മാസ്റ്റർപ്ലാനിന് തുടക്കമിട്ടുവെന്ന് ദേവസ്വം ബോർഡ്
ചോറ്റാനിക്കര ക്ഷേത്ര നവീകരണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി
ചോറ്റാനിക്കര ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വസംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി പരിശോധിച്ച ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വംബെഞ്ചാണ് ഉത്തരവായത്. നിലവിലെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി.
ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് തുടക്കമിട്ടതായി ദേവസ്വം ബോർഡ് അറിയിച്ചു. പൈതൃക സംരക്ഷണം, തീർഥാടക സൗകര്യങ്ങൾ, ഗതാഗത-നടപ്പാത ക്രമീകരണം, ശുചിത്വം, ശാസ്ത്രീയ മാലിന്യസംസ്കരണം, പരിസ്ഥിതിസംരക്ഷണം എന്നിവ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തും. പൂരപ്പറമ്പിൽ 45,000 ചതുരശ്രയടി വിസ്തൃതിയിൽ ഇന്റർലോക്ക് ടൈൽ പാകുന്നതിനും ഡ്രെയിനേജ് സംവിധാനമൊരുക്കുന്നതിനും ഒരുകോടി രൂപയുടെ നിർമാണക്കരാർ നൽകിയതായും അറിയിച്ചു. മാലിന്യസംസ്കരണ പ്ലാന്റിന് സംരക്ഷണഭിത്തി നിർമിക്കാൻ 36.90 ലക്ഷം രൂപയുടെ കരാറും നൽകി. ശാസ്താക്ഷേത്രത്തിന് സമീപത്തെ ഇന്റർലോക്ക് ടൈൽ, ചുറ്റുമതിൽ പ്ലാസ്റ്ററിങ്, കീഴ്‌ക്കാവ് ക്ഷേത്രത്തിലെ ഗുരുതി ഡ്രെയിൻ തുടങ്ങിയവ പൂർത്തിയായിട്ടുണ്ട്.
കീഴ്‌ക്കാവ് ക്ഷേത്രത്തിലെ ശുചിമുറി ബ്ലോക്ക് നവീകരണത്തിനും പടിഞ്ഞാറെ നടപ്പന്തലിലെയും കീഴ്‌ക്കാവ് നടപ്പന്തലിലെയും പഴയ ആസ്ബസ്‌റ്റോസ് മേൽക്കൂര മാറ്റി ജിഐ ഷീറ്റ് സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചതായും അറിയിച്ചു.










0 comments