print edition ജനറൽ കോച്ചുകളിൽ സീറ്റ് സംവരണമില്ല; വലഞ്ഞ് മുതിർന്ന പൗരന്മാർ

തൃശൂർ : ട്രെയിനിലെ ജനറൽ കോച്ചുകളിൽ സംവരണം ചെയ്‌ത സീറ്റുകളില്ലാത്തതിനാൽ മുതിർന്ന പൗരന്മാർക്ക് യാത്ര ദുരിതമാകുന്നു. സ്ലീപ്പർ, ഫസ്റ്റ് ക്ലാസ്, എസി തുടങ്ങിയ റിസർവേഷൻ കോച്ചുകളിൽ മുതിർന്ന പൗരന്മാർക്കുള്ള സൗകര്യങ്ങൾ അൺ റിസർവ്‌ഡ് കോച്ചുകളിൽ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
പാസഞ്ചർ, മെയിൽ–എക്സ്പ്രസ്, മെമു ട്രെയിനുകളിലെ ജനറൽ/സെക്കൻഡ് ക്ലാസ് കോച്ചുകളിൽ മുതിർന്ന പൗരന്മാർക്കായി സീറ്റുകൾ സംവരണം ചെയ്യുന്നതിന് ഏകീകൃത ദേശീയ നയം നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ഓരോ ജനറൽ/സെക്കൻഡ് ക്ലാസ് കോച്ചിലും കുറഞ്ഞത് 10 ഉം സാധ്യമായിടത്ത് 12 സീറ്റുകളും മുതിർന്ന പൗരന്മാർക്കായി മാറ്റിവയ്‌ക്കണമെന്നാണ് ആവശ്യം.
ഇത് നടപ്പാക്കാൻ നിലവിലുള്ള സീറ്റുകളിൽ നിശ്ചിത എണ്ണം മുതിർന്ന പൗരന്മാർക്കെന്ന് പ്രത്യേകം അടയാളപ്പെടുത്തിയാൽ മാത്രം മതി. വലിയ സാമ്പത്തിക ചെലവില്ലാത്തതിനാൽ നയപരമായ ഉത്തരവിലൂടെ റെയിൽവേയ്ക്ക് ഉടൻ നടപ്പാക്കാവുന്നതാണിത്.
അതേസമയം മുതിർന്ന പൗരന്മാരുടെ യാത്ര കൂടുതൽ മെച്ചപ്പെടുത്താൻ റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാന്റഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും വേണം.
സീറ്റിന്റെ ഉയരം, വീതി, കൈവയ്‌ക്കാനുള്ള സ്ഥലം, കസേരയുടെ പിടി, സീറ്റുകളുടെ സ്ഥാനം, വാതിലുകളിലേക്കുള്ള പ്രവേശനം തുടങ്ങിയ കാര്യങ്ങളിൽ വിശദസാങ്കേതിക, സുരക്ഷാ പഠനം നടത്തണം. ഇതിന്റെ അടിസ്ഥാനത്തിൽ കോച്ചുകളിൽ ഏകീകൃത സീറ്റ് ഡിസൈൻ നടപ്പാക്കിയാൽ മുതിർന്ന പൗരന്മാർക്ക് കൂടുതൽ ഗുണകരമാകും.









0 comments