കടമ്മനിട്ടയുടെ പെണ്ണ്: പോരും കണ്ണീരും

എന്റെ മുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമുടിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍
(കുറത്തി-1978)
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോയെന്ന് അലറിച്ചോദിച്ചത് കുറത്തിയായിരുന്നില്ല. കേരളത്തിലെ അമ്മ മനസ്സുകളായിരുന്നു. വേട്ടനായ്ക്കടെ പല്ലില്‍ നിന്നും വിണ്ടുകീറിയ നെഞ്ചുമായെത്തിയ കുറത്തി പറഞ്ഞത് ഓര്‍ത്തുനോക്കാനാണ്. നിങ്ങളെങ്ങനെ നിങ്ങളായെന്ന്.അടിയാളന്റെ പാട്ടുകളായി കടമ്മനിട്ടയുടെ ശബ്ദത്തില്‍ ഉയര്‍ന്നുകേട്ടതത്രയും അടിയാളന്‍ അനുഭവിക്കുന്ന ചൂഷണങ്ങളെ എതിര്‍ക്കാനുള്ള ഉണര്‍ത്തുപാട്ടുകള്‍ മത്രമായിരുന്നോ? ചികഞ്ഞുനോക്കിപ്പോയാല്‍ ഉണര്‍ത്തുപാട്ടുകള്‍ക്കൊപ്പം കത്തുന്ന മനോവേദനയുടെ രോദനങ്ങളുമുണ്ടായിരുന്നില്ലേ. നാളിതുവരെ അടിച്ചമര്‍ത്തപ്പെട്ടവര്‍ അനുഭവിച്ചുകൊണ്ടിരുന്ന വ്യഥകള്‍ അക്ഷരങ്ങളുടെ പെരുമഴയായി പെയ്തു തീരുകയായിരുന്നു കടമ്മനിട്ടക്കവിതകളില്‍.
പടയണിയുടെ രൗദ്രതാളം കവിതയില്‍ നിറയുമ്പോഴും ആര്‍ദ്രമായ സങ്കടങ്ങളുടെ നൂലിഴ എവിടെയൊക്കെയോ കവി മനഃപൂര്‍വ്വം തിരുകിവെച്ചിരുന്നു. കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തില്‍ ചടുലമായ ചുവടുവെക്കുന്ന പടയണിക്കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ നമ്മിലേക്ക് എന്തെന്ത് ചോദ്യങ്ങളെറിഞ്ഞു. എന്തെന്ത് സങ്കടങ്ങള്‍ പറഞ്ഞു.നിര്‍വികാരയായിരിക്കുന്ന ശാന്തയെ നമുക്ക് പരിചയപ്പെടുത്തിത്തന്നത് കടമ്മനിട്ടയാണ്. ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ നിര്‍വികാരതയെ ഭഞ്ജിക്കാന്‍ ശാന്തയോടല്ല പക്ഷേ കടമ്മനിട്ട പറഞ്ഞത്. നിര്‍വികാരത എങ്ങിനെയുണ്ടായെന്ന് എനിക്കറിയാമെന്ന് കവി പറഞ്ഞത് എനിക്കുമാത്രമറിയാമെന്നല്ല. നമുക്കെല്ലാവര്‍ക്കുമറിയാമെന്നാണ്. അതുകൊണ്ടാണ് നിര്‍വികാരതയെ ഭഞ്ജിച്ച് ഉണര്‍വിന്റെ പച്ചതേടാന്‍ അദ്ദേഹം എഴുതിക്കൂട്ടിയത്. കരിമ്പാറകള്‍ പിളര്‍ന്നു നീരുറവകള്‍ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും ഒന്നും എന്നും ഒരുപോലെയായിരിക്കില്ലെന്നും എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കാമെന്നും പറഞ്ഞുവെച്ചത് അതുകൊണ്ടാണ്.
ആധുനികം മനുഷ്യനെ എങ്ങിനെമാറ്റുമെന്ന് കടമ്മനിട്ട അന്നേ കണ്ടിരുന്നു.മനുഷ്യത്വത്തിന്റെ തരിമ്പുപോലും ഇവിടെ അവശേഷിക്കില്ലെന്ന തിരിച്ചറിവില്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്കായി (ആണ്‍കുട്ടികള്‍ക്കും) ഉപദേശങ്ങള്‍ അദ്ദേഹം കരുതിവെച്ചിരുന്നു.
"തോട്ടുവക്കിലെ കൈതയ്ക്കകത്ത്
തെറ്റിപൂത്ത പടര്‍പ്പിനകത്ത്
കാറ്റുതിന്നു കഴിയുന്ന വര്‍ഗം
കാത്തിരിപ്പൂ കരുതിയിരിക്ക'
എന്ന് കോഴിയില്‍ അദ്ദേഹം എഴുതി. മനുഷ്യത്വം മരിച്ചുതീരുന്ന ആ കാലത്ത് എങ്ങിനെയായിരിക്കണം നമ്മളെന്നും അദ്ദേഹം എഴുതിവെച്ചു.
1967 ല്‍ എഴുതിയ കവിതയില്‍
"കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴെയും
കണ്ണിലെപ്പോഴും കത്തിജ്ജ്വലിക്കു
മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്'
(കോഴി)
എന്ന് കവി ആഹ്വാനം ചെയ്യുന്നു. കഴുകന്‍ കണ്ണുകളില്‍ നമ്മുടെ പിഞ്ചുപൈതങ്ങള്‍ വരെ കൊത്തിവലിക്കപ്പെടുന്നത് വര്‍ത്തമാനത്തിന്റെ ശാപമായി അവശേഷിക്കുമ്പോള്‍ മൗനത്തിന്റെ കരിന്തോടു പൊട്ടിച്ചു പുറത്തിറങ്ങാന്‍ കവി പറഞ്ഞതോര്‍ക്കേണ്ടിയിരിക്കുന്നു. നിര്‍വികാരതയെ നിഷേധിക്കേണ്ടിയിരിക്കുന്നു.കൗമാരപ്രണയത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തോടെയും (ദിവ്യത്വത്തോടെയും) അദ്ദേഹത്തിന്റെ കവിതകള്‍ കണക്കിലെടുത്തിരുന്നു. ആദ്യകാലത്തെ കവിതകളില്‍ പ്രണയത്തിന്റെ വേദനകള്‍(ചെറുതെങ്കിലും) അദ്ദേഹം കുറിച്ചുവെച്ചു.
എന്നാല്‍ പിന്നീടിങ്ങോട്ട് അത് കുറഞ്ഞു വന്നു. യഥാര്‍ഥ കാമുകിയെയല്ല പില്‍ക്കാല കവിതകളില്‍ അദ്ദേഹം അന്വേഷിച്ചത്. തന്റെ സ്വത്വം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സ്ത്രീ സങ്കല്‍പത്തെയായിരുന്നു. എന്നാല്‍ ആധുനിക കാലത്തിന്റെ പ്രണയം ച്യുതികളിലകപ്പെട്ടുവെന്ന തിരിച്ചറിവും അദ്ദേഹം പങ്കുവെച്ചിരുന്നു. മാനുഷിക ബന്ധങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ക്രൂരത എഴുതപ്പെടാതെ പോകുന്നത് അവിവേകമായിരിക്കുമെന്ന ചിന്തയും അദ്ദേഹത്തെ നയിച്ചിരുന്നതായി കവിതകള്‍ തെളിയിക്കുന്നു.
നഗരജീവിതത്തിന്റെ പൊള്ളത്തരങ്ങള്‍ നഗരജീവിതത്തിന്റെ അനുഭവവെളിച്ചത്തില്‍ തന്നെയാണ് കടമ്മനിട്ട എഴുതിയത്. പുഴുത്ത മുലപ്പാലിന്റെ ചുവയാണീ നഗരത്തിനെന്ന് കടമ്മനിട്ട പറയുന്നുണ്ട്. നഗരജീവിതത്തിന്റെ അനുഭവങ്ങള്‍ അദ്ദേഹത്തെ അത്രയേറെ പൊള്ളിച്ചിരിക്കണം. അതുകൊണ്ടാണ് ഭ്രാന്തിയുടെ ഗുഹ്യഭാഗം കണ്ടു കോള്‍മയിര്‍കൊള്ളുന്ന പുലയാടി മക്കളുണ്ടിവിടെയെന്ന് അദ്ദേഹം രൂക്ഷമായി എഴുതിവെച്ചത്.
കടമ്മനിട്ടക്കവിതകളുടെ ഭാവശില്‍പം പടയണിയുടേത് തന്നെയായിരുന്നു. അക്ഷരങ്ങളുടെ ചടുലവും ദ്രുതവുമായ വിന്യാസങ്ങള്‍ മിക്കവാറും കവിതകളെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളാക്കി. കടമ്മനിട്ടയെന്ന കവിതയില്‍ സ്വന്തം ഗ്രാമത്തെക്കുറിച്ച്
"ഇവിടം ജീവിത സംഗ്രാമത്തിന്‍
ചുടലക്കളമോ ചുടുനീര്‍ക്കുളമോ'
എന്ന് ദുഃഖത്തോടെ ചോദിക്കുന്ന കവി ഒടുവില്‍
"ഞാനീവഴിയിലൊരിത്തിരി
നേരമിരുന്നെന്‍ കണ്ണു തിരുമ്മിക്കോട്ടേ'
എന്നു വിതുമ്പുമ്പോഴും ഗര്‍ജ്ജനമായി കേരളം കേട്ട അതേ ശബ്ദമാണോ ഇതെന്ന് സംശയിച്ചുപോകുന്നു. ജീവിതത്തിന്റെ നിത്യമായ അസ്വസ്ഥതകള്‍ ഒരു പ്രക്ഷോഭമായാണ് കവിതകളിലൂടെയെല്ലാം പുറത്തുവന്നത്. സാധാരണക്കാരന്റെയും അടിയാളന്റെയും കാലം വരുമെന്നു തന്നെ അദ്ദേഹം വിശ്വസിച്ചു.
അതുകൊണ്ടാണ് "ഞാനിവിടെയാണ്' എന്ന കവിതയില്‍
"ഞെട്ടിയുണരുമ്പോഴേക്കും പുതിയൊരു
വെട്ടം വിടരുമെന്നാശിച്ചു നില്‍പു ഞാന്‍'
എന്ന് എഴുതിയത്.
പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായിരുന്നു അദ്ദേഹത്തിന്റെ കവിതകളേറെയും ഉയിര്‍ക്കൊണ്ടത്. അമ്മയും കടമ്മനിട്ടക്കാവിലെ ഭഗവതിയുമായിരുന്നു കടമ്മനിട്ടയെ ഏറെ സ്വാധിനിച്ചിരുന്നതെന്ന് കാണാന്‍ കഴിയും. ഈ രണ്ട് ഘടകങ്ങളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ കവിതകള്‍ ഊര്‍ജം നേടുന്നതും. മിത്തുകളും മറ്റും യാഥാസ്ഥിതികര്‍ക്കുള്ളതല്ലെന്നും അത് സമൂഹത്തിന്റെ നിശ്ചലതയെ ഭഞ്ജിക്കാനുള്ള ഉപാധികളാണെന്നും അദ്ദേഹം മറ്റാരെക്കാളും നന്നായി തിരിച്ചറിഞ്ഞിരുന്നു. ദേവിയെ അത്തരത്തിലൊരു രീതിയിലാണ് കവി സമീപിച്ചിരുന്നത്. ദേവീ സങ്കല്‍പത്തെയും ഐതിഹ്യങ്ങളെയും അടിയാളന്റെ ഉണര്‍ത്തുപാട്ടിനുള്ള ഉപാധികളായി കടമ്മനിട്ട അവിടവിടെ ഉപയോഗിച്ചതായി കാണാം.
മനുഷ്യബന്ധത്തിന്റെ സജീവതയില്‍ ഊന്നിനിന്നുകൊണ്ടുള്ളതായിരുന്നു വരികളേറെയും. അധഃസ്ഥിതരായ അടിയാളര്‍ സ്വയംമറന്നുപാടിയ ദ്രാവിഡപ്പാട്ടുകളുടെ ഈണമായിരുന്നു കടമ്മനിട്ടക്കവിതകളുടെ മുഖമുദ്ര. താളങ്ങളും ചിട്ടകളും ഗൗനിക്കാതെ അദ്ദേഹം എഴുതിക്കൂട്ടി. പടയണിയുടെ താളക്രമത്തില്‍ ചിലയിടത്ത് ശബ്ദം ഉയര്‍ന്നു. ആവശ്യമായിടത്ത് ആര്‍ദ്രമായി.
"നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടുതിന്നുന്നോ'
എന്ന് അലറിച്ചോദിച്ച അതേ നാവുകള്‍ തന്നെയാണ്
"നിന്റെ വിറയാര്‍ന്ന ചുണ്ടുമായ് നിറയുന്ന കണ്ണുമായ്
പറയൂ പരാതി നീ കൃഷ്ണേ'
എന്ന് ആര്‍ദ്രമാകുന്നത്.കവിതകളിലേറെയും സ്ത്രീയുടെ നോവുകള്‍ വരച്ചുവെക്കാന്‍, അവരുടെ നോവുകള്‍ക്ക് അറുതി കാണാന്‍ കടമ്മനിട്ട അലറിപ്പാടി. അമ്മയെ, പെങ്ങളെ, മക്കളെ നോവിക്കുന്നോരുടെ കുലം മുടിക്കുമെന്ന് കടമ്മനിട്ടക്കാവിലമ്മയ്ക്കുവേണ്ടി അറിഞ്ഞുശപിച്ചു. കടമ്മനിട്ടയില്‍ നിന്ന് ശബ്ദമായി കവി കേരളമാകെ പടര്‍ന്നു. നാല്‍ക്കവലകളും കലാശാലകളും സര്‍വകലാശാലകളും വയലേലകളും തൊഴില്‍ശാലകളും ചെവികൂര്‍പ്പിച്ചു. കുറത്തിക്കും ശാന്തയ്ക്കും കാട്ടാളനും ചാമനും ചെറുമിക്കും വേണ്ടി പാടാന്‍ ഇനിയൊരാളെത്തുമോ എന്തോ.....
0 comments