print edition പവർ കട്ടിൽ വലഞ്ഞ് വ്യവസായ മേഖല; അറിയണം ഇൗ നഷ്‌ടക്കണക്ക്

കോട്ടയം പൂവന്തുരുത്ത് വ്യവസായ വികസന പ്ലോട്ടിലെ റബർമാറ്റ് ഫാക്‌ടറിയിൽ ഉടമ കെ പി ബാബു
സുമേഷ് കെ ബാലൻ
Published on Sep 13, 2026, 01:37 AM | 1 min read
കോട്ടയം : ‘നാല് ടൺ റബർ മാറ്റ് ഇൗ മാസം വിദേശത്തേക്ക് കയറ്റി അയക്കേണ്ടതാണ്. ഇന്നലെ നാലുവട്ടം കറന്റ് പോയി. രാപകൽ പണിയെടുത്തായാലും ലോഡ് അയച്ചേ പറ്റൂ. ഇല്ലെങ്കിൽ ലക്ഷങ്ങളുടെ ഓർഡർ മറ്റ് രാജ്യങ്ങൾ കൊണ്ടുപോകും. പത്തുവർഷമായി പവർ കട്ട് എന്ന വാക്കേ കേട്ടിട്ടില്ല. ഫാക്‌ടറി പ്രവർത്തനം തടസ്സപ്പെട്ടില്ല.
ഇന്നതല്ല സ്ഥിതി. ഓർഡർ തന്നവർക്ക് സമയത്തിന് സാധനങ്ങൾ അയച്ചുകൊടുക്കാനാകുമോ’–ആശങ്ക പങ്കുവയ്‌ക്കുകയാണ് കോട്ടയം ബിഎസ് റബേഴ്‌സ് ഉടമ കെ പി ബാബു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പൂവന്തുരുത്ത് വ്യവസായ വികസന പ്ലോട്ടിലാണ് ബാബുവിന്റെ സ്ഥാപനം. വിവിധയിനം റബർ മാറ്റുകളാണ് ഇവിടെ നിർമിക്കുന്നത്.
90 ശതമാനം ഉൽപ്പന്നങ്ങളും യുഎസ്, യുകെ, റഷ്യ, കാനഡ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നു. കരാറിൽ പറഞ്ഞ സമയത്ത് സാധനങ്ങൾ അയച്ചില്ലെങ്കിൽ ഓർഡർ നഷ്‌ടമാകും. അടിക്കടി കറന്റ് പോകുന്നത് വലിയ നഷ്‌ടമുണ്ടാക്കും. ‘വർക്ക് ചെയ്‌തുകൊണ്ടിരിക്കെ കറന്റ് പോയാൽ ഹൈഡ്രോളിക് പ്രസിൽ കയറ്റിയ അസംസ്‌കൃത വസ്‌തുക്കൾ വേസ്റ്റാകും.
അര മണിക്കൂർ കഴിഞ്ഞ് കറന്റ് വന്നാലും വീണ്ടും മെഷീൻ ചൂടാകാൻ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കണം. നാല് മെഷീനുള്ള ഇവിടെ മുന്നറിയിപ്പില്ലാതെ നാല് തവണ കറന്റു പോകുന്പോൾ മെഷീൻ 16 മണിക്കൂർ അധികം വർക്ക് ചെയ്യണം. ഇൗ അധികച്ചെലവും ഉൽപ്പന്ന നഷ്‌ടവും ഞങ്ങൾക്ക് ആരും നികത്തിത്തരില്ല. ഉൽപ്പാദനച്ചെലവ് കൂടിയാലും കരാർ പ്രകാരമുള്ള വിലയേ ലഭിക്കൂ’’–ബാബു പറഞ്ഞു.









0 comments