വൈഭവത്തിന് പിന്നാലെ അനുജനും; സമസ്തിപൂരിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ആശിർവാദ് സൂര്യവംശി

Photo Credit:Social Media
സമസ്തിപൂർ: ഐപിഎൽ 2026-ലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിഹാർ സ്വദേശി വൈഭവ് സൂര്യവംശിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു യുവതാരം കൂടി ശ്രദ്ധേയനാകുന്നു.
വൈഭവിന്റെ ഇളയ സഹോദരൻ ആശിർവാദ് സൂര്യവംശിയാണ് പ്രാദേശിക മത്സരത്തിൽ അടിച്ചുകൂട്ടിയ അത്യുഗ്രൻ സെഞ്ചുറിയോടെ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിഹാറിലെ സമസ്തിപൂരിൽ നടന്ന പ്രാക്ടീസ് മത്സരത്തിലാണ് ആശിർവാദിന്റെ തകർപ്പൻ ബാറ്റിങ് വിരുന്ന്.
ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി പാഡണിഞ്ഞ ആശിർവാദ് 87 പന്തുകളിൽ നിന്നാണ് 103 റൺസ് അടിച്ചുകൂട്ടിയത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ഈ യുവതാരത്തിന്റെ ഇന്നിങ്സ്. 118.39 സ്ട്രൈക്ക് റേറ്റിൽ റൺസ് വാരിയ അനുജന്റെ ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വൈഭവ് സൂര്യവംശി നേരിട്ട് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.
അടുത്തിടെ സമാപിച്ച ഐപിഎൽ 2026 ടൂർണമെന്റിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയാണ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചത്. സായ് സുദർശൻ, ശുഭ്മാൻ ഗിൽ, വിരാട് കോലി തുടങ്ങിയ പ്രമുഖരെ പിന്തള്ളിയായിരുന്നു വൈഭവിന്റെ ഈ കുതിപ്പ്. ഇതേത്തുടർന്ന് ജൂൺ 6-ന് താരത്തിന് ഇന്ത്യൻ ടീമിലേക്ക് ഔദ്യോഗികമായി വിളിയെത്തുകയും ചെയ്തിരുന്നു.
വൈഭവിന് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചതിന് പിന്നാലെ സമസ്തിപൂർ ജില്ലയിലെ താജ്പൂർ ഗ്രാമം ഒന്നടങ്കം വലിയ ഉത്സവലഹരിയിലാണ്. മകൻ ഇന്ത്യൻ ജേഴ്‌സി അണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് പിതാവ് സഞ്ജീവ് സൂര്യവംശി.
വൈഭവ് ചെറുപ്പം മുതൽ രാജ്യത്തിനായി കളിക്കുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തവനാണെന്നും ഇന്ന് അവന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചതിൽ കുടുംബവും സമൂഹവും ഒരുപോലെ സന്തോഷിക്കുന്നതായും അദ്ദേഹം ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.










0 comments