പൊന്നിൻ ഹർഷിതാരവം

വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ പൊന്നണിഞ്ഞശേഷം ഹർഷിത ജയറാമിന്റെ ആഘോഷം / ഫോട്ടോ: പി ദിലീപ്കുമാർ
ഡോ. കീർത്തിപ്രഭ
Published on Mar 02, 2025, 12:00 AM | 3 min read
ഉത്തരാഖണ്ഡിലെ കുമയൂണിലെ വലിയ നഗരമാണ് ഹൽദാനി. അവിടെയാണ് 2015ലെ 38–-ാമത് ദേശീയ ഗെയിംസ് നടന്നത്. ബംഗളൂരു മലയാളിയായ തൃശൂർക്കാരി പെൺകുട്ടി സുവർണ ചരിത്രമെഴുതിയതും അതേ ഹൽദാനിയിലാണ്. ഒരു ഗെയിംസിൽ മൂന്ന് സ്വർണം നേടുന്ന ആദ്യത്തെ മലയാളി വനിതാ നീന്തൽ താരം, ഹർഷിത ജയറാം. നീന്തലിൽ വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടിയാണ് ആ ഇരുപത്തിമൂന്നുകാരി കേരളത്തിന്റെ ‘ഗോൾഡൻ ഗേൾ' ആയി മാറിയത്. ഒരു മിനിറ്റ് 14.34 സമയത്തിലായിരുന്നു ഈ നേട്ടം കൈവരിച്ചത്. ഇതേ ഇനത്തിൽ ഗോവ ഗെയിംസിൽ റെക്കോഡും. തൃശൂരാണ് സ്വദേശമെങ്കിലും ബംഗളൂരുവിലാണ് വളർന്നതും പഠിച്ചതുമെല്ലാം. ബംഗളൂരുവിൽ ബിസിനസ്‌മാനായ ജയറാമിന്റെയും വീട്ടമ്മയായ മമതയുടെയും മകളാണ് ഹർഷിത. കേരളം നൽകിയ പിന്തുണകളെക്കുറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് ഹർഷിത പറയുന്നത്. ഇന്ത്യയിലും കേരളത്തിലും ലോകോത്തര നിലവാരമുള്ള പരിശീലന കേന്ദ്രങ്ങളും ഈ പെൺകുട്ടിയുടെ ആഗ്രഹങ്ങളാണ്. ഹർഷിത സംസാരിക്കുന്നു.
സ്വപ്‌നങ്ങളുടെ തുടക്കം
എന്നെയും എന്റെ സഹോദരിയെയും ഏതെങ്കിലും കായിക ഇനത്തിന്റെ ഭാഗമാക്കാൻ രക്ഷിതാക്കൾ ആഗ്രഹിച്ചിരുന്നു. വീടിനോട് ചേർന്ന് സ്വിമ്മിങ് പൂൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളെ നീന്തലിന് ചേർത്തു. ഇത് ആദ്യം ഒരു ഹോബി ആയിട്ടാണ് ആരംഭിച്ചത്. പിന്നീട് ഞാൻ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടാൻ തുടങ്ങിയപ്പോൾ നല്ലൊരു സ്വിമ്മർ ആകുന്നത് സ്വപ്നം കാണുന്ന നിലയിലേക്ക് എന്നെ എത്തിച്ചു.
എപ്പോഴും കൂടെ
സ്വിമ്മിങ് കരിയറിൽ രക്ഷിതാക്കളാണ് എന്റെ ഏറ്റവും വലിയ പിന്തുണ. നീന്തലിൽ ഞാൻ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നത് അവരുടെകൂടി സ്വപ്നമാണ്. അച്ഛൻ തൃശൂരുകാരനാണ്. പക്ഷേ, ബിസിനസ് ആവശ്യങ്ങൾക്കായി ബംഗളൂരുവിലേക്ക് മാറി. അതുകൊണ്ട് ഞാൻ ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്. കണ്ണൂർ സ്വദേശിയും നിലവിൽ ബംഗളൂരുവിൽ നീന്തൽ പരിശീലനം നടത്തുന്നയാളുമായ എ സി ജയരാജനാണ് കോച്ച്. 16 വർഷമായി ഞാൻ അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നടത്തുന്നു.
നീന്തലിലെ ഇഷ്ട ഇനങ്ങൾ
നീന്തലിൽ പ്രിയപ്പെട്ട ഇനങ്ങൾ 100m, 200m & 50m ബ്രെസ്റ്റ് സ്ട്രോക്കാണ്. കാരണം, കുട്ടിക്കാലത്ത് ഞാൻ എന്റെ സഹോദരി ബ്രെസ്റ്റ് സ്ട്രോക്ക് ചെയ്യുന്നത് കാണാറുണ്ടായിരുന്നു. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 2013ൽ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ എനിക്ക് ആദ്യത്തെ ദേശീയ മെഡൽ ലഭിച്ചു. 2026ലെ ഏഷ്യൻ ഗെയിംസിനും 2028ലെ ഒളിമ്പിക്സിലും യോഗ്യത നേടുക എന്നതാണ് സ്വപ്നം.
ചെലവേറിയത്
ചെറുപ്പത്തിൽ എന്റെ നീന്തൽ ചെലവ് അച്ഛൻ നോക്കുന്ന സമയത്ത് പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നില്ല. കോവിഡിനുശേഷം ബിസിനസ് അൽപ്പം കുറഞ്ഞു. ഞാൻ ജോലിയിൽ പ്രവേശിച്ചതിനാൽ നീന്തൽ പരിശീലന ചെലവുകളുടെ ഉത്തരവാദിത്വം ഞാൻതന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു. അപ്പോഴാണ് നീന്തൽ ചെലവേറിയ കായിക വിനോദമാണെന്ന് മനസ്സിലാക്കിയത്.
യുവാക്കളോട്
സ്‌പോർട്‌സ് കേവലം ശാരീരിക പ്രവർത്തനമോ ജയമോ തോൽവിയോ മാത്രമല്ല. സ്‌പോർട്‌സ് ഒരു വ്യക്തിക്ക് അച്ചടക്കവും വ്യക്തിത്വവും നൽകുന്നതിനപ്പുറം അവരിൽ ശക്തമായ മനസ്സും ശരീരവും കെട്ടിപ്പടുക്കുന്നു. പലരും ഡോക്ടറും എൻജിനിയറും ആകാൻ ലക്ഷ്യമിട്ട് അക്കാദമിക് രംഗത്ത് പഠിക്കുന്നത് നമ്മൾ കാണുന്നു, എന്നാൽ, ഇന്ത്യയിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് കായികരംഗത്തെ പിന്തുടരുന്നത്. കൂടുതൽ യുവാക്കൾ കായികരംഗത്ത് തുടരാനും ദേശീയ-‐അന്തർദേശീയ തലങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും നമ്മുടെ രാജ്യത്തിന് മഹത്വം കൊണ്ടുവരാനും കഴിയണം. ഇന്ത്യയിൽ നീന്തൽ ഒരു ശരാശരി കായിക ഇനം ആയതിനാൽ, അച്ഛനമ്മമാർ മുൻകൈയെടുക്കുകയും കുട്ടികളെ കായികരംഗത്ത് പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഇതുവഴി ആ കായികതാരവും കായിക ഇനവും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും അതിലൂടെ അംഗീകാരവും പിന്തുണയും ലഭിക്കുകയും ചെയ്യും.
അഭിമാന നിമിഷം
ഗെയിംസിൽ 3 സ്വർണം നേടുന്ന കേരളത്തിൽനിന്നുള്ള ആദ്യ വനിത ഞാനാണെന്നറിയുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. എന്നെ ഈ സ്‌പോർട്സിലേക്ക് എത്തിച്ചതിനും പിന്തുണച്ചതിനും ഞാൻ എന്റെ രക്ഷിതാക്കളോട് എന്നും കടപ്പെട്ടിരിക്കുന്നു. എപ്പോഴും പ്രോത്സാഹിപ്പിച്ചതിന് എന്റെ പരിശീലകൻ ജയരാജൻ സാറിനോടും നന്ദി പറയുന്നു. ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്യാൻ അവസരമൊരുക്കിയ കേരള സ്വിമ്മിങ് അസോസിയേഷനോടും വലിയ നന്ദിയുണ്ട്.
പഠനം, ജോലി
എന്റെ സ്കൂൾ, കോളേജ് പഠനങ്ങളൊക്കെ ബംഗളൂരിൽ ആയിരുന്നു. ബികോമിൽ ബിരുദം നേടി. അതിനുശേഷം ഇന്ത്യൻ റെയിൽവേയിൽ സീനിയർ ടിക്കറ്റ് എക്സാമിനറായി ബാംഗ്ലൂർ കന്റോൺമെന്റിൽ ജോലി ചെയ്യുന്നു.
കേരളം
മുൻ ദേശീയ ഗെയിംസ് മെഡലുകൾക്ക് കേരള സർക്കാർ സമ്മാനത്തുക അനുവദിച്ചിരുന്നു. ഇതുവരെ കേരളത്തിന്റെ നീന്തൽ അസോസിയേഷനും കേരള ഒളിമ്പിക് അസോസിയേഷനും എനിക്ക് അവസരങ്ങൾ നൽകുന്നതിൽ മികച്ച പിന്തുണയാണ് നൽകിയത്. ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എല്ലാ അത്‌ലറ്റുകൾക്കും അവർ യാത്രാ ടിക്കറ്റുകളും ബുക്ക് ചെയ്തു. അന്താരാഷ്ട്രതലത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും നീന്തൽക്കുളങ്ങളും ലോകോത്തര പരിശീലനവും ഇന്ത്യയിലും കേരളത്തിലും ഞാൻ പ്രതീക്ഷിക്കുന്നു.









0 comments