print edition ഷൂട്ടിങ് തിളക്കം

ഐശ്വരി പ്രതാപ് സിങ് (ഇടത്) ഇഷ സിങ് (വലത്)
ന്യൂഡൽഹി : ഹാങ്‌ഷുവിലെ വെടിയൊച്ച നഗോയയിലും മുഴങ്ങുമോ? ഹാങ്‌ഷു ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ സ്വർണം നൽകിയത് ഷൂട്ടർമാരാണ്. അതേ മികവ് ജപ്പാനിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ചൈനയാണ് മുഖ്യ എതിരാളി.
മുപ്പതംഗ ടീമാണ് ഇക്കുറി ഇന്ത്യക്ക്.
15 വീതം പുരുഷന്മാരും വനിതകളും. ഒളിന്പിക്‌സിലെ ഇരട്ട മെഡൽ ജേത്രി മനു ഭാക്കെറാണ് ടീമിലെ പ്രധാന താരം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണമാണ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സന്പാദ്യം. ഒന്പത് വെള്ളിയും ആറ് വെങ്കലവും സ്വന്തമാക്കി.
നല്ല ഒരുക്കമായിരുന്നു ഇന്ത്യക്ക്. സമീപകാലത്ത് രാജ്യാന്തര ചാന്പ്യൻഷിപ്പുകളിലെല്ലാം മികച്ച നേട്ടമുണ്ടാക്കി. ലോകകപ്പിലും ലോക ചാന്പ്യൻഷിപ്പിലും മിന്നി. പരിചയസന്പന്നർക്കൊപ്പം യുവതാരങ്ങളും ടീമിന്റെ ഭാഗമാണ്.
മനുവിനെ കൂടാതെ ഹാങ്‌ഷു ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടക്കാരി ഇഷ സിങ്, ഒളിന്പ്യൻ ഐശ്വരി പ്രതാപ് സിങ്, രുദ്രാൻക്ഷ് പാട്ടീൽ, അമൻജീത് സിങ് നറുക, യുവതാരം സുരുചി ഇന്ദെർ സിങ് എന്നിവരാണ് ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകൾ.
വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിൽ തകർപ്പൻ പ്രകടനമാണ് ഇഷ പുറത്തെടുക്കുന്നത്.
ഹാങ്‌ഷുവിൽ ഒരു സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടി. ഇൗ വർഷം മ്യൂണിക്കിൽ നടന്ന ലോകകപ്പിലും തിളങ്ങി. പാരിസ് ഒളിന്പിക്‌സിൽ ഇരട്ടമെഡലുകളുമായി ചരിത്രം കുറിച്ച മനു 10 മീറ്റർ എയർ പിസ്‌റ്റളിലാണ് മത്സരിക്കുന്നത്. ഹാങ്‌ഷുവിലെ ലോകകപ്പിൽ 25 മീറ്റർ എയർ പിസ്‌റ്റളിൽ വെങ്കലം നേടിയിരുന്നു. മനുവിന്റെ കളിജീവിതത്തെ നിർണയിച്ച ജസ്‌പാൽ റാണയുടെ മരണത്തിനുശേഷമാണ് ഗെയിംസ് എത്തുന്നത്. സെർബിയയുടെ യെലേന ഒൗനോവിച്ചാണ് പുതിയ കോച്ച്.
മ്യൂണിക്ക് ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് സുറുചി എത്തുന്നത്. ഇഷയ്‌ക്കും മനുവിനുമൊപ്പം 10 മീറ്റർ എയർപിസ്‌റ്റളാണ് ഇരുപതുകാരിയുടെയും മെഡൽ ഇനം. ലോകകപ്പിൽ ഇഷയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്.
പുരുഷന്മാരിൽ ഐശ്വരി പ്രതാപ് സിങ് ആണ് പ്രധാനി. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഐശ്വരിയാണ് ഏറെക്കാലമായി ഇന്ത്യയുടെ മുഖം. ഹാങ്‌ഷുവിൽ ഇൗയിനത്തിൽ വെള്ളിയും 10 മീറ്റർ എയർ റൈഫിളിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു. വനിതകളിൽ മലയാളിതാരം വിദർശ വിനോദും പ്രതീക്ഷയാണ്. 10 മീറ്റർ എയർ റൈഫിളിലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിലുമാണ് വിദർശ ഇറങ്ങുക.









0 comments