ad
Deshabhimani

print edition തേങ്ങയുടെ ‘പ്രതാപ’കാലം

Arjun

പ്രതാപ് അർജുൻ

avatar
ബിജോ ടോമി

Published on Sep 13, 2026, 01:30 AM | 3 min read

ഒരു തേങ്ങയ്ക്ക്‌ ഇത്രയും ഭംഗിയോ. മുന്നിൽ നിരന്നിരിക്കുന്ന ശിൽപ്പങ്ങളുടെ മനോഹാരിത അത്രയ്ക്കുണ്ട്‌. പക്ഷേ, പ്രതാപിന്‌ ഇതൊക്കെ നിസ്സാരം. ഉണങ്ങിയ തേങ്ങയിൽ കത്തിയുമായി ആ കൈ ചലിച്ചുകൊണ്ടേയിരിക്കും. കോറിയും ചെത്തിയുമെല്ലാം ശിൽപ്പത്തിന്റെ ഓരോ ഭാഗങ്ങൾ പൂർണതയിലേക്കെത്തും. അവസാനം തേങ്ങ ഒരു കുരങ്ങോ ആനയോ ബുദ്ധനോ ആയി മാറിയിട്ടുണ്ടാകും.


തേങ്ങയുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ശിൽപ്പം മൂന്നടിയും അഞ്ചടിയുമെല്ലാം വലിപ്പമുള്ള കലകളി രൂപവും വ്യാളിയും ഗണപതിയുമെല്ലാമായി രൂപാന്തരപ്പെടും. തിരുവനന്തപുരം അമ്പലത്തറ തോട്ടം ശ്രീപാദത്തിൽ പ്രതാപ്‌ അർജുനൻ (62) തേങ്ങയുമായി ഇ‍ൗ ചങ്ങാത്തം തുടങ്ങിയിട്ട്‌ നാലുപതിറ്റാണ്ടാകുന്നു. കഴിവിനുള്ള അംഗീകാരമായി രണ്ടുവീതം സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ സ്വന്തം.

ഒരു പാഴ്‌തേങ്ങയിൽ തുടങ്ങി...


​യാദൃച്ഛികമായാണ്‌ പ്രതാപ്‌ തേങ്ങയിലുള്ള ശിൽപ്പനിർമാണത്തിലേക്ക്‌ എത്തുന്നത്‌. ചെറുപ്പത്തിൽ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. പതിയെ അത്‌ കളിമണ്ണ്‌ ഉപയോഗിച്ചുള്ള ശിൽപ്പനിർമാണത്തിലേക്ക്‌ വഴിമാറി. കരക‍ൗശലത്തോട് താൽപ്പര്യമുണ്ടായിരുന്നതിനാൽ ഇ‍ൗ മേഖലതന്നെ ഉപജീവനമാർഗമാക്കി. തെങ്ങും വാഴയും തുടങ്ങി വിവിധ മരങ്ങളുടെ മിനിയേച്ചർ നിർമിച്ച്‌ വിൽക്കുകയായിരുന്നു ചെയ്‌തിരുന്നത്‌.


തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത്‌ കരക‍ൗശല വസ്‌തുക്കളുടെ ഒരു കടയുമുണ്ടായിരുന്നു. ഒരുദിവസം ജോലിക്കിടെയാണ്‌ സമീപത്ത്‌ കിടന്ന ഉണക്കത്തേങ്ങ കണ്ണിൽപ്പെട്ടത്‌. അതിൽ ഒരു പൂവ്‌ വെറുതെ കോറിയിട്ടു. ദിവസങ്ങൾ കഴിഞ്ഞ്‌ നോക്കുമ്പോഴും ആ പൂവിന്‌ മാറ്റം വരുകയോ തേങ്ങ മോശമാകുകയോ ചെയ്‌തിട്ടില്ല.


ആ തേങ്ങയിൽതന്നെ ഒരു കുരങ്ങന്റെ ര‍ൂപം നിർമിച്ചു. പിന്നീടത്‌ സ്വന്തം കടയിലേക്ക്‌ ക‍ൂട്ടി. കടയിലെത്തിയ ഒരു വിദേശി ഇതിന്റെ വില ചോദിച്ചെങ്കിലും വിൽക്കാനുള്ളതല്ലെന്ന്‌ പറഞ്ഞൊഴിഞ്ഞു. എന്നാൽ, നിർബന്ധപൂർവം ഒരു തുക പോക്കറ്റിൽ വച്ചിട്ട്‌ അയാൾ കുരങ്ങനെയുമായി പോയി. തുടർന്നാണ്‌ തേങ്ങയിൽ രൂപങ്ങൾ നിർമിക്കുന്നതിലെ സാധ്യതയിലേക്ക്‌ കടന്നതെന്ന്‌ പ്രതാപ്‌ പറഞ്ഞു. ഒന്നിലധികം തേങ്ങകൾ യോജിപ്പിച്ചുള്ള വലിയ ശിൽപ്പങ്ങളിലേക്ക്‌ കടന്നു. ക്ലോക്ക്‌, പൂച്ചെടി, വിവിധ സംഗീത ഉപകരണങ്ങൾ, വീട്‌, അലങ്കാല വസ്‌തുക്കൾ അങ്ങനെ എന്തും നിർമിക്കും.


​കാലങ്ങളോളം സൂക്ഷിക്കാം


​‘എത്ര നാൾ ഇത്‌ കേടുകൂടാതെ ഇരിക്കും’ – സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിതെന്ന്‌ പ്രതാപ്‌ പറഞ്ഞു. ‘കാലങ്ങളോളം...’ ഇതാണ്‌ മറുപടി. തുടക്കസമയത്ത്‌ നിർമിച്ച ശിൽപ്പങ്ങൾ ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ കൈയിലുണ്ട്‌. സംശയിക്കുന്നവരെ ഇത്‌ കാണിക്കും. തെങ്ങിൽതന്നെനിന്ന്‌ ഉണങ്ങുന്ന തേങ്ങയാണ്‌ നിർമാണത്തിന്‌ ഉപയോഗിക്കുന്നത്‌. തേങ്ങ മുറിക്കാൻമാത്രമാണ്‌ മെഷീൻ ഉപയോഗിക്കുന്നത്‌. ബാക്കി പണികളെല്ലാം കത്തിയും സ്വന്തമായി രൂപപ്പെടുത്തിയ ഉപകരണങ്ങളുംകൊണ്ടാണ്‌.


ഒരു കെമിക്കലും ഉപയോഗിക്കാറില്ലെന്ന്‌ പ്രതാപ്‌ പറഞ്ഞു. രൂപം പൂർത്തിയായി കഴിയുമ്പോൾ ചകിരി തുരന്ന്‌ ഉള്ളിലെ തേങ്ങയും വെള്ളവും നീക്കം ചെയ്യും. ശാസ്‌ത്രീയമായി പഠിച്ചിട്ടില്ല. ഒരു തേങ്ങയിൽമാത്രം ഒതുങ്ങുന്ന സാധാരണ രൂപങ്ങളാണെങ്കിൽ ദിവസം ആറെണ്ണംവരെ നിർമിക്കും. വലിയ ശിൽപ്പങ്ങൾ ആണെങ്കിൽ പൂർത്തിയാകാൻ മൂന്നുമാസംവരെ എടുക്കും.


മൂന്നടിയുള്ള കഥകളി രൂപം നിർമിക്കാൻ 40 തേങ്ങ വേണ്ടിവന്നു. തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്‌സ്‌ ആൻഡ്‌ ക്രാഫ്‌റ്റ്‌ വില്ലേജിൽ ‘കോക്കനട്ട്‌ ഹസ്‌ക്‌ ക്രാഫ്‌റ്റ്‌’ എന്ന പേരിൽ ഷോപ് പ്രവർത്തിക്കുന്നുണ്ട്‌. ക്രാഫ്‌റ്റ്‌ വില്ലേജിനുസമീപംതന്നെയാണ്‌ ശിൽപ്പ നിർമാണത്തിനുള്ള വർക്‌ഷോപ്പും പ്രവർത്തിക്കുന്നത്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയടക്കം വിവിധ പരിപാടികളിൽ അതിഥികൾക്ക്‌ സമ്മാനിക്കാൻ വിവിധ രൂപങ്ങൾ നിർമിച്ചു നൽകാറുണ്ട്‌. കരക‍ൗശല വികസന കോർപറേഷൻ വഴിയും സാധനങ്ങൾ നൽകുന്നു. രാജ്യമെമ്പാടും എക്‌സിബിഷനുകൾ നടത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചിക്കാഗോയിലും റിയാദിലുമടക്കം ഫെസ്റ്റിവലുകളിൽ പങ്കെടുത്തു.

ദേശീയ പുരസ്‌കാരം ഉ‍ൗർജമായി


​സാധാരണ കർമപഥത്തിൽ വർഷങ്ങൾ പിന്നിടുമ്പോഴാണ്‌ പുരസ്‌കാരങ്ങൾ തേടിയെത്താറ്‌. എന്നാൽ, ഇതാണ്‌ തന്റെ മേഖലയെന്ന്‌ പ്രതാപ്‌ ഉറപ്പിക്കുന്നത്‌ പുരസ്‌കാരത്തിലൂടെയാണ്‌. തേങ്ങയിലെ ശിൽപ്പനിർമാണത്തിന്റെ തുടക്കസമയത്താണ്‌ കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിനുകീഴിലുള്ള ഡെവലപ്‌മെന്റ്‌ കമീഷണറേറ്റ്‌ ഹാൻഡിക്രാഫ്‌റ്റിന്റെ (ഡിസിഎച്ച്‌) പുരസ്‌കാരത്തിന്‌ അപേക്ഷിക്കുന്നത്‌.


കുരങ്ങ്‌, ബുദ്ധൻ തുടങ്ങി അഞ്ചോളം രൂപങ്ങളാണ്‌ അയച്ചുനൽകിയത്‌. 1994–95ൽ അങ്ങനെ ദേശീയ പുരസ്‌കാര ജേതാവായി. എന്നാൽ, ജീവിതത്തിൽ ആദ്യത്തെ പുരസ്‌കാരം ഇതല്ല. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ഒരു സ്വകാര്യ എക്‌സിബിഷനിൽ നടന്മാരായ നെടുമുടി വേണുവും ജഗതിയും ആയിരുന്നു വിധികർത്താക്കൾ . വർഷം 1994. മികച്ച സൃഷ്‌ടിയായി പ്രതാപന്റെ ശിൽപ്പങ്ങൾ തെരഞ്ഞെടുത്തു. ഇതിന്റെ സമ്മാനദാന ചടങ്ങിന്റെ സമയത്താണ്‌ ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്നതും അത്‌ ഏറ്റുവാങ്ങാൻ ഡൽഹിക്ക്‌ തിരിക്കേണ്ടി വന്നതും.


ഇതോടെ അമ്മ ശാരദയാണ് ആദ്യ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. 2012ൽ കോക്കനട്ട്‌ ഡെവലപ്‌മെന്റ്‌ ബോർഡിന്റെ പുരസ്‌കാരത്തിന്‌ അർഹനായി. 2021ലും 2023ലും സംസ്ഥാന വ്യവസായവകുപ്പിന്റെ പുരസ്‌കാരവും തേടിയെത്തി. ഇ‍ൗ സന്തോഷങ്ങൾക്കൊപ്പം നിൽക്കുന്ന മറ്റൊന്നുകൂടിയുണ്ട്‌ പ്രതാപന്റെ ജീവിതത്തിൽ. നടൻ മോഹൻലാലിൽനിന്ന്‌ ലഭിച്ച പ്രോത്സാഹനമാണ്‌ അത്‌. സിനിമാമേഖലയിൽനിന്നുള്ള ഒരാളാണ്‌ പ്രതാപ്‌ ശിൽപ്പങ്ങൾ നിർമിക്കുന്ന വീഡിയോ മോഹൻലാലിനെ കാണിക്കുന്നത്‌.


ഇഷ്‌ടപ്പെട്ട മോഹൻലാൽ അയാൾ വഴി ഫോണിൽ ബന്ധപ്പെട്ടു. യേശുക്രിസ്‌തുവിന്റെ രൂപം നിർമിച്ച്‌ നൽകാൻ കഴിയുമോയെന്നായിരുന്നു ആവശ്യം. തുടർന്നും നിരവധി രൂപങ്ങൾ നിർമിച്ചുനൽകി. നേരിൽ കാണാൻ കഴിയുമോയെന്ന്‌ ഒരിക്കൽ മോഹൻലാൽ ചോദിച്ചു. കൊച്ചിയിലെ ഒരു എഡിറ്റിങ്‌ സ്റ്റുഡിയോയിലെത്തി നേരിട്ടുകണ്ട്‌ സംസാരിച്ചുവെന്ന്‌ പ്രതാപ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home