വേദികള്‍ കീഴടക്കി ഉത്തര പറക്കണ്


അജിൻ ജി നാഥ്
Published on Nov 09, 2025, 03:04 AM | 3 min read
രണ്ടരമണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ നാടകത്തിൽ എട്ടുവയസ്സുകാരി സുപ്രധാന കഥാപാത്രമായെത്തുന്നു. തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ വിസ്‌മയംകൊള്ളിക്കുന്ന പൊന്നോമനയായി വേദികളിൽനിന്ന് വേദികളിലേക്ക് ഒരു ചിത്രശലഭമായി പാറിപ്പറക്കുന്നു. കേട്ടുമറന്ന നാടോടിക്കഥയായി തോന്നുന്നുവോ? എങ്കിൽ, മലയാള നാടകവേദിയുടെ ചരിത്രത്തെത്തന്നെ ത്രസിപ്പിക്കുന്ന അത്തരമൊരു താരോദയം കോഴിക്കോട് സങ്കീർത്തനയുടെ ‘കാലം പറക്കണ്’ നാടകം സൃഷ്‌ടിച്ചിരിക്കുന്നു. അരങ്ങിനെ വിസ്‌മയിപ്പിച്ച പ്രകടനവുമായി ഉത്തര കിരൺ എന്ന എട്ടുവയസ്സുകാരിയാണ് വിസ്‌മയതാരമായി തീർന്നത്.
ഒരുപക്ഷേ, ലോക തിയറ്റർ പ്രസ്ഥാനത്തിൽത്തന്നെ അപൂർവമായ ഒന്നാകാം ഇത്. ഇത്ര ചെറുപ്രായത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന അപൂർവതയാണ് ജാനിയെന്ന കഥാപാത്രം ഉത്തരയ്‌ക്ക് സമ്മാനിക്കുന്നത്.

അമച്വർ നാടകമെന്ന കളരി
തിരുവനന്തപുരം പേയാട് വിനായകയിൽ കിരണിന്റെയും ശ്രുതിയുടെയും മൂത്തമകളായ ഉത്തര, നാടക അരങ്ങിലെത്തുന്നത് ആദ്യമായല്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന കൃതിയെ ആസ്പദമാക്കി അതേപേരിൽ അരങ്ങിലെത്തിയ അമച്വർ നാടകത്തിൽ അഭിനയിച്ചതാണ് മുന്നനുഭവം. നാമമാത്ര സ്‌റ്റേജുകളിൽമാത്രമേ ആ നാടകമെത്തിയുള്ളൂവെങ്കിലും ‘കാലം പറക്കണ്’ നാടകത്തിലെ ജാനി എന്ന കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ച ജയലക്ഷ്‌മിക്കും നാടകത്തിൽ വേഷമുണ്ടായിരുന്നു.
ജാനിയിലേക്ക്
നാടകത്തിന് പറ്റിയ കുട്ടിയെ തിരക്കി നടന്ന സംവിധായകൻ രാജീവൻ മമ്മിളിക്കും നടനും സങ്കീർത്തനയുടെ ഉടമയുമായ സജി മൂരാടിനും പ്രൊഫഷണൽ നാടക നടികൂടിയായ ജയലക്ഷ്‌മിയാണ് ഉത്തരയെ പരിചയപ്പെടുത്തിയത്. എന്നാൽ, ഇത്ര ചെറിയ കുട്ടി രണ്ടരമണിക്കൂർ സ്‌റ്റേജിൽ നിൽക്കുമോ? സംഭാഷണങ്ങളും രംഗങ്ങളുമൊക്കെ ഓർത്തിരിക്കുമോ? അങ്ങനെ ഒത്തിരി ആശങ്കകളും സംശയങ്ങളും സജിക്കും രാജീവൻ മമ്മിളിക്കും ഉണ്ടായിരുന്നു. നന്നായി പഠിക്കുകകൂടി ചെയ്യുന്ന ഉത്തര സംഭാഷണങ്ങളൊക്കെ വേഗം പഠിച്ചു. ഉത്തരയുടെ അഭിനയവും സംഭാഷണം തെറ്റാതെ പറയാനുള്ള കഴിവും ബോധ്യമായതോടെ അവർ ഉറപ്പിച്ചു, ബേബി ഉത്തരതന്നെ തങ്ങളുടെ ജാനിയെന്ന്. ആദ്യ സ്‌റ്റേജിൽത്തന്നെ രണ്ടരമണിക്കൂർ ഒരക്ഷരം തെറ്റാതെ സംഭാഷണങ്ങൾ പറഞ്ഞ കൊച്ചുമിടുക്കിയെ ആസ്വാദകർ ഏറ്റെടുത്തതോടെ ആശങ്കകൾ അഭിമാനത്തിന് വഴിയൊരുക്കി.

വെർച്വൽ ഓട്ടിസവും ജാനിയും
സമകാലത്ത് വളരെ സാമൂഹ്യപ്രസക്തമായ ഒരു വിഷയമാണ് ‘കാലം പറക്കണ്’ നാടകം കൈകാര്യം ചെയ്യുന്നത്. കോർപറേറ്റ് ലോകത്തെ തിരക്കുകളിൽ മുഴുകി സ്വയം മറക്കുന്ന അച്ഛനും അമ്മയുമാണ് ജാനിയെന്ന മൂന്നാംക്ലാസുകാരിക്കുള്ളത്. സ്വയം മറക്കുന്ന അവർക്ക് കുഞ്ഞിനെ നോക്കാനോ അവൾക്കൊപ്പം കളിക്കാനോ അവൾക്ക് പറയാനുള്ളത് കേൾക്കാനോ സംസാരിക്കാനോപോലും സമയമില്ല. കൾച്ചറൽ സ്റ്റാറ്റസ് ഇടിയുമെന്ന് പേടിച്ച് കുഞ്ഞിനെ മുത്തച്ഛനിൽനിന്നും പച്ചയായ ജീവിതം നയിക്കുന്ന മുത്തശ്ശിയിൽനിന്നും അമ്മാവന്മാരിൽനിന്നും അകറ്റുന്നു. മാതാപിതാക്കൾ ലഹരി ഉപയോഗിച്ചതിലൂടെ ജനിതകരോഗവുംകൂടി ലഭിച്ച ജാനി ഒറ്റപ്പെടുന്നു. പിന്നെ കുഞ്ഞിനുള്ള ആകെ ആശ്രയം ഡിജിറ്റൽ ഡിവൈസുകൾ.
അതവളുടെ വിദ്യാഭ്യാസത്തെയും ജീവിതശൈലിയെയും ബാധിക്കുന്നു. ക്രമേണ അവൾ വെർച്വൽ ഓട്ടിസത്തിലേക്ക് വഴുതിവീഴുന്നു. ഇൗ കുഞ്ഞിനെ തിരിച്ചറിയുന്ന, അവളോട് സംസാരിക്കാൻ തയ്യാറായ അധ്യാപകനാണ് കുഞ്ഞിനെ മണ്ണിൽ ചവിട്ടിനിൽക്കാൻ പ്രാപ്‌തയാക്കുന്നത്. ഡിജിറ്റൽ ലോകം അറിവിന്റെ മഹാവിസ്‌മയംമാത്രമല്ല വിരൽത്തുമ്പിലെത്തിക്കുന്നതെന്നും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും മനസ്സിനെയും സ്വഭാവത്തെയുംകൂടി ദോഷമായി ബാധിക്കുമെന്ന സന്ദേശമാണ് ‘കാലം പറക്കണ്’ മുന്നോട്ടുവയ്‌ക്കുന്നത്. ഇത്രമാത്രം ഗൗരവമാർന്ന ഒരു വിഷയം കൈകാര്യം ചെയ്യേണ്ട കഥാപാത്രത്തെയാണ് ഉത്തര കൈപ്പിടിയിലൊതുക്കിയത് എന്നറിയുമ്പോഴാണ് ഇൗ കുഞ്ഞുപ്രതിഭയുടെ അസാമാന്യ കഴിവിനെ നാം തൊട്ടറിയുന്നത്.

ഉത്തരയാണ് താരം
‘കാലം പറക്കണ്’ നാടകം കണ്ടവരെല്ലാം ഒരേസ്വരത്തിൽ പറയുന്നു ഉത്തരയാണ് താരം. രണ്ടരമണിക്കൂർ നാടകം അതീവ ഗൗരവമാർന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും നമ്മളെ ഇൗ സമയമത്രയും കൈപിടിച്ച് നടത്തുന്നത് ഇൗ പെൺകുഞ്ഞാണ്. ഇരുപതിലേറെ വേദികൾ പിന്നിട്ട നാടകത്തിലെ പ്രകടനത്തിന് നിരവധി അംഗീകാരങ്ങളും ഉത്തരയെ തേടിയെത്തി. കെസിബിസി നാടകമത്സരത്തിലെ സ്‌പെഷ്യൽ ജൂറി പരാമർശം, തൃശൂർ ടാസ് നാടകമത്സരത്തിലെ പുരസ്‌കാരം, വടക്കൻ പറവൂർ ഇ എം എസ് സാംസ്‌കാരിക പ-ഠനകേന്ദ്രത്തിന്റെ അഖിലകേരള പ്രൊഫഷണൽ നാടകമത്സരത്തിലെ മികച്ച ബാലതാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഉത്തരയെ തേടിയെത്തി.
നാടകത്തിൽ അഭിനയിക്കാനും തുള്ളിച്ചാടി നടക്കാനും യാത്രപോകാനുമൊക്കെ തനിക്ക് ഒത്തിരി ഇഷ്‌ടമാണെന്നാണ് ഉത്തരയ്‌ക്ക് പറയാനുള്ളത്. നാടകത്തിലെ സെറ്റ് വർക്കറായി അച്ഛൻ കിരണും ബന്ധുവും നടിയുമായ ജയലക്ഷ്‌മിയും ഒപ്പമുള്ളതിനാൽ എവിടെ പോകാനും ഡബിൾ ഓകെ എന്നാണ് ഉത്തര പറയുന്നത്. പേയാട് ഗവ. എൽപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് ഉത്തര. പെയിന്ററായ അച്ഛൻ കിരണും നഴ്‌സായ അമ്മ ശ്രുതിയും അനിയത്തി വൈദേഹിയും ഉൾപ്പെടുന്ന കുടുംബം എല്ലാ പിന്തുണയുമായി ഉത്തരയ്‌ക്കൊപ്പമുണ്ട്. മകൾ സിനിമയിൽ അഭിനയിക്കണമെന്ന മോഹംകൂടി മാതാപിതാക്കൾക്കുണ്ട്. മലയാള നാടകവേദിയിൽ പുതുചരിത്രം സൃഷ്‌ടിച്ച്, കാണുന്നവരുടെയെല്ലാം മിഴിയും മനവും കവർന്നുകൊണ്ട് കേരളമാകെ പറക്കുകയാണ് ഉത്തര.









0 comments