print edition ബേർഡ്‌സ് ഓൺ കാമറ

വൈൽഡ് ഫോട്ടോഗ്രാഫർ ഫൈറോസ് ബീഗം

റഷീദ് ആനപ്പുറം
Published on Oct 25, 2026, 01:00 AM | 2 min read
മലപ്പുറം വലിയങ്ങാടിയിലെ വീടിന്റെ ഉമ്മറത്തിരുന്ന് പക്ഷികളുടെ ചിറകടിയുടെ ശബ്‌ദം ഏറെ കേട്ടിട്ടുണ്ട് ആ പെൺകുട്ടി. മുറ്റത്തെ മാവിൽ കൂടുകൂട്ടിയ പക്ഷികളെ എന്നും കൗതുകത്തോടെ വീക്ഷിച്ചു. പാട്ടുപാടുന്ന കുയിലും കതിരിൽ ഉൗഞ്ഞാലാടുന്ന തത്തയും മുറ്റത്ത് വിരുന്നെത്തുന്ന മൈനയും... അങ്ങനെ പക്ഷികൾ ഓരോന്നായി ആ മനസ്സിൽ കൂടുകൂട്ടി. ഇന്ന് പക്ഷികൾക്കൊപ്പം ദേശാന്തരയാത്രയിലാണിവർ. കൂട്ടിന് കാമറയുമുണ്ട്. ആ കാമറയിൽ പിറക്കുന്നതാകട്ടെ അപൂർവപക്ഷികളുടെ അഴകുള്ള ചിത്രങ്ങളും. വൈൽഡ് ഫോട്ടോഗ്രാഫർ ഫൈറോസ് ബീഗത്തിന് പക്ഷികൾ കുഞ്ഞുനാൾ മുതലേയുള്ള കൂട്ടുകാർ.
പക്ഷികളെ തേടി ലോകം ചുറ്റുകയാണ് ഫെെറോസ് ബീഗം. ഇവരുടെ കാമറയിൽ അപൂർവ പക്ഷികളുടെയടക്കം ചിത്രങ്ങളേറെ പതിഞ്ഞിട്ടുണ്ട്. യാത്രയിൽ കൂട്ടായി ജീവിതപങ്കാളി എം എ ലത്തീഫുമുണ്ട്. ഇരുവരും സഞ്ചരിക്കാത്ത പക്ഷിസങ്കേതങ്ങളില്ല. മിക്കരാജ്യങ്ങളിലേക്കും തങ്ങളുടെ കാമറയുമായി പക്ഷികളെ തേടി ഇവർ യാത്രപോയിട്ടുണ്ട്. പകർത്തിയ ഫോട്ടോകളുടെ പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത Dark-sided Flycatcher പക്ഷിയെ കണ്ടെത്തിയത് ഫൈറോസ് ബീഗമാണ്.
ഫൈറോസ് ബീഗം ഫോട്ടോഗ്രഫിയുടെ സാങ്കേതികവശങ്ങൾ ആദ്യം പഠിച്ചത് മഞ്ചേരിയിൽ ഫോട്ടോഗ്രഫി പരിശീലനത്തിൽനിന്നാണ്. വീട്ടുമുറ്റത്തും പറന്പിലും കാണുന്ന പക്ഷികളുടെ ഫോട്ടോകളെടുത്ത് തുടങ്ങിയ അവർ അപൂർവപക്ഷികളെ തേടി യാത്രയും ആരംഭിച്ചു. ആദ്യയാത്ര ഉൗട്ടി, ബംഗളൂരു, മൈസൂരു, ഗവി എന്നിവിടങ്ങളിലേക്കായിരുന്നു. കടലുണ്ടി, തണ്ണീർമുക്കം, കുമരകം എന്നിവിടങ്ങളിൽ ദേശാടനപ്പക്ഷികളെ തേടിയും കാമറയുമായി അലഞ്ഞു. ഫ്രാൻസ്, ബൽജിയം, നെതർലാൻഡ്, ജർമനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, മലേഷ്യ എന്നിവിടങ്ങളും സന്ദർശിച്ച് അത്യപൂർവ പക്ഷികളുടെ സൗന്ദര്യം ഒപ്പി.
2018ൽ ലൈറ്റ് സോഴ്സ് കാമറ വാക്കേഴ്സിന്റെ ഫെലോഷിപ് ലഭിച്ചു. ‘വീട്ടുമുറ്റത്തെ പക്ഷികൾ’ എന്ന സീരീസിനായിരുന്നു ഫെലോഷിപ് ലഭിച്ചത്. മലപ്പുറം ആർട്ട് ഗാലറിയിലും കോഴിക്കോട്, വളാഞ്ചേരി എന്നിവിടങ്ങളിലും ഫോട്ടോപ്രദർശനം നടത്തി. ഫോട്ടോമ്യൂസ്, ലൈറ്റ് സോഴ്സ്, ഇന്ദുചൂഡൻ ഫൗണ്ടേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ നടത്തിയ ഇരുപത്തഞ്ചിലധികം പ്രദർശനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. വീടിന്റെ പരിസരത്തുനിന്ന് സ്വന്തമായി പകർത്തിയ പക്ഷികളുടെ ചിത്രങ്ങൾമാത്രം ഉൾപ്പെടുത്തി കുട്ടികളിൽ പക്ഷിനിരീക്ഷണത്തിന് താൽപ്പര്യമുണർത്തുന്ന ‘വീട്ടിലെത്തിയ വിരുന്നുകാർ' എന്ന പുസ്‌തകം രചിച്ചു. 2022ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്‌തകത്തിന് 2025ൽ വിജ്ഞാനീയം വിഭാഗത്തിൽ കേരള ബാലസാഹിത്യ സംസ്ഥാന അവാർഡ് ലഭിച്ചു. ലൈറ്റ് സോഴ്സ്, ഫോട്ടോമ്യൂസ് കേരള എന്നിവയിലെ ലൈഫ്ടൈം അംഗമാണ്. പരേതനായ റിട്ടയേർഡ് അധ്യാപകൻ പൂളക്കണ്ണി കുഞ്ഞുമൊയ്‌തീൻ കുട്ടിയുടെയും പരേതയായ പി ഖദീജയുടെയും മകളായ ഫൈറോസ് ബീഗം നിലവിൽ മലപ്പുറം മുണ്ടുന്പറന്പിലാണ് താമസം. സിവിൽ എൻജിനിയറായ റിസ്‌മയും വിദ്യാർഥിയായ ഐഷ ഷഹ്‌മിയുമാണ് മക്കൾ.









0 comments