ad
Deshabhimani

പെണ്ണിടങ്ങളിലെ വിപ്ലവശ്രീ

thozhil.

ആറളംകുടനിർമാണ യൂണിറ്റ്

avatar
സ്വാതി സുജാത

Published on Mar 08, 2026, 08:53 AM | 4 min read

‘ആദ്യമായി സ്റ്റിയറിങ്ങിൽ കൈവച്ചപ്പോൾ വിറച്ചിരുന്നു. വണ്ടി ഓടിക്കാനല്ല, വണ്ടിയുമായി നിരത്തിലിറങ്ങുമ്പോൾ സമൂഹം എങ്ങനെ കാണുമെന്നോർത്ത്.’ ഇന്ന്‌ യൂണിഫോമിട്ട് കുടുംബശ്രീ ട്രാവൽസിന്റെ ടാക്സി കാറിന്റെ ഡോർ തുറന്ന് ഡ്രൈവിങ്‌ സീറ്റിലേക്ക് കയറുമ്പോൾ വട്ടിയൂർക്കാവ്‌ കാഞ്ഞിരംപാറ സ്വദേശി ബീന അനിൽകുമാറിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം മാത്രമാണ്‌. തലസ്ഥാനത്തിന്റെ ഇടവഴികളിലൂടെയും ഹൈവേകളിലൂടെയും ബീനയുടെ വാഹനം പായുമ്പോൾ അത് കേവലം യാത്രയല്ല, അടുക്കളയിൽ ഒതുങ്ങുമായിരുന്ന സ്ത്രീയുടെ വിജയഗാഥയാണ്. സ്വപ്‌നങ്ങൾക്ക് ചിറകായി കാർ ഇന്ന്‌ ബീനയുടെ സ്വന്തമാണ്. കുടുംബശ്രീക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നു. ‘മാസം മിനിമം 2000 കിലോമീറ്റർ ഓടണം.

32,000 രൂപ കിട്ടും. അതിൽനിന്ന്‌ എല്ലാ ചെലവും നടത്താം. കൂടുതൽ ഓട്ടമുണ്ടെങ്കിൽ മൂന്നുമാസം കൂടുമ്പോൾ അധിക ചാർജ് ലഭിക്കും. എല്ലാ ചെലവും കഴിഞ്ഞ് ഏതാണ്ട് 10,000 രൂപ മാസം കൈയിൽ കിട്ടും’– ബീന പറയുന്നു. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പക്ഷേ, ബീനയുടെ വരുമാനമാണ് ഇപ്പോൾ കുടുംബവരുമാനത്തിൽ കൂടുതൽ. എട്ടുപേരുടെ സംരംഭക ഗ്രൂപ്പായിട്ടാണ് കാർ വാങ്ങിയത്. എല്ലാവർക്കും ഓരോ സ്വിഫ്റ്റ് ഡിസൈർ. ഡ്രൈവിങ്ങും കുടുംബശ്രീ പഠിപ്പിച്ചു. വായ്പയും എടുത്തുകൊടുത്തു. സബ്സിഡിയും ഉണ്ടായിരുന്നു. എല്ലാവരും വായ്പ തിരിച്ചടച്ചു. ബീനയ്‌ക്ക്‌ ഇന്ന്‌ സ്വന്തമായി വീടുണ്ട്‌. ഒരു മകൾ വിവാഹം കഴിഞ്ഞു, ജോലിയുണ്ട്. രണ്ടാമത്തെ മകളെ ഡോക്ടറാക്കണമെന്നാണ് മോഹം. എൻട്രൻസിനുള്ള തയ്യാറെടുപ്പിലാണ്. സംരംഭക ഗ്രൂപ്പിലെ ഒരാളുടെ മകൾ ഇപ്പോൾ സർക്കാർ സർവീസിൽ ഡോക്ടറായിക്കഴിഞ്ഞു.

SREEJAജെ എസ് ശ്രീജ അച്ഛൻ എം ജയകുമാറിനും അമ്മ കെ ഷീജയ്ക്കുമൊപ്പം
എല്ലാവരുടെ ജീവിതവും മെച്ചപ്പെട്ടു. ​1,86,960 സംരംഭ യൂണിറ്റുകളിലൂടെ 3,53,129 സ്‌ത്രീകൾക്കാണ്‌ ബീനയെപ്പോലെ ഉപജീവനം. കെ ലിഫ്‌റ്റ്‌ വഴി 3,06,862 പേർക്കും വരുമാനമുണ്ട്‌. ഉയരെ, വീണ്ടും വീണ്ടും 1998 മെയ് 17ന്‌ മലപ്പുറത്ത് ഔ ദ്യോഗികമായി ചെറിയ തോതിൽ തുടക്കംകുറിച്ച കുടുംബശ്രീ 48 ലക്ഷം കുടുംബങ്ങളുടെ കരുത്തുമായി ഏഷ്യയിലെ ഏറ്റവും വലിയ സംഘടനാസംവിധാനം എന്ന ഖ്യാതിയോടെ വളരുകയാണ്‌. ഏതാനും ലക്ഷങ്ങളുടെ സർക്കാ‍ർ സഹായവുമായി ആരംഭിച്ച പ്രസ്ഥാനത്തിന്റെ ഇപ്പോഴുള്ള സമ്പാദ്യം ഏകദേശം 9871 കോടിയാണ്. ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചത്. ഇന്ന്‌ ദാരിദ്ര്യനിർമാർജനവും കഴിഞ്ഞ് ഐടി മേഖലയിലേക്കും സ്റ്റാർട്ടപ്പുകളിലേക്കും കുടുംബശ്രീ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു. കേരള ത്തിന്റെ സ്ത്രീസമൂഹത്തിന്റെയും അതുവഴി പകുതിയിലേറെ കുടുംബങ്ങളുടെയും സാമ്പത്തികസുരക്ഷയുടെകൂടി നട്ടെല്ലായി കുടുംബശ്രീ മാറി. ഉൽപ്പന്നങ്ങൾ ആഗോളവിപണിയിൽ എത്തിക്കുന്നതിന്‌ മാർക്കറ്റിങ്‌ ശൃംഖല രൂപീകരിച്ചു.

പോക്കറ്റ്‌ മാർട്ട്‌ ഓൺലൈൻ ആപ്‌ ഏർപ്പെടുത്തി. കെയർ ഇക്കോണമിയിലെ തൊഴിലവസരങ്ങളിലേക്ക്‌ ചുവടുവച്ചു. 1000 കെ–ഫോർ കെയർ എക്‌സിക്യൂട്ടീവുകളാണ്‌ രംഗത്തുള്ളത്‌. 15 കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകൾ തുറന്നു. 4,52,912 വനിതാ കർഷകർ മുഖേന 24,153 ഹെക്‌ടറിൽ കൃഷി ചെയ്യുന്നു. കേരള ചിക്കൻ വാർഷിക വിറ്റുവരവ്‌ 100 കോടി കവിഞ്ഞു. എല്ലാ മേഖലകളിലേക്കും വളർന്ന കുടുംബശ്രീ സ്‌ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനത്തിലേക്ക്‌ ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്‌. ഇതിനായുള്ള "ഉയരെ' ക്യാമ്പയിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഒരുകോടിയിലേറെ പേരാണ്‌ പങ്കെടുത്തത്‌. ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ "വീട്ടമ്മയെന്ന ലേബലല്ല, സ്ട്രൈക്കറെന്ന വിലാസമാണ് എനിക്കിഷ്ടം’– സ്കൂൾ മൈതാനത്ത് കാറ്റുപോലെ പായുന്ന ആ പഴയ കെ എസ്‌ സജിതയെ അവൾതന്നെ മറന്നുതുടങ്ങിയിരുന്നു. സ്കൂൾ ടീമിലെ മിന്നും താരമായിരുന്നു സജിത. വിങ്ങിലൂടെ പന്തുമായി കുതിക്കുന്ന സജിതയെ തടയാൻ അന്ന് എതിരാളികൾ പാടുപെട്ടിരുന്നു.

എന്നാൽ 19–-ാംവയസ്സിൽ നടന്ന വിവാഹത്തോടെ സജിതയുടെ ഫുട്ബോൾ മൈതാനം വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങി. ഗോത്ര ഊരുകളിൽനിന്നുള്ള യുവതയ്ക്കായി കുടുംബശ്രീ നടപ്പാക്കുന്ന "ട്രൈബൽ സോക്കർ ലീഗ്' സംസ്ഥാന മത്സരത്തിൽ റണ്ണറപ്പായ ക്വീൻ സ്ട്രൈക്കേഴ്സ് എഫ്സി മലപ്പുറത്തിന്റെ ക്യാപ്‌റ്റൻ സജിതയ്ക്ക്‌ വീണ്ടും ബൂട്ടണിഞ്ഞ സന്തോഷമാണ്‌. ​"കല്യാണം കഴിഞ്ഞതോടെ കളി നിർത്തി. സത്യം പറഞ്ഞാൽ, വീണ്ടും പന്ത് തട്ടുമെന്ന് സ്വപ്‌നത്തിൽപ്പോലും വിചാരിച്ചതല്ല. പ്രാക്ടീസിന് ഇറങ്ങിയ ആദ്യദിവസം ഓടാൻപോലും പ്രയാസമായിരുന്നു. പക്ഷേ, പഴയ ആ ആവേശം ഉള്ളിൽ വന്നപ്പോൾ എല്ലാം ശരിയായി. കളിക്കളത്തിൽ എത്തിയപ്പോൾ ഞാൻ പഴയ സ്കൂൾ കുട്ടിയായതുപോലെ തോന്നി. സങ്കടങ്ങളും ഉത്തരവാദിത്വങ്ങളും താൽക്കാലികമായി മറന്ന്, എനിക്കുവേണ്ടിമാത്രം ചെലവഴിച്ച ആ നിമിഷങ്ങൾ വിലമതിക്കാനാകാത്തതാണ്. ഫുട്ബോൾ എനിക്ക് വെറുമൊരു കളിയല്ല, എന്റെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കലാണ്. അതിന്‌ അവസരം തന്നത്‌ കുടുംബശ്രീയാണ്‌. ഇനിയും കളിക്കും. അവസരങ്ങൾ വരുന്നുണ്ട്‌. ഒരു ഫുട്‌ബോൾ കളിക്കാരിയായി അറിയപ്പെടാനാണ്‌ എനിക്കിഷ്‌ടം.' തദ്ദേശീയ മേഖലയിലെ യുവജനങ്ങളിൽ കായിക–കലാ ശേഷി വികസനം സാധ്യമാക്കി, പ്രതിഭകളെ സംസ്ഥാന-–രാജ്യാന്തര തലങ്ങളിലേക്ക് ഉയർത്തുന്നതിനാവശ്യമായ പിന്തുണ നൽകുക, അവരിൽ ആത്മവിശ്വാസം കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്‌.

​തണൽ, അതിജീവനത്തിന്റെയും തുന്നിച്ചേർത്തത് തണൽമാത്രമല്ല, ഒരു ജനതയുടെ അതിജീവനമാണ്. മഴവിൽവർണങ്ങളുള്ള കുടകൾക്കടിയിൽ ഒളിഞ്ഞിരിക്കുന്നത് വെറുമൊരു കച്ചവടതന്ത്രമല്ല, ആറളത്തെ ഒരുകൂട്ടം ഗോത്രവർഗ സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. രാജ്യത്തെതന്നെ ഒരു തദ്ദേശീയ ജനവിഭാഗം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കുട ബ്രാൻഡായ ‘ആദി’ പത്താംക്ലാസുകാർക്ക് പാഠപുസ്തകത്തിലൂടെ പ്രചോദനമായി. ​പലപ്പോഴും വാർത്തകളിൽ കണ്ണീരും കഷ്ടപ്പാടും മാത്രമായി നിറഞ്ഞുനിന്നിരുന്ന ആറളം ഫാം പുനരധിവാസമേഖലയിൽനിന്നാണ് ഈ വിജയഗാഥ ഉയരുന്നത്. 2021-ൽ കുടുംബശ്രീയുടെ കീഴിൽ കേവലം 28 സ്ത്രീകളുമായി തുടങ്ങിയ ഈ യാത്ര ഇന്ന് ഏതാണ്ട്‌ 40 കുടുംബങ്ങളുടെ പട്ടിണിയകറ്റുന്ന വലിയൊരു സംരംഭമാണ്‌. തൊഴിലുറപ്പുപദ്ധതിയെയോ കൃഷിപ്പണികളെയോമാത്രം ആശ്രയിച്ചിരുന്ന ഇവിടത്തെ സ്ത്രീകൾക്ക്, ‘ആദി’ ഒരു പുത്തൻ വെളിച്ചമായിരുന്നു. ആറളത്തെ "നില', ‘ലോട്ടസ്’ എന്നീ രണ്ട് യൂണിറ്റുകളിലായി തുന്നിയെടുക്കുന്ന ഓരോ കുടയും അക്ഷരാർഥത്തിൽ അവരുടെ ആത്മവിശ്വാസത്തിന്റെ അടയാളമാണ്. തുടക്കത്തിൽ 5000 കുടകൾ ലക്ഷ്യമിട്ടിടത്ത്, ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ വർഷംതോറും ഉദ്ദേശം 10,000 കുടകൾ നിർമിക്കുന്ന നിലയിലേക്ക് വളർന്നു. ഇന്ന് 30 ലക്ഷം രൂപയുടെ വിറ്റുവരവുള്ള ഒരു വലിയ സംരംഭമാണിത്.

പത്താംക്ലാസിലെ ഇംഗ്ലീഷ് പാഠ്യപദ്ധതിയിലാണ് ഈ ‘ആദി’ മാതൃക ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമർ പഠിക്കുന്നതിനൊപ്പംതന്നെ, പ്രതിസന്ധികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ആറളത്തെ ഈ അമ്മമാരിൽനിന്ന്‌ കുട്ടികൾ പഠിക്കും. കുടകളിൽമാത്രം ഒതുങ്ങാൻ ഇവർ തയ്യാറല്ല. ആദി എന്ന ബ്രാൻഡിനുകീഴിൽ ബാഗുകൾ, റെയിൻ കോട്ടുകൾ, വസ്ത്രങ്ങൾ എന്നിവകൂടി നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. ​ആറളത്തെ മഴയത്തും വെയിലത്തും തളരാതെ നിന്ന ഈ സ്ത്രീകളുടെ പോരാട്ടം, കേരളത്തിലെ ഓരോ വിദ്യാർഥിക്കും സ്വപ്‌നം കാണാനുള്ള ധൈര്യമായി. ഇച്ഛാശക്തിയുടെ വിജയം സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസവും സിവിൽ സർവീസ് പോലുള്ള വലിയ ലക്ഷ്യങ്ങളും കൈപ്പിടിയിലൊതുക്കാൻ കുടുംബശ്രീയിലൂടെ സാധിച്ചു. പലിശക്കെണികളില്ലാതെ, ലളിതമായ വ്യവസ്ഥകളിലൂടെ ലഭ്യമാകുന്ന ഈ സാമ്പത്തികസഹായമാണ് തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രനെയും 2025ലെ സിവിൽ സർവീസ്‌ പരീക്ഷയിൽ സംസ്ഥാനത്ത്‌ ഒന്നാമതെത്തിയ ജെ എസ് ശ്രീജയെയുംപോലുള്ള പ്രതിഭകൾക്ക്‌ ഇന്ധനമായത്‌. "എന്നോടൊപ്പം ജില്ലാ കലക്ടറുടെ കാറിൽ കയറിയപ്പോൾ സങ്കടംകൊണ്ട്‌ അമ്മ ഒന്നും മിണ്ടിയില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് 20 വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നുകൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിച്ച്‌ വീട്ടിലെത്തുന്ന അമ്മയ്ക്ക്, ഞങ്ങൾക്ക്‌ ഉപദേശങ്ങൾ നൽകാനോ പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽനിന്നും സഹകരണ ബാങ്കിൽനിന്നും ലോണെടുത്ത്‌ പഠിപ്പിച്ചു’– തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റ ദിവസം ശിഖ സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ‍യാണ്‌.

തലസ്ഥാനത്തെ നരുവാമൂടെന്ന ഗ്രാമത്തിലെ പണിപൂർത്തിയാകാത്ത കൊച്ചുവീട്‌. ചെറിയ മുറിയുടെ ചുവരുകളിൽ ഒട്ടിച്ചുവച്ച ഒരു തുണ്ടുകടലാസിൽ അവളുടെ സ്വപ്നങ്ങളുണ്ടായിരുന്നു... ‘ശ്രീജ ജെ എസ്, ഐഎഫ്എസ്'. കുടുംബശ്രീയിൽനിന്നെടുത്ത പണവും കൂലിപ്പണിക്കാരനായ അച്ഛന്റെ ചെറിയ വരുമാനവുംകൊണ്ട്‌ അവൾ പഠിച്ചു. സിവിൽ സർവീസ്‌ പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 57–ാംറാങ്കും സംസ്ഥാനത്ത്‌ ഒന്നാമതുമെത്തി ജെ എസ്‌ ശ്രീജ തെരഞ്ഞെടുക്കപ്പെടുമ്പോൾ അത് ഒരു കുടുംബത്തിന്റെ മുഴുവൻ കണ്ണീരിനും വിയർപ്പിനുമൊപ്പം കുടുംബശ്രീയുടെകൂടി വിജയഗാഥയായി മാറി. ശിഖയും ശ്രീജയും കേവലം വ്യക്തിപരമായ വിജയങ്ങളല്ല, കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബശ്രീ അംഗങ്ങളുടെ ഇച്ഛാശക്തിയുടെയും കൂട്ടായ്മയുടെയുംകൂടി വിജയമാണ്. ഒരു കുടുംബത്തിന്റെ കണ്ണീരും വിയർപ്പും കുടുംബശ്രീയുടെ കരുതലും ഒത്തുചേരുമ്പോൾ പിറക്കുന്നത് ഇത്തരം വിപ്ലവാത്മകമായ മാറ്റങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home