ad
Deshabhimani

print edition ഉറുദു സാഹിത്യത്തിലെ ആദ്യ പെൺശബ്ദം: അദ ജാഫ്രിയുടെ ജീവിതവും കവിതയും

അദജാഫ്രി

അദജാഫ്രി

avatar
അബ്ദുള്ള പേരാമ്പ്ര

Published on Sep 13, 2026, 01:30 AM | 2 min read

സമ്പന്നവും വിശാലവുമായ ഉറുദു സാഹിത്യത്തിലെ ആദ്യ പെൺശബ്‌ദമായിരുന്നു അദ ജാഫ്രി. ജനിച്ചപ്പോൾ മാതാപിതാക്കൾ അസീസ് ജഹാൻ എന്നാണ് പേര് വിളിച്ചതെങ്കിലും പിൽക്കാലത്ത് അദ ജാഫ്രിയെന്ന് അറിയപ്പെടുകയായിരുന്നു. എഴുത്തിൽ സ്ത്രീ ശബ്‌ദങ്ങൾ തുലോം വിരളമായിരുന്ന കാലത്ത് പ്രതിഭയുടെ തിളക്കംകൊണ്ട് കവയിത്രിയായി തീർന്നു. ‘എഴുത്തുകാരിയുടെ മുറി' എന്ന സങ്കൽപ്പത്തെ യാഥാർഥ്യമാക്കി മാറ്റുക എന്ന പണിപ്പെട്ട ദൗത്യമാണ്‌ അവർ നിറവേറ്റിയത്‌.

ഉത്തർപ്രദേശിലെ ബദയൂൻ എന്ന പ്രദേശത്ത് 1924ലായിരുന്നു ജാഫ്രിയുടെ ജനനം. സ്വാതന്ത്ര്യാനന്തരം അവർ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറി. ഗസൽ പാട്ടുകൾ രചിച്ചായിരുന്നു തുടക്കമെങ്കിലും ഉറുദു കവിതയിലെ ആദ്യത്തെ പെൺശബ്‌ദം എന്ന ഖ്യാതി വൈകാതെതന്നെ ജാഫ്രി നേടി. കവിതയിൽമാത്രമല്ല കഥയിലും നോവലിലും ലേഖനമെഴുത്തിലും അവർ പ്രതിഭ തെളിയിച്ചു. സ്ത്രീകൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കാനോ സ്വന്തമായി അഭിപ്രായങ്ങൾ തുറന്നുപറയാനോ കഴിയാതിരുന്ന സാമൂഹ്യ വ്യവസ്ഥയിൽനിന്നാണ് ജാഫ്രിയുടെ എഴുത്ത്‌ അടയാളപ്പെടുന്നത്.


അതിന് അവർ ഏറെ സഹിക്കുകയും ത്യജിക്കുകയും വേണ്ടിവന്നു. അസമത്വങ്ങൾക്കും ജീർണതകൾക്കുംനേരെ അവർ ശബ്‌ദമുയർത്തി. 1950കളാകുമ്പോഴേക്കും ഉറുദു സാഹിത്യത്തിൽ അവരെ അവഗണിക്കാൻ കഴിയാതായി. വിലക്കുകളെ അതിജീവിക്കാൻ താങ്ങും തണലുമായി ജാഫ്രിയുടെ കൂടെ നിന്നത് അമ്മയും ഭർത്താവായ നൂറുൽ ഹസൻ ജാഫ്രിയുമായിരുന്നു. അക്തർ ശീറാനിയെയും ജാഫർ അലിഖാനെയും പോലെയുള്ള പ്രതിഭകൾ ജാഫ്രിക്ക് കൂടുതൽ കരുത്തുനൽകി.


പലപ്പോഴും ജാഫ്രിയുടെ കവിതകളെ മെച്ചപ്പെടുത്താൻ ഇവരുടെ സഹായം ലഭിച്ചു. സ്ത്രീ സമൂഹം നേരിട്ട വിവേചനവും നീതിരാഹിത്യവും ജാഫ്രിയെ ചൊടിപ്പിക്കുകയും അതിനെതിരെ തന്റെ രചനകൾകൊണ്ട് പ്രതിരോധിക്കുകയും ചെയ്‌തു. അങ്ങനെ നോക്കുമ്പോൾ ഉറുദു സാഹിത്യത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് എഴുത്തുകാരികൂടിയാണ് ജാഫ്രി. ഭാര്യ, അമ്മ എന്നീ നിലയിലും അനുഭവിച്ച യാഥാർഥ്യങ്ങളെ എഴുത്തിലേക്ക് കൊണ്ടുവരിക വഴി പരസ്യമായ പല ബിംബങ്ങളെയും തകർത്തെറിയാൻ അവർക്ക് കഴിഞ്ഞു.

കവിതയോടൊപ്പംതന്നെ ഗസൽ രചനയിലും അവർ പ്രാവീണ്യം നേടി. രചനകളിൽ മുന്തിനിൽക്കുന്നത് ഗസലുകളാണെന്ന്‌ കാണാം. ഒപ്പം ഉറുദു ഭാഷയിലെ ഹൈക്കു കവിതകളെ അവർ അത്രയേറെ പ്രണയിച്ചു. 1945ലാണ് അവരുടെ ഗസലുകൾ പരക്കെ വ്യാഖ്യാനിക്കപ്പെടുന്നത്. 1950ൽ ‘ഗസൽ നുമാ' എന്ന പേരിൽ പുസ്തകവും പുറത്തിറക്കി. 1987 ആകുമ്പോഴേക്കും ഉറുദു പദ്യസാഹിത്യത്തിൽ ജാഫ്രിയുടെ 5 സമാഹാരങ്ങൾ ഇറങ്ങി. ഉസ്‌താദ്‌ അമാനത്ത് അലി ഖാൻ പാടി പ്രചരിപ്പിച്ച പല ഗസലുകളും ജാഫ്രിയുടേതാണ്.

ജാപ്പനീസ് ഹൈക്കു കവിതാരീതിയെ ഉറുദു കവിതയിൽ കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് അദ ജാഫ്രി. പ്രകൃതിയും ഭാവനയും ചേർന്ന മനോഹരമായ കവിതകളായി അവ മാറി.

‘എന്റെ കൈകൾ

മുള്ളുകളാൽ മുറിപ്പെട്ടിരിക്കുന്നു

അതിനാലെനിക്ക്,

മുടിയെ പൂവിനാൽ അലങ്കരിക്കാനായി'


ഇത്തരം ഭാവാത്മകമായ ധാരാളം ഹൈക്കുകൾ ജാഫ്രിയുടേതായുണ്ട്. ഒരു പുതിയ തുടക്കത്തിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ ഒരു കവിതയിൽ പറയുന്നുണ്ട്. ആ അന്വേഷണം 2015ൽ ജീവിതാന്ത്യംവരെ തുടർന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home