസിസി യോഗത്തിൽ, അഭയാർത്ഥി താരങ്ങളെ ക്രിക്കറ്റിലേക്ക് കൂടുതൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും സുസ്ഥിരമായ സാമ്പത്തിക സഹായ പദ്ധതി രൂപീകരിക്കുന്നതിനെക്കുറിച്ചും വിപുലമായ ചർച്ചകൾ നടക്കും.


2021-ൽ താലിബാൻ അധികാരത്തിൽ വന്നതോടെ കായികരംഗത്ത് സ്ത്രീ പങ്കാളിത്തം അഫ്ഗാനിസ്ഥാനിൽ പൂർണ്ണമായും നിരോധിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാജ്യം വിടേണ്ടി വന്ന ഇരുപതിലധികം മുൻ ദേശീയ താരങ്ങളെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ വർഷം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ ക്രിക്കറ്റ് ബോർഡുകളും ഐസിസിയും സംയുക്തമായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു.


ഇതിന്റെ ഭാഗമായി ഈ വേനൽക്കാലത്ത് ടി20 വികസന മത്സരങ്ങളുടെ പരമ്പരയ്ക്കായി അഫ്ഗാൻ വനിതാ അഭയാർത്ഥി ടീം ഇപ്പോൾ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നുണ്ടെങ്കിലും, നിലവിലെ സാമ്പത്തിക സഹായം വരും ഓഗസ്റ്റോടെ അവസാനിക്കുകയാണ്.


ഈ സാഹചര്യത്തിൽ ടീമിന്റെ നിലനിൽപ്പിനായി സുസ്ഥിരമായ ഒരു ഫണ്ടിങ് മാതൃക കണ്ടെത്താൻ ഐസിസി തയ്യാറാകണമെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ക്ലെയർ കോണർ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ തങ്ങൾക്ക് ഔദ്യോഗികമായി പങ്കെടുക്കാനുള്ള അംഗീകാരം വേണമെന്നാണ് നിലവിൽ വിദേശത്ത് അഭയാർത്ഥികളായി കഴിയുന്ന അഫ്ഗാൻ വനിതാ താരങ്ങളുടെ പ്രധാന ആവശ്യം.


കഴിഞ്ഞ ഏപ്രിലിൽ അന്താരാഷ്ട്ര വനിതാ ഫുട്ബോൾ മത്സരങ്ങളിലേക്ക് തിരിച്ചുവരാൻ അഫ്ഗാനിസ്ഥാന് ഫിഫ അനുമതി നൽകിയിരുന്നു. ഇത് ക്രിക്കറ്റിലും തങ്ങൾക്ക് അനുകൂലമായ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്ന വലിയ പ്രതീക്ഷയാണ് അഫ്ഗാൻ വനിതാ താരങ്ങൾക്ക് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home